തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി കോളേജിലെ പാചകക്കാരൻ ജെയിംസ്. തൂങ്ങിയ നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥൻ താഴെയിറക്കും മുമ്പ് മരിച്ചിരുന്നുവെന്ന് ജെയിംസ് വെളിപ്പെടുത്തി. അതിനിർണ്ണായകമാണ് ഈ മൊഴി. സിബിഐ അന്വേഷണം ഏറ്റെടുത്താൽ വലിയ ട്വിസ്റ്റുകളിലേക്ക് കാര്യങ്ങളെത്തിക്കും.

മൃതദേഹം താഴെയിറക്കി കൊണ്ടുപോകാൻ സഹായിച്ചവരിൽ കോളേജ് പാചകക്കാരൻ ജെയിംസുമുണ്ടായിരുന്നു. മൃതദേഹം എടുക്കാൻ കൂടെയുണ്ടായിരുന്നത് സിദ്ധാർത്ഥനെ മർദ്ദിച്ചവരാണെന്നും ജെയിംസ് ആരോപിക്കുന്നു. മൃതദേഹം താഴെയിറക്കുമ്പോൾ ഡീൻ സമീപത്തുണ്ടായിരുന്നു. ഡീനിന്റെ സാന്നിധ്യത്തിലാണ് എല്ലാം നടന്നതെന്നാണ് വെളിപ്പെടുത്തൽ. ശരീരം തണുത്തുറഞ്ഞ നിലയിൽ ആയിരുന്നു. മരണം ഉറപ്പിച്ച ശേഷമാണ് മൃതദേഹം താഴെയിറക്കിയത്. പാചകക്കാരൻ ജെയിംസും തുണി അറുക്കാൻ സഹായിച്ചു. സിദ്ധാർത്ഥ് മരിച്ചു എന്ന് കുട്ടികൾ പറഞ്ഞത് കേട്ടാണ് ഓടിയതെന്ന് ജെയിംസ് പറയുന്നു. ചുറ്റും കൂടുതൽ ഉണ്ടായിരുന്നത് സിദ്ധാർത്ഥനെ മർദ്ദിച്ച പ്രതികളായിരുന്നു. പൊലീസിനെ അറിയിക്കാത്തതിനെ കുറിച്ച് അറിയില്ലെന്നും ജെയിംസ് പറഞ്ഞു.

പൊലീസ് പറഞ്ഞത് അനുസരിച്ചാണ് മൃതദേഹം മാറ്റുന്നതെന്നാണ് പറഞ്ഞത്. മരിച്ചു എന്ന വിവരം കിട്ടിയ ശേഷമാണ് ബാത്റൂമിലേക്ക് പോയത്. മരിക്കുന്നതിന് മുമ്പ് മർദ്ദനം നടന്നു എന്നറിഞ്ഞിരുന്നു. പക്ഷേ മർദ്ദനം നടന്ന രാത്രി വീട്ടിൽ പോയിരുന്നു. സിദ്ധാർത്ഥൻ എല്ലാവരോടും സ്നേഹത്തോടെ ഇടപെടുന്ന വിദ്യാർത്ഥിയാണെന്നും ജെയിംസ് പ്രതികരിച്ചു. റിപ്പോർട്ടർ ടിവിയാണ് ഇത് പുറത്തു വിട്ടത്. ഇതോടെ തന്നെ മരിച്ചെന്ന് അറിഞ്ഞിട്ടും തെളിവ് നശിപ്പിക്കാൻ വേണ്ടി ചില ശ്രമം നടന്നുവെന്ന ആരോപണം ശക്തമാകും. ഡീനും കേസിൽ പ്രതിയാകും.

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോർട്ട് പുറത്തു വന്നിരുന്നു, സിദ്ധാർഥന് അതിക്രൂരമായ മർദനം നേരിടേണ്ടിവന്നുവെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. 18 പേർ ചേർന്ന് പലയിടങ്ങളിൽവെച്ച് സിദ്ധാർഥനെ മർദിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 16-ന് രാത്രിയാണ് മർദനം ആരംഭിച്ചത്. ആദ്യം സമീപത്തെ മലമുകളിൽ കൊണ്ടുപോയാണ് മർദിച്ചത്. തുടർന്ന് വാട്ടർ ടാങ്കിന് സമീപത്തുവെച്ചും ഹോസ്റ്റലിലെ 21-ാം നമ്പർ മുറിയിൽവെച്ചും സിദ്ധാർഥന് മർദനമേൽക്കേണ്ടിവന്നു. 97 കുട്ടികളിൽ നിന്നാണ് ആന്റി റാഗിങ് സ്‌ക്വാഡ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂരിപക്ഷം വിദ്യാർത്ഥികളും ഒന്നും വെളിപ്പെടുത്താൻ തയ്യറായില്ലെന്നും റിപ്പോർട്ടിലുണ്ട്. ഈ മർദ്ദനമാണ് സിദ്ധാർത്ഥന്റെ മരണ കാരണമെന്നാണ് കുടുംബം പറയുന്നത്. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് പാചകക്കാരന്റെ വെളിപ്പെടുത്തൽ.

മുഖ്യപ്രതിയെന്ന് കരുതപ്പെടുന്ന സിൻജോ ജോൺസൺ അതിക്രൂരമായാണ് സിദ്ധാർഥനെ മർദിച്ചത്. കഴുത്തിൽ പിടിച്ച് തൂക്കിയെടുത്ത് സിദ്ധാർഥന്റെ വയറിലും മുതുകത്തും പലതവണ ചവിട്ടി. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഹോസ്റ്റൽ ഇടനാഴിയിലൂടെ നടത്തുകയും ചെയ്തു. നിലവിളി കേട്ടതായി പല വിദ്യാർത്ഥികളും മൊഴി നൽകിയിട്ടുണ്ട്. ബെൽറ്റും ഗ്ലൂ ഗണ്ണിന്റെ വയറും ഉപയോഗിച്ചും സിദ്ധാർഥനെ മർദിച്ചു. പരസ്യമായി മാപ്പു പറയിക്കുകയും സാങ്കൽപിക കസേരയിൽ ഇരുത്തുകയും ചെയ്തു. എന്നാൽ ഇരിക്കാൻ കഴിയാത്തതിനെ തുടർന്ന് പല തവണ സിദ്ധാർഥൻ വീണു. മെൻസ് ഹോസ്റ്റലിൽ 130 പേരുണ്ടായിട്ടും നൂറിൽ അധികം പേരും മൊഴി നൽകിയത് ഇതൊന്നും കണ്ടില്ല എന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പല വിദ്യാർത്ഥികളും കാര്യങ്ങൾ വെളിപ്പെടുത്താൻ മടിച്ചുനിന്നെന്നും റിപ്പോർട്ടിലുണ്ട്. മാത്രമല്ല, 2019, 2022 അഡ്‌മിഷൻകാരായ രണ്ടുകുട്ടികൾക്ക് നേരെയും മുൻപ് ഇത്തരത്തിൽ പീഡനം നടന്നിരുന്നു. അന്നും അധികൃതർ ഇതൊന്നും അറിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, സിദ്ധാർഥന്റെ മരണത്തിൽ സിബിഐ. അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. ഇതിന് ശേഷമാണ് സിബിഐ അന്വേഷണം എത്തിയത്.