കൽപ്പറ്റ: സിദ്ധാർത്ഥന്റെ മരണത്തിൽ ന്യായീകരണവുമായി വയനാട്ടിലെ സിപിഎം നേതൃത്വം രംഗത്തു വരുമ്പോൾ സിദ്ധാർത്ഥിനെ കൊന്നതിന് പിന്നിൽ സിപിഎം കൂടുതൽ കുരുക്കിലേക്ക്. അതിനിടെ സിദ്ധാർത്ഥിനെതിരെ പരാതി കൊടുത്ത പെൺകുട്ടിയുടെ കുടുംബത്തിന് പാർട്ടിയുമായി അടുത്ത ബന്ധമുണ്ടെന്നും ആരോപണമുണ്ട്. അതുകൊണ്ടാണ് വിഷയത്തിൽ എസ് എഫ് ഐ ഇടപെട്ടതെന്നാണ് ആരോപണം. സിപിഎമ്മിനെ പ്രതിസന്ധി ബാധിക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ വിശദീകരണത്തിന് സിപിഎം എത്തിയത്. പൂക്കോട്ടെ വിവാദത്തിൽ സിപിഎം സംസ്ഥാന നേതൃത്വം തീർത്തും അസംതൃപ്തരാണ്. ജില്ലാ നേതൃത്വത്തിന് വലിയ വീഴ്ചയുണ്ടായി എന്നാണ് അവരുടെ വിലയിരുത്തൽ. പെൺകുട്ടിക്ക് വേണ്ടിയാണ് സിദ്ധാർത്ഥിനെ കൊന്നതെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാണ്. എന്നാൽ പെൺകുട്ടിയെ പ്രതിയാക്കിയിട്ടുമില്ല. ഇതെല്ലാം ഉന്നത തല ഇടപെടലിനും കേസ് അട്ടിമറിക്കും തെളിവാണ്.

ഈ സാഹചര്യത്തിലാണ് വിശദീകരണത്തിന് ജില്ലാ നേതാക്കൾ മുമ്പോട്ട് വരുന്നത്. കോടതിയിൽ പ്രതികളെ ഹാജരാക്കിയപ്പോൾ വിവരം അന്വേഷിക്കാൻ പോയെന്ന് മുൻഎംഎൽഎ സി.കെ ശശീന്ദ്രൻ സമ്മതിച്ചെങ്കിലും ആരെയും സംരക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ പറഞ്ഞു. കേസ് സിബിഐ അല്ല ആര് അന്വേഷിച്ചാലും ഒരു ചുക്കുമില്ലെന്നും പി.ഗഗാറിൻ സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ പി ഗഗാറിൻ പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പേരിൽ തെറ്റായ പ്രചരണം നടക്കുകയാണെന്നും ഇടതുപക്ഷത്തെ വേട്ടയാടാൻ വലതുപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുകയാണെന്നും ഗഗാറിൻ ആരോപിച്ചു.

ടി. സിദ്ദിഖ് എംഎൽഎ രാഷ്ട്രീയം കളിക്കുകയാണ്. ഹോസ്റ്റൽ മുറിയിൽ എംഎൽഎമാരായ ടി. സിദ്ദീഖും ഐ.സി.ബാലകൃഷ്ണനും കോൺഗ്രസുകാരും അനധികൃതമായി കടന്നു. സിദ്ദിഖിന് എതിരെ പൊലീസ് കേസെടുക്കണം.കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ എടുപ്പിക്കാൻ സിപിഎമ്മിന് അറിയാം. കേസ് സിബിഐ അല്ല ആര് അന്വേഷിച്ചാലും ഒരു ചുക്കുമില്ല. സിദ്ധാർത്ഥന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണം. ഗവർണറുടേത് തീക്കളിയാണ്. ഗവർണർ വൃത്തിക്കെട്ട മനുഷ്യനാണ്. ആർഎസ്എസിന്റെ ചെരുപ്പുനക്കിയാണ്. ഗവർണർ ആണ് ഈ വിഷയത്തിൽ ഇടപെട്ടതെന്നും പി ഗഗാറിൻ ആരോപിച്ചു.

പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോയപ്പോൾ ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് കൂടെയുണ്ടായിരുന്നുവെന്ന വാർത്തയ്ക്ക് സ്ഥിരീകരണമായി സി കെ ശശീന്ദ്രന്റെ പ്രതികരണവും നേരത്തെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പൂക്കോട് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ന്യായീകരണവും വെല്ലുവിളിയുമായി പി ഗഗാറിൻ രംഗത്തെത്തിയത്. പ്രതികൾക്ക് ഒത്താശ ചെയ്‌തെന്ന ആരോപണം ശക്തമായതോടെ കോൺഗ്രസാണ് പ്രതികളെ ഒളിപ്പിച്ചതെന്ന വാദമാണ് ജില്ലാ സെക്രട്ടറി ഗഗാറിൻ ഉന്നയിക്കുന്നത്. അതും പുതുമയുള്ളതായി. സർവ്വകലാശാലയിലെ എസ്എഫ്‌ഐക്ക് സിപിഎമ്മുമായി നേരിട്ട് ബന്ധമില്ല എന്ന വാദവും സിപിഎം നേതാക്കൾ നിരത്തി.

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥ് മരിച്ച ഹോസ്റ്റൽ എസ്എഫ്‌ഐയുടെ താവളമായിരുന്നുവെന്ന് സൂചന നേരത്തെ പുറത്തു വന്നിരുന്നു, ചെഗുവേരയുടെ ചുവർചിത്രങ്ങളും എഴുത്തുകളും ഇത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ഗേറ്റ് അടച്ചുകഴിഞ്ഞാൽ ഉള്ളിൽ നടക്കുന്നത് എന്താണെന്ന് പുറത്തറിയില്ല. ഈ ഹോസ്റ്റലിന് സമീപത്ത് മറ്റു ഹോസ്റ്റലുകളില്ല. മദ്യക്കുപ്പിയുടേയും ചെഗുവേരയുടേയും ചിത്രങ്ങളും എസ്എഫ്‌ഐയുടെ പോസ്റ്ററുകളും ബാനറുകളുമാണ് ഹോസ്റ്റലിൽ നിറയെ. ചില ഗ്യാങുകളുടെ പേരും എഴുതിവച്ചിട്ടുണ്ട്.

നാലുകെട്ടായി നിർമ്മിച്ചിരിക്കുന്ന ഹോസ്റ്റലിന് നടുമുറ്റമുണ്ട്. മൂന്നുനില കെട്ടിടത്തിന്റെ നടുമുറ്റത്താണ് മർദ്ദനം നടക്കാറ്. ഇത് ഹോസ്റ്റലിന്റെ നാലു വശത്തുനിന്നും കാണാനും സാധിക്കും. എസ്എഫ്‌ഐ മാത്രമാണ് ക്യാംപസിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനം . തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്കാർ മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. തുടർന്ന് ഇവരെ വിജയികളായി പ്രഖ്യാപിക്കും. ഇതാണ് കാലങ്ങളായി നടന്നു വരുന്ന രീതി.

ഹോസ്റ്റലിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന് ഹോസ്റ്റൽ സന്ദർശിച്ചാൽ വ്യക്തമാകും. രണ്ടാം നിലയിലേക്ക് കയറിച്ചെല്ലുമ്പോൾ ഒരുവശത്ത് മദ്യക്കുപ്പിയുടേയും മറുവശത്ത് ചെഗുവേരയുടേയും വമ്പൻ ചിത്രങ്ങളാണ് വരച്ചു വച്ചിരിക്കുന്നത്. സിദ്ധാർത്ഥ് താമസിച്ചിരുന്ന മുറിയിലും ലെനിന്റെയും കാൾ മാക്‌സിന്റെയും ചിത്രമാണ് വരച്ചിരിക്കുന്നത്.