കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ ഹോസ്റ്റലിൽ അലിഖിത നിയമമുണ്ടെന്ന് പൊലീസ്. ഇത് അനുസരിച്ചാണ് സിദ്ധാർത്ഥനെ വിളിച്ചു വരുത്തിയതും ആൾക്കൂട്ട വിചാരണ നടത്തിയതും. ആൾക്കൂട്ട വിചാരണയ്ക്ക് ശേഷം ശിക്ഷയും വിധിച്ചു. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. തീവ്രവാദ സംഘടനകളിൽ നിലവിലുള്ളതാണ് ആൾക്കൂട്ട വിചാരണയും ശിക്ഷ വിധിക്കലും. ഇതാണ് റിമാൻഡ് റിപ്പോർട്ടിൽ പൊലീസും സ്ഥിരീകരിക്കുന്നത്. ഇതോടെ അലിഖിത നിയമത്തിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി.

പരാതി ഒത്തുതീർക്കാനാണ് ഡാനിഷ് എന്ന ആൾ സിദ്ധാർത്ഥിനെ വിളിച്ചു വരുത്തിയത്. നാട്ടിലേക്ക് മടങ്ങിയതായിരുന്നു സിദ്ധാർത്ഥ്. ഡാനിഷിന്റെ വാക്കു കേട്ട് എത്തിയ സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണ നടത്തി. അതിന് ശേഷം ശിക്ഷ വിധിച്ചു. അതിക്രൂരമായ മർദ്ദനവും തടവിൽ പാർപ്പിക്കലും ഉണ്ടായി. ഇതെല്ലാം പൂക്കോട്ടെ ഹോസ്റ്റലിലെ അലിഖിത നിയമത്തിൽ നടത്തിയ വിചാരണയുടെ ബാക്കി പത്രമായിരുന്നു. അങ്ങനെ ഗുരുതര ആരോപണങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഇതിനെ ഗൗരവത്തോടെ കേന്ദ്ര ഏജൻസികളും കാണുന്നു. പെൺകുട്ടിയുടെ പരാതി ഒത്തു തീർക്കാനാണ് വിളിച്ചു വരുത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മലബാറിലെ പല കോളേജുകളിലും അലിഖിത നിയമങ്ങളും ഇടിമുറികളും സജീവമാണ്. ഈ സാഹചര്യത്തിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിനെ ഗൗരവത്തോടെ കേന്ദ്ര ഐബിയും കാണുന്നുണ്ട്.

സിദ്ധാർത്ഥിനെതിരെ ഒരു പരാതിയുണ്ടായിരുന്നു. ആരോപണം പൊലീസിൽ പരാതിയായി പോയാൽ പ്രശ്‌നമാകും. അതുകൊണ്ട് ഹോസ്റ്റലിൽ അലിഖിത നിമയം അനുസരിച്ച് തീർക്കാം എന്നാണ് അറിയിച്ചത്. അതിന് ശേഷം വിചാരണയും മർദ്ദനവും. അർദ്ധ നഗ്നനാക്കിയായിരുന്നു അപമാനവും മർദ്ദനവും. ബെൽറ്റ് കൊണ്ടും അടിച്ചു. പൊതു മധ്യത്തിൽ പരസ്യ വിചാരണ നടത്തുന്ന അലിഖിത നിയമ പ്രകാരം കേബിൾ വയറും ബെൽറ്റുമെല്ലാം ആയുധമാക്കി. അതുകൊണ്ട് തന്നെ പ്രതികൾക്ക് ജാമ്യം നൽകരുത്. അവർ സാക്ഷികളെ സ്വാധീനിക്കും. അങ്ങനെ പോകുന്നു റിപ്പോർട്ട്. ഈ സാഹചര്യമാണ് കേന്ദ്ര ഏജൻസികളും പരിശോധിക്കുന്നത്. വിഷയത്തിൽ കേന്ദ്ര ഏജൻസികളുടെ നേരിട്ടുള്ള അന്വേഷണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ട് നിർണ്ണായകമാകും. തീവ്രവാദ സംഘടനകൾ ഈ കോളേജിൽ സ്വാധീനം ഉറപ്പിച്ചോ എന്നാണ് പരിശോധിക്കുന്നത്.

സിദ്ധാർഥനെ സഹപാഠികൾ ക്രൂരമായി മർദിച്ചെന്ന് സുഹൃത്തിന്റെ ഓഡിയോസന്ദേശവും പുറത്തു വന്നിട്ടുണ്ട്. സിദ്ധാർഥനെ തല്ലിക്കൊന്നതാണെന്നും മൃഗീയമായാണ് തല്ലിയതെന്നും ഓഡിയോയിൽ പറയുന്നു. മരണത്തിൽ സിദ്ധാർഥന്റെ ബാച്ചിലുള്ളവർക്കും പങ്കുണ്ടെന്നും ഓഡിയോയിൽ ആരോപിക്കുന്നു. സിദ്ധാർഥന്റെ അമ്മാവനായ ഷിബുവിനെ സഹപാഠിയായ കുട്ടി അറിയിച്ച കാര്യമാണ് ഓഡിയോയിലുള്ളത്. ഇത് കുടുംബം പൊലീസിന് കൈമാറി. മൃഗീയമായി, പട്ടിയെ തല്ലുന്നതുപോലെ അവനെ അവർ തല്ലിയിട്ടുണ്ട്. എല്ലാരും കാണെ, ഹോസ്റ്റലിന്റെ നടുവിൽവെച്ച്, വരുന്നവരും പോവുന്നവരും അവനെ വയറുകൊണ്ടും ബെൽറ്റുകൊണ്ടുമാണ് തല്ലിയത്. മൃഗീയമായി തല്ലിയിട്ടുണ്ട്. ഒരിക്കലും അങ്ങനെ ചെയ്യില്ല, അവനെ തല്ലിക്കൊന്നതുതന്നെയാണ്. അവന്റെ ബാച്ചിലുള്ളവർക്കും ഇതിൽ പങ്കുണ്ട്. ഒരാളപ്പോലും വെറുതേവിടരുത്. കൊന്നതാ. അവർ പുറത്ത് നല്ലവരായി അഭിനയിച്ച്, കഴുകന്മാരേക്കാളും മോശമായ ആളുകളാണ്-ഇതാണ് സന്ദേശം.

ഈ ഓഡിയോ സന്ദേശം ശരിയാണെന്ന തരത്തിലാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടും. പൂക്കോട് ക്യാമ്പസിൽ എന്തു നടക്കണമെന്നത് ഒരുകൂട്ടം വിദ്യാർത്ഥികളാണു തീരുമാനിക്കുന്നതെന്ന് അദ്ധ്യാപകരും പറയുന്നു. അദ്ധ്യാപകരും അധികൃതരും നിസ്സഹായർ. ഭൂരിപക്ഷം പേർക്കും പാർട്ടിയോടുള്ള വിധേയത്വം കുട്ടികളോടുള്ള നിലപാടിലും പ്രതിഫലിക്കും. മറ്റുള്ളവർക്കു ഭയമോ കരിയറിൽ ഉയർച്ചയുണ്ടാകില്ലെന്ന ആശങ്കയോ ആണ്. അതിനാൽ ഒരു കൂട്ടം വിദ്യാർത്ഥികളുടെ തേർവാഴ്ചയാണ് ഈ ക്യാംപസ്. വാസ്തവത്തിൽ സിദ്ധാർഥന് ക്രൂരപീഡനമേൽക്കുന്ന ദിവസം ക്യാംപസിൽ സ്ഥാനക്കയറ്റത്തെക്കുറിച്ചുള്ള ചർച്ചയായിരുന്നു ചില അദ്ധ്യാപകർക്കിടയിൽ. സ്ഥാനക്കയറ്റം തീരുമാനിക്കുന്ന ദിവസങ്ങളിൽ വിമതസ്വരം ഉയർത്തുന്നതു കരിയറിനെ ബാധിക്കുമെന്നതിനാൽ ചിലതെല്ലാം അവർ കണ്ടില്ലെന്നു നടിച്ചു കാണുമെന്ന് പറയുന്ന അഭിപ്രായങ്ങളും മാധ്യമങ്ങളിൽ എത്തി കഴിഞ്ഞു.

കേസിൽ എല്ലാ പ്രതികളും പിടിയിലായി. ആൾക്കൂട്ട വിചാരണയുടെ ആസൂത്രകനായ കൊല്ലം സ്വദേശി സിൻജോ ജോൺസൺ അടക്കമുള്ള പ്രതികളെയാണ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി. സിൻജോയ്ക്ക് പുറമേ പത്തനംതിട്ട അടൂർ സ്വദേശി ജെ.അജയ് (24), കൊല്ലം പരവൂർ സ്വദേശി എ.അൽത്താഫ് (21,) കൊല്ലം കിഴക്കുംഭാഗം സ്വദേശി ആർ.എസ്. കാശിനാഥൻ (25,) മുഹമ്മദ് ഡാനിഷ്, ആദിത്യൻ തുടങ്ങിയവരാണ് ശനിയാഴ്ച പൊലീസിന്റെ പിടിയിലായത്. സിൻജോയെ കല്പറ്റയിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങാൻ വരുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ബെംഗളൂരുവിൽ വിവിധ സ്ഥലങ്ങളിലായി മാറിമാറി ഒളിവിൽ കഴിയുകയായിരുന്ന അജയിനെ ബത്തേരി ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സാഹസികമായി പിടികൂടിയത്. കൊല്ലത്ത് വിവിധയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരവേ ബന്ധുവീട്ടിൽ നിന്നാണ് പടിഞ്ഞാറത്തറ ഇൻസ്പെക്ടർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അൽത്താഫിനെ കസ്റ്റഡിയിലെടുക്കുന്നത്. പൊലീസ് സമ്മർദ്ദം ശക്തമായതിനെ തുടർന്ന് കാശിനാഥൻ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ കീഴടങ്ങുകയായിരുന്നു. വയനാട് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ കൽപ്പറ്റ ഡിവൈ.എസ്‌പി ടി.എൻ. സജീവിനാണ് കേസിന്റെ അന്വേഷണ ചുമതല.

കേസിൽ ഉൾപ്പെട്ട എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, കോളേജ് യൂണിയൻ പ്രസിഡന്റ് അരുൺ തുടങ്ങിയവർ കഴിഞ്ഞദിവസം പൊലീസിൽ കീഴടങ്ങിയിരുന്നു.