- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെയ് എട്ടിന് വന്നത് ഒമ്പതു പേർ; വള്ളക്കടവ് വരെ ജീപ്പിൽ; അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ; കാടുകയറിയത് മണിയാട്ടിൽ പാലത്തിൽ നിന്ന്; വനംവകുപ്പിന് പിന്നാലെ പൊന്നമ്പലമേട്ടിലെ പൂജക്കാർക്ക് എതിരേ മൂഴിയാർ പൊലീസും കേസ് രജിസ്റ്റർ ചെയ്തു; അറസ്റ്റിലായ രണ്ടു പേരെ കോടതിയിൽ ഹാജരാക്കും
പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ ഒമ്പതംഗസംഘം അതിക്രമിച്ച് കയറി പൂജ ചെയ്തത് മെയ് എട്ടിന്. വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് പിടിയിലായ വനം വികസന കോർപ്പറേഷൻ ജീവനക്കാരാണ് ഇതു സംബന്ധിച്ച് മൊഴി നൽകിയത്. വനംവികസന കോർപ്പറേഷനിലെ സൂപ്പർ വൈസർ രാജേന്ദ്രൻ, തൊഴിലാളി സാബു എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. റാന്നി മജിസ്ട്രേറ്റ് അവധി ആയതിനാൽ പത്തനംതിട്ട കോടതിയിലാകും പ്രതികളെ ഹാജരാക്കുക.
അതിനിടെ പ്രതികൾക്കെതിരേ തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറുടെ പരാതിയിൽ മൂഴിയാർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചൊവ്വാഴ്ച രാത്രി ഇമെയിൽ മുഖാന്തിരം ലഭിച്ച പരാതി പ്രകാരമാണ് കേസെടുത്തത്. ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പൊന്നമ്പലമേട്ടിൽ കടന്നു കയറി ശബരിമല ക്ഷേത്രത്തിന്റെ പരിപാവനത കളങ്കപ്പെടുത്തുകയും അയ്യപ്പഭക്തരെ അവഹോളിക്കുകയും ചെയ്തുവെന്നും ആചാര വിരുദ്ധമായി പൂജ നടത്തിയെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. 295, 295 എ, 447,34 എന്നീ വകുപ്പുകളിട്ടാണ് എഫ്ഐആർ. പ്രതികളെ കുറിച്ച് സൂചനയില്ല.
ഒമ്പത് പ്രതികളിൽ അഞ്ചു പേർ തമിഴ്‌നാട് സ്വദേശികളാണ്. പുജ നടത്തിയ കീഴ്ശാന്തി നാരായണ സ്വാമി തൃശൂർ സ്വദേശിയാണ്. ഇവർക്ക് പുറമേ കുമളി സ്വദേശിയും ഇപ്പോൾ അറസ്റ്റിലായ രണ്ടു പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. വള്ളക്കടവ് വരെ ജീപ്പിൽ വന്നു. തുടർന്ന് കുമളി-ഗവി-പത്തനംതിട്ട കെഎസ്ആർടിസി ബസിൽ സഞ്ചരിച്ച് മണിയാട്ടി പാലത്തിന് സമീപം ഇറങ്ങി ഇവിടെ നിന്ന് വനത്തിലൂടെ പൊന്നമ്പലമേട്ടിൽ എത്തുകയായിരുന്നു. വഴി കാട്ടിയായി പ്രവർത്തിച്ചവരാണ് രാജേന്ദ്രനും സാബുവും. ഇവർക്ക് പണവും പാരിതോഷികവും ലഭിച്ചു.
തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നാരായണൻ
പൊന്നമ്പലമേട്ടിലെ പൂജ വിവാദത്തിൽ വിശദീകരണവുമായി നാരായണൻ രംഗത്ത്. പൂജ ചെയ്യാൻ പൊന്നമ്പലമേട്ടിൽ പോയി. പോകുന്ന സ്ഥലങ്ങളിൽ എല്ലാം പൂജ ചെയ്യാറുണ്ട്. അയ്യപ്പന്റെ അനുഗ്രഹം കിട്ടിയതുകൊണ്ടാണ് പൊന്നമ്പലമേട്ടിൽ പൂജ ചെയ്യാൻ കഴിഞ്ഞത് . തെറ്റൊന്നും ചെയ്തിട്ടില്ല. അയ്യപ്പന് വേണ്ടി മരിക്കാനും തയ്യാറാണ്. പൂജ ചെയ്തതിന്റെ പേരിൽ കേസെടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വനംവകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കുന്ന തറയിലിരുന്നാണ് നാരായണൻ പൂജ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൂജ നടന്ന കാര്യം പുറത്തറിയുന്നത്. ദേവസ്വം ബോർഡിന്റെയടക്കം ഉന്നത ഉദ്യോഗസ്ഥരുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ വീഡിയോ എത്തുകയായിരുന്നു. എന്നാൽ എപ്പോഴാണ് വീഡിയോ പകർത്തിയതെന്നോ ആരാണ് ചിത്രീകരിച്ചതെന്നോ വിവരമില്ല. സംരക്ഷിത വനമേഖലയിൽ നിയമവിരുദ്ധമായി അതിക്രമിച്ചു കയറിയാൽ വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 51 അനുസരിച്ച് 3 വർഷം വരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
നാരായണൻ മുൻപ് പല തരത്തിലുള്ള ക്രമക്കേടുകൾ നടത്തിയിട്ടുള്ളതായി ദേവസ്വം ബോർഡ് വൃത്തങ്ങൾ പറയുന്നു. മുൻപ് തന്ത്രി എന്ന ബോർഡ് വച്ച കാറിൽ സഞ്ചരിച്ചതിന് പൊലീസ് ഇയാളെ പിടികൂടിയിരുന്നു. കീഴ്ശാന്തിയുടെ സഹായിയായി നിന്ന സമയത്ത് പൂജയ്ക്ക് എത്തുന്നവർക്ക് വ്യാജ രസീതുകൾ നൽകി എന്നതുൾപ്പെടെയുള്ള പരാതികളും നാരായണനെതിരായുണ്ട്.
മകരവിളക്ക് തെളിക്കുന്ന സ്ഥലമായ പൊന്നമ്പലമേട്, ശബരിമല സന്നിധാനത്തിന്റെ മൂലസ്ഥാനം എന്നാണ് അയ്യപ്പ ഭക്തർ വിശ്വസിക്കുന്നത്. റാന്നി ഫോറസ്റ്റ് ഡിവിഷനു കീഴിലാണ് പൊന്നമ്പലമേട്. ശബരിമല ക്ഷേത്രവുമായി ബന്ധമുള്ള അതീവ സുരക്ഷാ മേഖലയാണിത്. വനംവകുപ്പിനാണ് സുരക്ഷാ ചുമതല.
ഇവിടെ സ്ഥിതി ചെയ്യുന്ന കെഎസ്ഇബി ഓഫിസിലേക്ക് സുരക്ഷാ പരിശോധനകൾക്കു ശേഷമാണ് ആളെ കടത്തി വിടുന്നത്. മൊബൈലോ ക്യാമറകളോ അനുവദിക്കില്ല. പൊന്നമ്പല മേട്ടിൽ നിന്നാൽ ശബരിമല ക്ഷേത്രം കാണാനാകും. വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പ്രദേശം. വനം വകുപ്പും പൊലീസും അറിയാതെ പൊന്നമ്പലമേട്ടിലേക്ക് ആർക്കും പ്രവേശിക്കാൻ ആകില്ല.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്