വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണത്തിൽ എല്ലാ പ്രതികളും പിടിയിലായി. മുഖ്യപ്രതി സിൻജോ ജോൺസൺ അടക്കമുള്ളവരാണ് പിടിയിലായത്. കീഴടങ്ങാൻ വരുമ്പോൾ കൽപ്പറ്റയിൽ വച്ചാണ് സിൻജോ പിടിയിലായത്. മുഹമ്മദ് ഡാനിഷ്, ആദിത്യൻ എന്നീ പ്രതികളും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി.

സിൻജോയ്ക്ക് പുറമേ പത്തനംതിട്ട അടൂർ സ്വദേശി ജെ.അജയ് (24), കൊല്ലം പരവൂർ സ്വദേശി എ.അൽത്താഫ് (21,) കൊല്ലം കിഴക്കുംഭാഗം സ്വദേശി ആർ.എസ്. കാശിനാഥൻ (25,) മുഹമ്മദ് ഡാനിഷ്, ആദിത്യൻ തുടങ്ങിയവരാണ് ശനിയാഴ്ച പൊലീസിന്റെ പിടിയിലായത്.

ബെംഗളൂരുവിൽ വിവിധ സ്ഥലങ്ങളിലായി മാറിമാറി ഒളിവിൽ കഴിയുകയായിരുന്ന അജയിനെ ബത്തേരി ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സാഹസികമായി പിടികൂടിയത്. കൊല്ലത്ത് വിവിധയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരവേ ബന്ധുവീട്ടിൽ നിന്നാണ് പടിഞ്ഞാറത്തറ ഇൻസ്പെക്ടർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അൽത്താഫിനെ കസ്റ്റഡിയിലെടുക്കുന്നത്. പൊലീസ് സമ്മർദ്ദം ശക്തമായതിനെ തുടർന്ന് കാശിനാഥൻ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ കീഴടങ്ങുകയായിരുന്നു. വയനാട് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ കൽപ്പറ്റ ഡിവൈ.എസ്‌പി ടി.എൻ. സജീവിനാണ് കേസിന്റെ അന്വേഷണ ചുമതല.

കേസിൽ ഉൾപ്പെട്ട നാലുപ്രതികൾക്കായി ശനിയാഴ്ച രാവിലെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സൗദ് റിസാൽ, കാശിനാഥൻ, അജയ്കുമാർ, സിൻജോ ജോൺസൺ എന്നിവർക്കെതിരേയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്. ഇതിനുപിന്നാലെയാണ് കാശിനാഥൻ അടക്കമുള്ളവർ പൊലീസിന്റെ പിടിയിലായത്.

കേസിൽ ഉൾപ്പെട്ട എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, കോളേജ് യൂണിയൻ പ്രസിഡന്റ് അരുൺ തുടങ്ങിയവർ കഴിഞ്ഞദിവസം പൊലീസിൽ കീഴടങ്ങിയിരുന്നു. കേസിൽ ആദ്യം അറസ്റ്റിലായ ആറു പ്രതികളുടെയും ജാമ്യാപേക്ഷ വെള്ളിയാഴ്ച കല്പറ്റ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് (മൂന്ന്) കോടതി തള്ളി.

ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

സിദ്ധാർഥനെ ദിവസങ്ങളോളം മർദ്ദിച്ചിട്ടില്ല

അതേസമയം സിദ്ധാർഥന് ദിവസങ്ങളോളം മർദ്ദനമേറ്റെന്ന വാർത്ത തള്ളി ഏതാനും വിദ്യാർത്ഥികൾ രംഗത്തെത്തി. 'സിദ്ധാർഥന് മർദനമേറ്റിട്ടുണ്ട്. എന്നാൽ ദിവസങ്ങളോളം മർദനമേറ്റന്നത് ശരിയല്ല.സിദ്ധാർഥന്റെ മരണത്തിലുള്ള ഞെട്ടൽ വിട്ടുമാറാത്തതിനാലാണ് ഇത്രയും നാൾ പ്രതികരിക്കാതിരുന്നത്'.. മരണത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് നിർഭാഗ്യകരമാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

130 ഓളം വിദ്യാർത്ഥികളുടെ നടുവിൽ വച്ചായിരുന്നു വിചാരണ ചെയ്തതെന്നായിരുന്നു വാർത്തകൾ വന്നത്. സത്യത്തിൽ 130 വിദ്യാർത്ഥികളൊന്നും അവിടെ ഇല്ലായിരുന്നു. അവധി ദിവസമായിരുന്നതിനാൽ പകുതി വിദ്യാർത്ഥികളും വീട്ടിലായിരുന്നു. നടുമുറ്റത്ത് സിദ്ധാർഥനെ അടിക്കുന്നത് പലരും അറിഞ്ഞിട്ടില്ല. എല്ലാവരും ആ സമയത്ത് ഉറങ്ങുകയായിരുന്നു. അർധരാത്രിയാണ് മർദനം നടന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു. മാധ്യമങ്ങൾ പലതും അടിച്ചുവിടുകയായിരുന്നു.'.. വിദ്യാർത്ഥികൾ പറഞ്ഞു.

'രാഷ്ട്രീയപരമായി ഉണ്ടായ സംഭവമല്ല ഇത്. വ്യക്തിപരമായ സംഭവമാണിത്. ഇതിൽ ഉൾപ്പെട്ട മൂന്നോ നാലോ പേർ പാർട്ടി ചുമതല അലങ്കരിക്കുന്നവരായതുകൊണ്ട് ഇതിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും ഒരു വിദ്യാർത്ഥി പ്രതികരിച്ചു.