കല്പറ്റ: പൂക്കോട് ഗവ. വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർഥന്റെ മരണം ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് കണ്ടെത്താൻ സിബിഐ. നടത്തിയ ഡെമ്മി പരീക്ഷണം വിജയമെന്ന് സൂചന. സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ ഉടുമുണ്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേ ഉടുമുണ്ടിന്റെ മറ്റൊരു മെറ്റീരിയലിൽ കുളിമുറിയുടെ ജനാലയിൽ ഡമ്മി കെട്ടിത്തൂക്കിയാണ് ഡി.ഐ.ജി. ലൗലി കട്ട്യാറുടെ നേതൃത്വത്തിൽ പരീക്ഷണം നടത്തിയത്. രണ്ടുമണിക്കൂറോളം പരീക്ഷണം നടന്നിരുന്നു. നിർണ്ണായക നിരീക്ഷണങ്ങളിലേക്ക് സിബിഐ എത്തിക്കഴിഞ്ഞു. തൽകാലം വിവരങ്ങൾ പുറത്തു വിടില്ല.

66 കിലോ ഭാരവും 172 സെന്റീമീറ്റർ ഉയരവുമുള്ള ഡമ്മിയുമായാണ് സംഘമെത്തിയത്. തുണികൊണ്ട് പലതരം കെട്ടുകളിടുമ്പോൾ ഏതു തരത്തിലാണ് തൂങ്ങിനിൽക്കുക എന്ന് നോക്കി. ക്രൂരമായ മർദനത്തിനുശേഷം സിദ്ധാർഥനെ മരിച്ചെന്ന് കരുതി കെട്ടിത്തൂക്കിയതാകാമെന്നാണ് സംശയമുള്ളത്. ഫൊറൻസിക് സംഘം ക്യാമറയിൽ മുഴുവൻ ദൃശ്യങ്ങളും പകർത്തി. സിദ്ധാർഥന്റെ അതേ ഭാരവും ഉയരവുമുള്ള ഡമ്മി ഒരാൾ മാത്രവും നാലഞ്ചുപേർ ചേർന്നും തുണികൊണ്ട് കയറിട്ട് കെട്ടിത്തൂക്കി. ഡെമ്മി പരീക്ഷണം കോടതിയിൽ തെളിവായി സ്വീകരിക്കില്ലെങ്കിലും അന്വേഷണത്തിന് സഹായകകരമാകും. ഇതിൽ നിന്ന് വ്യക്തമായ നിരീക്ഷണങ്ങളിൽ സിബിഐ എത്തിയിട്ടുണ്ട്.

ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികളിൽനിന്ന് സംഘം മൊഴിയെടുത്തു. മരിച്ചദിവസം ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവൻ ആളുകളും കോളേജ് ഡീൻ, അസി. വാർഡൻ എന്നിവരെല്ലാം ഹാജരായിരുന്നു. പരിശോധനാ സ്ഥലത്തേക്ക് ആരെയും പ്രവേശിപ്പിച്ചില്ല. സിദ്ധാർഥൻ അപമര്യാദയായി പെരുമാറിയെന്ന് കോളേജ് അധികൃതർക്ക് പരാതിനൽകിയ പെൺകുട്ടിയുടെ മൊഴിയും സംഘം രേഖപ്പെടുത്തി. ഈ പെൺകുട്ടിയുടെ അടക്കം മൊഴിയിൽ വൈരുദ്ധ്യങ്ങൾ ഏറെയുണ്ട്. മൊഴികളും സിബിഐ വിശദമായി പരിശോധിക്കുന്നുണ്ട്. സിദ്ധാർത്ഥനെ അടിച്ചു അവശനാക്കുമ്പോൾ ഉണ്ടായിരുന്ന പെൺകുട്ടിയും മൊഴി നൽകാൻ എത്തിയെന്നാണ് സൂചന.

ഡിഐജി, രണ്ട് എസ്‌പിമാർ ഉൾപ്പെടുന്ന പത്ത് പേരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ശനിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് സിബിഐ സംഘം പൂക്കോട് വെറ്റിനറി കോളേജിലെ ആൺകുട്ടികളെ ഹോസ്റ്റലിലെത്തി.സിദ്ധാർത്ഥൻ ക്രൂര മർദനം നേരിട്ട മുറി, ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായ നടുമുറ്റം, തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലെല്ലാം സിബിഐ അന്വേഷണ സംഘം പരിശോധന നടത്തി. സിദ്ധാർത്ഥന്റെ തൂക്കവും ഉയരുവമുള്ള ഡമ്മി എത്തിച്ചായിരുന്നു ശാസ്ത്രീയ പരിശോധന. സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സമയത്ത് ഉള്ളവരെല്ലാം സിബിഐ ആവശ്യപ്പെട്ടതനുസരിച്ച് എത്തിയിരുന്നു.

കൽപ്പറ്റ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സിബിഐയെ സഹായിക്കാനെത്തിയിരുന്നു. അന്വേഷണം ഏറ്റെടുത്ത സിബിഐ ഒരാഴ്ചയായി വയനാട്ടിലുണ്ട്. സിദ്ധാർത്ഥന്റെ അച്ഛന്റെ മൊഴിയെടുപ്പ് കഴിഞ്ഞു. വിദ്യാർത്ഥികളിൽ നിന്നും വിവരം ശേഖരിച്ചിരുന്നു. മൂന്ന് തവണയായി നേരത്തെ സിബിഐ ക്യാമ്പസിലെത്തി പല പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്. കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റാൻ കൽപ്പറ്റ കോടതിയിൽ അപേക്ഷയും നൽകി. ജയിലിലുള്ള പ്രതികളുടെ മൊഴി രേഖപ്പെടുത്തും. ഇനിയും പ്രതികൾ കേസിലേക്ക് വരുമെന്നാണ് സൂചന.