- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തല കൊയ്യുമെന്ന് ഭീഷണി മുഴക്കിയ സിൻജോ ജോൺ പിടിയിൽ
കൊല്ലം: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ മുഖ്യ പ്രതികളായ സിൻജോ ജോണും കാശിനാഥനും പിടിയിൽ. സിൻജോയെ കരുനാഗപ്പള്ളിയിൽ നിന്നും അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ സിൻജോ ജോൺസന്റെ ബന്ധുവിന്റെ വീട്ടിൽ നിന്നുമാണ് വയനാട്ടിൽ നിന്നുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സിദ്ധാർത്ഥനെ ക്രൂരമായി മർദിച്ച കാര്യം പുറത്തറിയാതിരിക്കാൻ സിൻജോ ജോൺസൻ ഭീഷണിപ്പെടുത്തിയിരുന്നു. വിവരം പുറത്തു പറഞ്ഞാൽ തലയുണ്ടാകില്ലെന്ന് ഒളിവിലുള്ള പ്രതി സിൻജോ ജോൺസൻ മുന്നറിയിപ്പ് നൽകിയെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. കൊല്ലം ഓടനാവട്ടം സ്വദേശിയാണ് സിൻജോ ജോൺ. കാശിനാഥൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. നേരത്തെ ഇവരുൾപ്പെടെ കേസിൽ മുഖ്യപ്രതികളായ സൗദ് റിസാൽ, കാശിനാഥൻ, അജയ്കുമാർ, സിൻജോ ജോൺ എന്നിവർക്കെതിരെ പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.
സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കൊല്ലം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം സിൻജോ ജോണിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി പൊലീസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുവീട്ടിൽ നിന്ന് സിൻജോയെ പൊലീസ് പിടികൂടിയത്. കേസിൽ 31 പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
സിൻജോ മകനെ മർദ്ദിക്കുക മാത്രമല്ല, ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് മറ്റു വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയതായും സിദ്ധാർഥിന്റെ മാതാപിതാക്കൾ ആരോപിക്കുന്നു. 'സിൻജോ തലവെട്ടും എന്ന് പറഞ്ഞു. വീട്ടിൽ പോയി മര്യാദയ്ക്ക് തിരിച്ചുവരണമെന്ന് വിദ്യാർത്ഥികളോട് കോളജ് അധികൃതരും പറഞ്ഞു. നടന്ന കാര്യം ഒന്നും പറയരുത്. സിൻജോയും സുഹൃത്തുക്കളും ചേർന്ന് സിദ്ധാർഥിനെ മുറിയിൽ കൊണ്ടുപോയി ചെയ്തതാണ് അങ്കിളേ'- മറ്റു വിദ്യാർത്ഥികൾ പറഞ്ഞതായി സിദ്ധാർഥിന്റെ മാതാപിതാക്കൾ ആരോപിക്കുന്നു.
'പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ ആദ്യ ഭാഗം വായിച്ചു പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എന്റെ മകനെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പൈശാചികമായി പീഡിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കിയതാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ അഭ്യർത്ഥന മാനിച്ചാണ് പത്രങ്ങൾക്ക് കൊടുക്കാത്തത്. എസ്.എഫ്.ഐയിൽ ചേരാൻ തയ്യാറായിരുന്നെങ്കിൽ അവനെ ഞങ്ങൾക്ക് നഷ്ടപ്പെടില്ലായിരുന്നു'-ഇതായിരുന്നു അച്ഛൻ പറയുന്നത്.
ഭീഷണി ഭയന്ന് മോന്റെ ഉറ്റ കൂട്ടുകാരും റൂം മേറ്റ്‌സും എസ്.എഫ്.ഐയിൽ ചേർന്നു. അവരുടെ മുന്നിൽ നഗ്‌നനാക്കി കാലുകൾ ഇലക്ട്രിക് വയർ കൊണ്ട് ചുറ്റിവരിഞ്ഞ ശേഷം ബെൽറ്റിനടിച്ചു '...കാമ്പസിൽ ലഹരി ഉപയോഗത്തിനും അനാശാസ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്ന സീനിയർ വിദ്യാർത്ഥി സിൻജോയാണ് പ്രധാന പ്രതി. ഇയാൾ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹിയാണ്. പഠനത്തിലും ഫോട്ടോഗ്രഫിയിലും സംഘാടനത്തിലും പേരെടുത്ത മകനോടു സിൻജോയ്ക്ക് കടുത്ത പകയുണ്ടായിരുന്നു.
വാലന്റൈൻസ് ദിനത്തിൽ സീനിയർ പെൺകുട്ടികൾ മകനൊപ്പം നൃത്തം വച്ചത് സിഞ്ചോയ്ക്കും കൂട്ടർക്കും സഹിച്ചില്ല. മരണത്തെ തുടർന്ന് സിഞ്ചോ ഉൾപ്പടെ 12 പേരെ കോളേജിൽ നിന്ന് സസ്പന്റ് ചെയ്തിരുന്നു. എന്നാൽ, ഇവരിൽ ഒരാൾ പോലും പ്രതിപ്പട്ടികയിൽ ഇല്ല. ഇതിനു പിന്നിൽ ഉന്നത ഇടപെടലുണ്ട്. കേസ് സത്യസന്ധമായി അന്വേഷിച്ച് മുഴുവൻ കുറ്റവാളികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം"- ജയപ്രകാശിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
കേസിലാകെ 18 പ്രതികളാണുള്ളത്. നിലവിൽ 11 പേരാണ് അറസ്റ്റിലായത്. മൂന്നു പേർ കസ്റ്റഡിയിലുമുണ്ട്. ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാർഥന്റെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം, സിദ്ധാർത്ഥന്റെ മരണത്തിൽ 12 വിദ്യാർത്ഥികൾക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കി. ഇവർക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാർത്ഥികളേയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.
ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കെതിരെയും ശിക്ഷയുണ്ട്. അക്രമം നോക്കി നിന്ന മുഴുവൻ പേരെയും ഏഴ് ദിവസം കോളേജിൽ നിന്ന് സസ്‌പെന്റ് ചെയ്തു. ഈ ദിവസങ്ങളിൽ ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയില്ല. ഫെബ്രുവരി 16,17,18 തീയതികളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവർക്കാണ് ശിക്ഷ. റാഗിങ് വിരുദ്ധ സമിതിയുടേതാണ് നടപടി. വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ വിസിക്ക് അപ്പീൽ നൽകാമെന്നും ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ 19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് മറ്റുള്ളവർക്ക് എതിരെയും നടപടിയെടുത്തത്. പ്രതി പട്ടികയിലുള്ള 18 പേർക്ക് പുറമെ ഒരാൾക്ക് കൂടി പഠന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.