കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർഥിനെതിരെ മരണശേഷം ഐസിസിക്ക് പരാതി. എസ്എഫ്‌ഐ നേതാക്കളുൾപ്പെടെയുള്ളവരുടെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദനത്തിനും ഇരയായതിനു പിന്നാലെയാണ് സിദ്ധാർഥിനെ ശുചിമുറിയിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ജെ.എസ്.സിദ്ധാർഥനെതിരെ ഈ മാസം 18നാണ് കോളജിൽ പരാതി നൽകിയത്. സിദ്ധാർഥ് മരിച്ച അതേദിവസം തന്നെയാണ് പരാതി എത്തിയത്.

പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് പരാതി. 14നു കോളജിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോളേജിൽ പരാതി നൽകിയത്. 19നു കോളജിൽ ലഭിച്ച പരാതി 20നാണ് കോളജ് ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിക്ക് (ഐസിസി) കൈമാറുന്നത്. സിദ്ധാർഥൻ മരിച്ചിട്ടും കമ്മിറ്റി യോഗം ചേർന്ന് പരാതി പരിശോധിച്ചു. ആരോപണവിധേയൻ മരിച്ചതിനാൽ നോട്ടീസ് നൽകാൻ സാധിച്ചിട്ടില്ലെന്നാണ് ഐസിസിയുടെ ഇൻക്വയറി റിപ്പോർട്ടിൽ പറയുന്നത്.

സിദ്ധാർത്ഥിനെതിരെ മരണശേഷം ലഭിച്ച പരാതി കെട്ടിച്ചമച്ചതെന്നാണ് സംശയം. ഈ സംഭവത്തിന്റെ പേരിലാണ് സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ നടത്തിയതും മർദിച്ചതും. സിദ്ധാർഥൻ മരിച്ചിട്ടും പരാതി കമ്മിറ്റി പരിശോധിക്കുകയായിരുന്നു. ഫെബ്രുവരി 14ന്, കോളജിലെ പരിപാടിക്കിടെ പെൺകുട്ടിയോട് ഇഷ്ടം തുറന്നുപറഞ്ഞെന്ന പേരിൽ സിദ്ധാർഥനെ ഗ്രൗണ്ടിൽ സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്നു ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്‌തെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

അതേസമയം, വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വെറ്ററിനറി കോളേജ് യൂണിയൻ പ്രസിഡന്റ് കെ അരുൺ, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണം പത്തായി. ഇനി 8 പേരെയാണ് പിടികൂടാനുള്ളത്.

സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നത്. ഹോസ്റ്റൽ നടുമുറ്റത്ത് വച്ചായിരുന്നു സിദ്ധാർത്ഥിനെതിരെ ആൾക്കൂട്ട വിചാരണ നടന്നത്. ആരും സഹായത്തിന് എത്താത്ത നിസ്സഹായതയിലായിരുന്നു സിദ്ധാർത്ഥ്. അടുത്ത സുഹൃത്തുക്കളാരും സഹായത്തിനെത്തിയിരുന്നില്ല. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.

ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സർവകലാശാലയിലെ റാഗിങ് വിരുദ്ധ സമിതിയിലെ വിദ്യാർത്ഥി പ്രതിനിധി കൂടിയാണ് അറസ്റ്റിലായ അരുൺ. പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന ശരിവക്കുന്ന തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്.