- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പരീക്ഷ എഴുതി; പൂജ ഖേദ്കറുടെ ഐഎഎസ് റദ്ദാക്കിയതിന് പിന്നാലെ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പരീക്ഷ എഴുതിയ പ്രൊബേഷനിലുള്ള വിവാദ ഉദ്യോഗസ്ഥ പൂജ ഖേദ്കറുടെ ഐ.എ.എസ് യൂനിയന്‍ പബ്ലിക് സര്‍വിസ് കമീഷന്‍ (യു.പി.എസ്.സി) റദ്ദാക്കിയതിനു പിന്നാലെ സര്‍വിസില്‍ തുടരുന്ന ആറോളം സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍. ഇവര്‍ ഹാജരാക്കിയ വികലാംഗ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് യു.പി.എസ്.സി അധികൃതര്‍ അറിയിച്ചു.
ഇവരില്‍ അഞ്ചു പേര്‍ ഐ.എ.എസുകാരും ഒരാള്‍ ഐ.ആര്‍.എസ് തസ്തികയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനുമാണ്. ഐ.എ.എസ് റദ്ദാക്കിയതിനു പിന്നാലെ ഇനിയുള്ള എല്ലാ പരീക്ഷകളില്‍ നിന്നും പൂജ ഖേദ്കറെ വിലക്കിയിട്ടുണ്ട്. അതിനിടെ, 2009 മുതല്‍ 2023 വരെ ശുപാര്‍ശ ചെയ്ത 15,000ത്തിലധികം ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ സമഗ്രമായി പരിശോധിച്ചിട്ടുണ്ടെന്നും പൂജ ഖേദ്കറെ മാത്രമാണ് പരീക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് കുറ്റക്കാരിയായി കണ്ടെത്തിയതെന്നും യു.പി.എസ്.സി അറിയിച്ചു.
വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കേസിലെ പ്രതിയായ പൂജ ഖേദ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച ഡല്‍ഹി കോടതി തള്ളി. ഒ.ബി.സി ക്വാട്ടയില്‍ അനുവദനീയമായ പ്രായപരിധിക്കപ്പുറം ആനുകൂല്യങ്ങള്‍ നേടിയവരെയും അനര്‍ഹമായി വൈകല്യ ആനുകൂല്യം ലഭിച്ച ഉദ്യോഗാര്‍ത്ഥികളെയും കണ്ടെത്താന്‍ ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കിയതായും കോടതി പറഞ്ഞു.
കേന്ദ്ര പഴ്സനല്‍ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മിഷന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് പരിശോധന. പൂജ ഖേദ്കര്‍ക്ക് യുപിഎസ്‌സി പരീക്ഷകള്‍ എഴുതുന്നതില്‍നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഐഎഎസ് ലഭിക്കുന്നതിനായി പൂജ, ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള്‍ എന്നിവ ദുരുപയോഗം ചെയ്തതായി കമ്മിഷന്‍ കണ്ടെത്തി നടപടിക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.
പൂണെയിലെ സബ് കലക്ടറായിരുന്ന പൂജയുടെ അധികാര ദുര്‍വിനിയോഗം വാര്‍ത്തയായതിനെ തുടര്‍ന്നാണ് തട്ടിപ്പുകള്‍ പുറത്തായത്. തുടര്‍ന്ന് ഇവരെ സ്ഥലം മാറ്റി. പിന്നാലെ ഇവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയെക്കുറിച്ച് സംശയങ്ങളുയര്‍ന്നു. മസൂറിയിലെ ലാല്‍ ബഹാദുര്‍ ശാസ്ത്രി നാഷനല്‍ അക്കാദമി ഒഫ് അഡ്മിനിസ്‌ട്രേഷന്‍ പൂജയെ തിരിച്ചുവിളിച്ചു. യുപിഎസ്‌സി പരീക്ഷയില്‍ 841-ാം റാങ്കാണ് ഇവര്‍ക്ക് ലഭിച്ചത്. അഹമ്മദ്നഗര്‍ സ്വദേശിയായ പൂജ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.
യുപിഎസ്‌സി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയെങ്കിലും മറുപടി നല്‍കാനുള്ള തീയതിയായ ജൂലൈ 30നും പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. പൂജ ഖേദ്കര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍, 2009-2023 കാലയളവില്‍ ഐഎഎസ് സ്‌ക്രീനിങ് പ്രക്രിയ പൂര്‍ത്തിയാക്കിയ 15,000ത്തിലധികം ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ പരിശോധിച്ചതായി പാനല്‍ അറിയിച്ചു.