കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർഥൻ മരിച്ച കേസിൽ പ്രതികൾക്ക് ജാമ്യം കിട്ടാതിരിക്കാൻ സിബിഐയുടെ കരുതൽ. കേസിൽ സിബിഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു. സംഭവത്തിൽ കൊലക്കുറ്റം ഇതുവരെ തെളിയാത്ത സാഹചര്യത്തിൽ കുറ്റപത്രം വൈകിയാൽ 60 ദിവസം പിന്നിടുമ്പോൾ റിമാൻഡിലുള്ള മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിക്കും. കേസിലെ ആദ്യ അറസ്റ്റുകൾ നടന്നിട്ട് 27ന് 60 ദിവസം പിന്നിടും. ഈ സാഹചര്യത്തിലാണ് കുറ്റപത്രം നൽകൽ. ഇനി വിശദ അന്വേഷണം നടക്കും. ഇതിൽ കൊലപതാക സാധ്യതകളും അന്വേഷിക്കും.

സമാനതകളില്ലാത്ത നീക്കമാണ് സിബിഐയുടേത്. പ്രതികൾക്ക് ജാമ്യം കിട്ടിയാൽ അത് സിബിഐയ്ക്ക് കൂടി കേസിൽ തിരിച്ചടിയാണ്. കൊലപാതകമാണുണ്ടായതെന്ന സൂചനകൾ സിബിഐയ്ക്ക് കിട്ടിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രതികൾ പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പിക്കാനായി പ്രാഥമിക കുറ്റപത്രം അതിവേഗം സിബിഐ നൽകുന്നത്. കേസിൽ സിബിഐ നൽകുന്ന ഗൗരവത്തിന് തെളിവാണ് ഇത്. കേസിലെ പ്രതികളിൽ നിന്നും സിബിഐ മൊഴി എടുത്തിരുന്നു. ഈ മൊഴികളിൽ അവ്യക്തതയുണ്ടെന്നാണ് സൂചന.

പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലുള്ള 20 പ്രതികളെ നിലനിർത്തിയാണ് അന്വേഷണ സംഘം എറണാകുളം സിജെഎം കോടതിയിൽ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചത്. കേസിലെ ഒരു പ്രതിക്കെതിരെ അന്വേഷണം തുടരുന്നുണ്ട്. കഴിഞ്ഞ ആറിനാണു സിബിഐ അന്വേഷണം ഏറ്റെടുത്തത്. റിമാൻഡിലുള്ള പ്രതികൾക്കു സ്വാഭാവിക ജാമ്യം ലഭിക്കുന്നതു തടയാനാണു സിബിഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചത്. എസ്‌പി എം. സുന്ദർവേലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഗൂഢാലോചനാ കേസിൽ അന്വേഷണം തുടരും. അക്ഷയ് ആയിരിക്കും അന്വേഷണത്തിലുള്ള പ്രതിയെന്നാണ് സൂചന.

ഏഴു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതികൾ ജാമ്യത്തിലിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്. ഇതുകൊണ്ടാണ് കുറ്റപത്രം നൽകിയത്. തുടരന്വേഷണത്തിൽ കൊലക്കുറ്റം തെളിഞ്ഞാൽ കുറ്റുപത്രം പുതുക്കി സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശം. അന്വേഷണത്തിൽ കൂടുതൽ പേർക്കെതിരെ തെളിവു ലഭിച്ചാൽ പ്രതിപ്പട്ടികയും പുതുക്കും.

കേസന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള സിജെഎം അവധിയായതിനാൽ കുറ്റപത്രം പരിശോധിച്ചു ഫയലിൽ സ്വീകരിച്ചിട്ടില്ല. ഏതായാലും അതിനിർണ്ണായക നീക്കമാണ് സിബിഐ നടത്തിയത്.