കൽപ്പറ്റ: ആൾക്കൂട്ടമർദനത്തിനിരയായി മരിച്ച പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർഥ് മാസങ്ങളോളം റാഗിങ്ങിന് ഇരയായിരുന്നെന്ന് റാഗിങ് വിരുദ്ധ സ്‌ക്വാഡിന്റെ കണ്ടെത്തലിലും പെൺ ഗൂഢാലോചനയ്ക്ക് തെളിവ്. ഹോസ്റ്റലിനു സമീപത്തെ കുന്നിൻ മുകളിൽ സിദ്ധാർഥിനെ കൊണ്ടുപോയി മർദിക്കുമ്പോൾ മുഖ്യപ്രതി കാശിനാഥനൊപ്പം ഒരു പെൺകുട്ടിയുമുണ്ടായിരുന്നെന്ന വിവരം സ്‌ക്വാഡിനു ലഭിച്ചെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവോ സാക്ഷിമൊഴിയോ ലഭിച്ചില്ല. അതിനാൽ ഈ വിവരം പൊലീസിനു കൈമാറി. എന്നാൽ അന്വേഷണം പൊലീസ് നടത്തിയില്ല. ഈ പെൺകുട്ടി ഇപ്പോഴും കേസിൽ പ്രതിയല്ല.

തൃശൂരുകാരിയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സിദ്ധാർത്ഥനെ എസ് എഫ് ഐക്കാർ പരസ്യ വിചാരണയും മർദ്ദനവും നടത്തിയത്. ഈ പെൺകുട്ടിയുടെ അമ്മ പൊലീസ് കമ്മീഷണർ ഓഫീസിലെ ജീവനക്കാരിയാണ്. എന്നാൽ ഈ പെൺകുട്ടിയെ ഇതിനെല്ലാം പ്രേരിപ്പിച്ചത് മറ്റൊരു സഹപാഠിയാണ്. ഈ പെൺകുട്ടിയും ഗൂഢാലോചനയിൽ പങ്കാളിയാണ്. ഇതിൽ ഒരു പെൺകുട്ടിയാണ് കുന്നിൻ മുകളിൽ ക്രൂരത കണ്ടു രസിക്കാൻ എത്തിയതെന്ന് വ്യക്തമാണ്. ഈ പെൺകുട്ടിയുടെ പേര് പുറത്തു വരാതിരിക്കാൻ നീക്കങ്ങളും സജീവം.

കേസ് അന്വേഷണം ഇനിയും സിബിഐ ഏറ്റെടുത്തിട്ടില്ല. കേസ് സിബിഐയ്ക്ക് കൈമാറിയ ഉത്തരവ് ഇതുവരെ സംസ്ഥാന സർക്കാർ സിബിഐയ്ക്ക് നൽകിയിട്ടില്ലെന്ന് സിദ്ധാർത്ഥന്റെ അച്ഛൻ ആരോപിച്ചിരുന്നു. വലിയ ക്രൂരതയാണ് സിദ്ധാർത്ഥന് ഏൽക്കേണ്ടി വന്നത്. പൊലീസ് സ്റ്റേഷനിൽ പ്രതികൾ ഹാജരായി ഒപ്പിടുന്ന രീതിയിൽ സിദ്ധാർഥ് എല്ലാദിവസവും കോളജ് യൂണിയൻ പ്രസിഡന്റും എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി അംഗവുമായ കെ. അരുണിന്റെ മുറിയിൽ ഹാജരാകേണ്ടിവന്നിട്ടുണ്ടെന്നും എട്ടുമാസം ഇത് തുടർന്നെന്നും സഹപാഠി മൊഴി നൽകി. തെളിവെടുപ്പിനുശേഷം റാഗിങ് വിരുദ്ധ സ്‌ക്വാഡിന്റെ അന്തിമ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.

സിദ്ധാർഥ് മരിക്കുന്നതിനു മുമ്പ് നേരിട്ട മർദനം ഒറ്റപ്പെട്ട സംഭവമല്ലെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു. ക്യാമ്പസിൽ സജീവമായിരുന്ന സിദ്ധാർഥിനെ വരുതിയിലാക്കണമെന്നു കോളജ് യൂണിയൻ നേതൃത്വം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു മാസങ്ങളോളം നീണ്ട പീഡനം. സിദ്ധാർഥ് ഹോസ്റ്റലിൽ താമസമാരംഭിച്ചതു മുതൽ റാഗിങ്ങും തുടങ്ങി. അരുണിന്റെ മുറിയിൽ പലതവണ നഗ്‌നനാക്കി അപമാനിച്ചെന്നു സിദ്ധാർഥ് പറഞ്ഞിരുന്നതായി സഹപാഠി മൊഴിനൽകി. ജന്മദിനത്തിൽ രാത്രി ഹോസ്റ്റലിലെ ഇരുമ്പുതൂണിൽ കെട്ടിയിട്ട് ചുറ്റും േെപ്രടാൾ ഒഴിച്ചു തീയിടുമെന്നു ഭീഷണിപ്പെടുത്തി. അങ്ങനെ പലതും നടന്നു.

പ്രതികളായ കാശിനാഥനും സിൻജോയുമാണു സിദ്ധാർഥിനോട് ഏറ്റവും ക്രൂരമായി പെരുമാറിയെതെന്നു റിപ്പോർട്ടിൽ പറയുന്നു. സിദ്ധാർഥ് താമസിച്ചിരുന്ന ഹോസ്റ്റലിലെ പാചകക്കാരൻ സംഭവശേഷം ജോലിയുപേക്ഷിച്ചു. ഈ ജീവനക്കാരൻ പലതും പുറത്തു പറഞ്ഞിട്ടുണ്ട്. സിദ്ധർഥിന്റെ കുടുംബം ആവശ്യപ്പെട്ടതുപ്രകാരം അന്വേഷണം സർക്കാർ സിബിഐക്കു കൈമാറിയിരുന്നു. എന്നാൽ സിബിഐ ഇനിയും എത്തിയില്ലെന്നതാണ് വസ്തുത.