- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രധാന ഗൂഡാലോചക ആ വ്യാജ പരാതിക്കാരിയോ? പൂക്കോട് അന്വേഷണ അട്ടിമറി
കൽപറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ.എസ്.സിദ്ധാർഥനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന ബന്ധുക്കളുടെ ആരോപണത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തും. മരിച്ച ശേഷം സിദ്ധാർത്ഥനെതിരെ പരാതി നൽകിയ പെൺകുട്ടിക്കെതിരേയും അന്വേഷണം നടത്തിയേക്കും. കേസിൽ പെൺകുട്ടിയേയും പ്രതിയാക്കേണ്ടി വരും. കേസിലെ ഗൂഢാലോചനയിൽ പെൺകുട്ടിയുടെ പങ്ക് പ്രഥമ ദൃഷ്ട്യാ വ്യക്തമാണ്. ഈ പെൺകുട്ടിയുടെ പരാതിയിലാണ് സിദ്ധാർത്ഥനെ ആൾക്കൂട്ട വിചാരണ നടത്തിയത്. സിദ്ധാർത്ഥൻ മരിക്കും ഈ കുട്ടി മറ്റാർക്കും പരാതി നൽകിയിട്ടുമില്ല. അതായത് സിദ്ധാർത്ഥനോട് പകയുള്ള പെൺകുട്ടി ക്വട്ടേഷൻ കൊടുത്ത് സിദ്ധാർത്ഥനെ വകവരുത്തിയെന്നാണ് ഇതിൽ തെളിയുന്നത്.
പ്രണയദിനത്തിൽ പെൺകുട്ടിക്ക് സിദ്ധാർത്ഥിൽ നിന്നും അപമര്യാധ നേരിടേണ്ടി വന്നുവെന്നാണ് ആക്ഷേപം. അങ്ങനെ വന്നാൽ പരാതി കോളേജിലോ പൊലീസിലോ നൽകണമായിരുന്നു. അതുണ്ടായില്ല. മറിച്ച് വീട്ടിലേക്ക് മടങ്ങിയ സിദ്ധാർത്ഥനെ എസ് എഫ് ഐ നേതാക്കളെ കൊണ്ട് തിരികെ വിളിച്ചു വരുത്തി. അതിന് ശേഷം ആൾക്കൂട്ട വിചാരണ. ഒടുവിൽ കൊലയും. അതുകൊണ്ട് തന്നെ ഗൂഢാലോചനയിൽ പെൺകുട്ടിയുടെ പങ്ക് വ്യക്തം. ആൾക്കൂട്ട വിചാരണയിലും ഈ പെൺകുട്ടി ഉണ്ടായിരുന്നുവെങ്കിൽ കുറ്റകൃത്യത്തിന്റെ സ്വഭാവം മാറും. അതിനിടെ കൊലപാതകസാധ്യതയുടെ ചുരുളഴിക്കാൻ കൂടുതൽ സമയം വേണമെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. സിദ്ധാർഥൻ ആത്മഹത്യ ചെയ്യില്ലെന്നും മൃതദേഹത്തിലെ പരുക്കുകൾ അതിനു തെളിവാണെന്നും മാതാപിതാക്കൾ പറയുന്നു. പെൺകുട്ടിയേയും കേസിൽ പ്രതിയാക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നുണ്ട്.
കൊലപാതകമെന്ന് സംശയിക്കാൻ നിരവധി കാരണങ്ങളുമുണ്ട്. പൊലീസ് എത്തുംമുൻപുതന്നെ പ്രതികളുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ സിദ്ധാർഥന്റെ മൃതദേഹം അഴിച്ചെടുത്തു. മൃതദേഹം വാഹനത്തിൽ കയറ്റാൻ മുന്നിൽനിന്നതു പ്രതികളിൽ ചിലർതന്നെയായിരുന്നു. കൃത്യം നടന്ന ഹോസ്റ്റലിലും സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറിയിലുമെല്ലാം പൊലീസ് എത്തുംമുൻപ് പ്രതികളുൾപ്പെടെ കയറിയിറങ്ങിയതിനാൽ തെളിവു നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. ക്രൂരമർദനത്തിനിരയാകുകയും ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തയാൾ ശുചിമുറിയിലെ വെന്റിലേറ്ററിൽ തൂങ്ങിമരിക്കുമോ എന്നു സംശയം. സിദ്ധാർത്ഥൻ എസ് എഫ് ഐ നേതാക്കളുടെ തടവറയിലായിരുന്നു. അറസ്റ്റിലായ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാൽ അത്മഹത്യയാണെന്ന് അവർ ആവർത്തിക്കുന്നു. ഇതിനിടെയിലും പെൺകുട്ടിയിലേക്ക് അന്വേഷണം പോകുന്നില്ല. ഇതിന് പിന്നിൽ ഉന്നതതല അട്ടിമറിയുണ്ടെന്നാണ് വിലയിരുത്തൽ.
മുഖ്യപ്രതി സിൻജോ ജോൺസനുമായി അന്വേഷണസംഘം ഹോസ്റ്റലിൽ തെളിവെടുപ്പു നടത്തി. സിദ്ധാർഥനെ മർദിക്കാനുപയോഗിച്ച ഇലക്ട്രിക് കേബിളുകളും ഗ്ലു ഗണ്ണും (പശ ഒട്ടിക്കുന്നതിനുള്ള ചെറുയന്ത്രം) പൊലീസ് സിൻജോയുടെ മുറിയിൽനിന്നു കണ്ടെടുത്തു. മരണത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ കൂടുതൽ വിദ്യാർത്ഥികളെ പൊലീസ് ചോദ്യം ചെയ്യുന്നു. നിലവിൽ കസ്റ്റഡിയിലുള്ളവരുടെ മൊഴിയും കണക്കിലെടുക്കും. ഇതിനുശേഷമേ കൂടുതൽ പ്രതികളുണ്ടോയെന്നു വ്യക്തമാകുകയുള്ളൂ. കോളജ് അധികൃതർ 3 വർഷത്തെ പഠനവിലക്ക് ഏർപ്പെടുത്തിയ 19 വിദ്യാർത്ഥികളിൽ ഒരാൾ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നതു ദുരൂഹമായി തുടരുന്നു. ഇവരിൽ പലരും രാഷ്ട്രീയ സ്വാധീനമുള്ളവരുടെ മക്കളാണ്.
പൂക്കോട് വെറ്ററിനറി സർവകലാശാല മെൻസ് ഹോസ്റ്റലിൽ 'അലിഖിതനിയമം' ഉണ്ടായിരുന്നെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പറയുന്നു. കേസിൽ പിടിയിലായ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൽപറ്റ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഒന്നുമുതൽ 18 വരെ പ്രതികൾ ജെ.എസ്. സിദ്ധാർഥനെ കോളേജ് വിദ്യാർത്ഥികളുടെ മധ്യത്തിൽവെച്ച് പൊതുവിചാരണ നടത്തി മർദിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞാണ് വീട്ടിലേക്ക് പോയ സിദ്ധാർഥനെ പ്രതികൾ വിളിച്ചുവരുത്തിയത്. സഹപാഠിയായ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു ഇത്. എറണാകുളത്ത് എത്തിയ സിദ്ധാർഥനെ 16-ന് രാവിലെ കോളേജിൽ തിരിച്ചെത്തിച്ചു. രഹാന്റെ ഫോണിൽനിന്ന് സിദ്ധാർഥനെ വിളിച്ചുവരുത്തിയത് ഡാനിഷ് ആയിരുന്നു. ഹോസ്റ്റൽ മുറിയിൽ അന്യായതടങ്കലിൽവെച്ചു. അന്ന് രാത്രി ഒമ്പതുമുതൽ കോളേജ് കാംപസിനകത്തെ വിവിധസ്ഥലങ്ങളിലും മെൻസ് ഹോസ്റ്റലിലെ 21-ാം മുറിയിലും ഹോസ്റ്റലിന്റെ നടുമുറ്റത്തുവെച്ചും മർദിച്ചു.
സിദ്ധാർഥനെ വിവസ്ത്രനാക്കി അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റുകൊണ്ടും കേബിൾ വയർകൊണ്ടും കൈകൊണ്ടും അടിച്ചു. കാലുകൊണ്ട് തൊഴിച്ച് അതിക്രൂരമായി പീഡനത്തിനിരയാക്കി. 17-ന് പുലർച്ചെ രണ്ടുവരെ പൊതുമധ്യത്തിൽ പരസ്യവിചാരണ നടത്തി. ഇതേത്തുടർന്ന് മരണമല്ലാതെ മറ്റൊരു മാർഗമില്ലാത്ത സാഹചര്യത്തിലേക്ക് സിദ്ധാർഥനെ എത്തിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ കൊലപാതകത്തിനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പൊലീസ് പറയുന്നുണ്ട്.