- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുടെ വിവാഹത്തിന് എത്തിയവർക്ക് നറുക്കിട്ട് നൽകിയത് ടിവിയും വാഷിങ് മെഷീനും ഫ്രിഡ്ജും; തെങ്ങു കയറ്റക്കാരൻ ഭർത്താവ് മരിച്ചതോടെ ബ്ലേഡ്കാരൻ ഗോപകുമാറിനെ ഭർത്താവാക്കി ഒരുമിച്ച് ഓപ്പറേഷൻ; തട്ടിപ്പുകൾ പുറത്തറിയാതിക്കാൻ ചാത്തൻസേവ; കാപ്പയിൽ അറസ്റ്റിലായ തട്ടിപ്പുകാരി പൂമ്പാറ്റ സിനിയുടെ കഥ
തൃശൂർ: കുപ്രസിദ്ധ വനിത ഗുണ്ട ശോഭ ജോണിനെ എല്ലാവർക്കു അറിയാം. എന്നാൽ ശോഭ ജോണിന്റെ പത്തിരട്ടി ഗുണ്ടാ സെറ്റപ്പും അതിക്രമങ്ങളും നടത്തി വന്ന പൂമ്പാറ്റ സിനിയെ അധികമാർക്കും അറിയില്ല. ആരെയും വീഴ്ത്തുന്ന വാഗ്ചാതുര്യം മിടുക്ക് ഇതൊക്കെ ഇന്ന് പൂമ്പാറ്റ സിനിക്ക് നേടി കൊടുത്തിരിക്കുന്നത് കോടികളുടെ സമ്പാദ്യം. തൃശൂർ ജില്ലയിൽ മാത്രം 50 കേസുകളിൽ പ്രതിയായ സിനിയെ ഒടുവിൽ പൊലീസ് പൂട്ടി.
സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള നിയമപ്രകാരമാണ് (കാപ്പ) എറണാകുളം പള്ളുരുത്തി തണ്ടാശേരിൽ സിനി ഗോപകുമാർ (പൂമ്പാറ്റ സിനി- 48) വീണ്ടും അകത്തായിരിക്കുന്നത്. ഒട്ടേറെ സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതി. വധശ്രമം, ഭീഷണി, വഞ്ചന തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങളാണ് സിനിയുടെ പേരിലുള്ളത്. ശ്രീജ, സിനി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവർ ഒല്ലൂർ തൈക്കാട്ടുശേരിയിലെ വാടകവീടു കേന്ദ്രീകരിച്ചാണു തട്ടിപ്പുകൾ നടത്തിയിരുന്നത്.
ആലപ്പുഴയിലെ അരൂർ, കുത്തിയതോട് സ്റ്റേഷനുകളിലും എറണാകുളം ജില്ലയിൽ മുളവുകാട്, ചെങ്ങമനാട്, തോപ്പുംപടി, ടൗൺ സൗത്ത്, സെൻട്രൽ, കണ്ണമാലി, ആലുവ ഈസ്റ്റ് സ്റ്റേഷനുകളിലും തൃശൂരിൽ പുതുക്കാട്, കൊടകര, മാള, ഈസ്റ്റ്, ഒല്ലൂർ, ചാലക്കുടി, നെടുപുഴ സ്റ്റേഷനുകളിലുമായി അൻപതിലേറെ കേസുകൾ സിനിയുടെ പേരിലുണ്ട്. കമ്മിഷണർ അങ്കിത് അശോകൻ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച കലക്ടർ വി.ആർ. കൃഷ്ണതേജ കരുതൽ തടങ്കലിന് ഉത്തരവിട്ടത്്. വിയ്യൂർ വനിതാ ജയിലിലാക്കിയ സിനിയെ പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റും. കാപ്പ നിയമപ്രകാരം വനിത അറസ്റ്റിലാകുന്നത് അപൂർവമാണെന്നു പൊലീസ് പറഞ്ഞു.
തട്ടിപ്പും പിടിച്ചു പറിയും വഴി കോടികൾ സമ്പാദിച്ച പൂമ്പാറ്റ സിനി 2016ലാണ് മകളുടെ വിവാഹം നടത്തിയത്. അന്ന് ആ നാട്ടിലെ ഏറ്റവും വലിയ വിവാഹമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വിവാഹത്തിൽ പങ്കെടുത്തവരുടെ പേരു വിവരം രജിസ്റ്റർ ചെയ്തു നറുക്കിട്ട്്്് സിനി നല്കിയ സമ്മാനങ്ങൾ അറിഞ്ഞാൽ ആരും ഞെട്ടും. വാഷിങ് മെഷീനും ടിവിയും ഫ്രിഡ്ജുമൊക്കെ നല്കി അന്ന് സിനി നാട്ടുകാരുടെ കണ്ണിലുണ്ണിയായി. നിലവിൽ പലിശക്കാരൻ ഗോപകുമാറിനെ വിവാഹം കഴിച്ച്്് കൂർക്കാഞ്ചേരിയിലെ ഫ്ളാറ്റിലായിരുന്നു ആദ്യം താമസം.തെങ്ങുകയറ്റക്കാരനായആദ്യ ഭർത്താവ് മരിച്ച ശേഷമാണ് ബ്ലേഡുകാരൻ ഗോപകുമാറുമായി പ്രണയത്തിലാവുന്നത്.നാക്ക് കൊണ്ട് ആളുകളെ വളച്ചെടുത്താണ് പൂമ്പാറ്റ സിനി പണം തട്ടി കോടീശ്വരിയായത്.
വെറും പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള സിനിയുടെ തട്ടിപ്പിൽ വീണത് വമ്പന്മാരാണ്. അന്തിക്കള്ള് വിറ്റാണ് സിനി ആദ്യമൊക്കെ വയറ്റിപ്പിഴപ്പിന് വഴി കണ്ടെത്തിയിരുന്നത്. കള്ള് ചെത്തുകാരെ സോപ്പിട്ടാണ് തനിക്ക് വേണ്ട കള്ള് സംഘടിപ്പിച്ചിരുന്നത്്. അങ്ങനെയാണ് ആദ്യം തെങ്ങുകയറ്റക്കാരനുമായി പ്രണയത്തിലായതും വിവാഹം കഴിച്ചതും. ഭർത്താവ് മരിച്ച ശേഷം ജീവിക്കാൻ വേണ്ടി നടത്തിയ ചെറിയ തട്ടിപ്പുകളിലൂടെയാണ് സിനി പൂമ്പാറ്റ സിനിയായി വളർന്നത്. പരിചയപ്പെടുന്നവരോടെല്ലാം സിനി പറഞ്ഞിരുന്നത് തനിക്ക് മന്ത്രിമാരുമായും പൊലീസ് ഉന്നതരുമായും ബന്ധമുണ്ടെന്നാണ്്്്. ഇത്തരം നുണകൾ ആവർത്തിച്ചാണ് സിനി ഇരകളെ കണ്ടെത്തിയിരുന്നത്.
അരൂർ സ്റ്റേഷനിൽ 2008 ൽ രജിസ്റ്റർ ചെയ്ത കേസിലാണു സിനിയുടെ തട്ടിപ്പുകളുടെ ഭീകരത ആദ്യമായി പുറത്തുവരുന്നത്. ഒരു വ്യാപാരിയെ സൗഹൃദത്തിൽ കുടുക്കി നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ തട്ടിയിരുന്നു. 10 ലക്ഷം രൂപ കൂടി വീണ്ടും ആവശ്യപ്പെട്ടതോടെ വ്യാപാരി ജീവനൊടുക്കി. ഇതിനു പിന്നാലെ നടന്ന അന്വേഷണത്തിൽ സിനി കുടുങ്ങി.എറണാകുളം കണ്ണമാലിയിൽ തങ്കവിഗ്രഹം വിൽക്കാനുണ്ടെന്നു വിശ്വസിപ്പിച്ച് 36 ലക്ഷം രൂപ തട്ടി. വനിതാ കോൺസ്റ്റബിൾ ആണെന്നു വിശ്വസിപ്പിച്ചു ജൂവലറിയിൽ നിന്ന് ആറു പവനോളം സ്വർണം വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയതിനും പിടിക്കപ്പെട്ടു. ഫോർട്ട് കൊച്ചി എസിപിയുടെ ഭാര്യയാണെന്നു വിശ്വസിപ്പിച്ചു വ്യാപാരിയിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയതിനും പിടിയിലായി.
ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട സർക്കാർ ഉദ്യോഗസ്ഥയിൽ നിന്ന് 11 പവൻ തട്ടിയത്, പുതുക്കാട്ടെ ബിസിനസുകാരനിൽ നിന്ന് 74 ലക്ഷം തട്ടിയത്, പുതുക്കാട് സ്വദേശികളായ മറ്റു 4 പേരിൽ നിന്ന് 37.5 ലക്ഷം തട്ടിയത്, തൃശൂരിലെ ജൂവലറി ഉടമയിൽ നിന്ന് 27 ലക്ഷവും 70 ഗ്രാം സ്വർണവും തട്ടിയത് തുടങ്ങിയ വൻകിട തട്ടിപ്പു കേസുകളിലും ഇവർ പ്രതിയായിരുന്നു.കൊടകരയിൽ യാത്രക്കാരനെ ബൈക്കിടിച്ചു വീഴ്ത്തി 3 ലക്ഷം കവർന്നതിനും ഒല്ലൂരിൽ വീട്ടമ്മയെ കല്ലുകൊണ്ടിടിച്ചു കൊല്ലാൻ നോക്കിയതിനും അറസ്റ്റിലായി.പല ബാങ്കുകളിലായി 31 ലക്ഷം രൂപ മുക്കുപണ്ടം പണയം വച്ചു തട്ടിയിട്ടുണ്ട്. ആകെ തട്ടിച്ച സ്വർണത്തിന്റെയും പണത്തിന്റെയും മൂല്യം കോടികൾ വരുമെന്നാണു നിഗമനം. തൈക്കാട്ടുശേരിയിലെ വാടക വീട്ടിൽ നിന്നാണ് ഒല്ലൂർ എസ്എച്ച്ഒ ബെന്നി ജേക്കബും സംഘവും ഇവരെ പിടികൂടിയത്.
പേരുകൾ മാറ്റി പാറി നടക്കുന്നവളാണ് പൂമ്പാറ്റ സിനി. പോകുംവഴി സാധ്യമായിടത്തു നിന്നെല്ലാം സ്വർണവും പണവും തട്ടും. കുറച്ചു കാലം മുമ്പ് സ്വത്തുതട്ടിപ്പുകേസിൽ 'പൂമ്പാറ്റ സിനി' അറസ്റ്റിലാകുമ്പോൾ വീട്ടിലെ അടച്ചിട്ട മുറി കണ്ട പൊലീസു പോലും ഞെട്ടി. പൂട്ടിയിട്ട മുറി തുറക്കാൻ സിനിയോടാണ് പൊലീസ് ആവശ്യപ്പെട്ടത്. സിനി ആ വാതിൽ തുറന്നതും പൊലീസുകാർ പോലും പേടിച്ചു. മന്ത്രവാദം നടത്തുന്ന മുറി. കൂറ്റൻ രൂപങ്ങൾ. പോത്തിന്റെ തലയൊക്കെയുണ്ട്. മന്ത്രവാദമുണ്ടെന്നു കാട്ടി ഭയപ്പെടുത്താനുപയോഗിക്കുന്ന 'ഡെക്കറേഷൻ'.
സിനി പിടിയിലായ കേസുകളിൽ സ്വർണമിരട്ടിപ്പ്, വിഗ്രഹമുണ്ടെന്നു പറഞ്ഞുപറ്റിക്കൽ തുടങ്ങി, വിശ്വാസത്തെ ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകളേറെയാണ്. കർമം നടത്തി സ്വർണം ഇരട്ടിപ്പിക്കാം, ആസ്മ വന്നു മരിക്കാതിരിക്കാൻ കർമം ചെയ്യാം... നമ്പരുകൾ പലതാണ്. കുട്ടികളില്ലാത്ത ദമ്പതികൾക്കുള്ള പ്രത്യേക കർമത്തിന് ഒരുലക്ഷത്തിപ്പതിനായിരം രൂപയായിരുന്നത്രേ ഫീസ്. നാടാകെ ആളുകളെ പറ്റിച്ചു പലപേരിൽ പറന്നുനടക്കുന്നതുകൊണ്ടാണ് പൂമ്പാറ്റ സിനിയെന്ന പേരു വീണതെന്നു പൊലീസ് പറയുന്നു. ശ്രീജ, ശാലിനി, ഗായതി, മേഴ്സി എന്നിങ്ങനെ പല പേരുകളിലായിരുന്നു സിനി ആളുകളെ സമീപിച്ചിരുന്നത്. ആഡംബര കാറിലെ യാത്രയും വിലകൂടിയ വേഷവുമൊക്കെയാവുമ്പോൾ സ്വാഭാവികമായും ആരും സിനിയെ സംശയിച്ചിരുന്നില്ല.
തൃശൂരിലും എറണാകുളത്തുമെല്ലാമായി എണ്ണമറ്റ തട്ടിപ്പുകൾ നടത്തി കോടികളുണ്ടാക്കിയിട്ടുണ്ട് സിനി. റിയൽ എസ്റ്റേറ്റിൽ വലിയൊരു പങ്ക് നിക്ഷേപം നടത്തിയിട്ടുണ്ട്. വൻകിട ഫ്ളാറ്റുകളിലും വില്ലകളിലുമാണ് സിനിയുടെ താമസം. വിലകൂടിയ ആഡംബര കാറിൽ മാത്രമേ യാത്ര പതിവുള്ളൂ. മദ്യവും മയക്കുമരുന്നും കലർന്ന ജീവിതമായിരുന്നുവത്രേ സിനിയുടേത്. സിനിയുടെ കൊച്ചിയിലെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ പാൻ ഉൽപ്പന്നങ്ങളുടെ വലിയൊരു ശേഖരം കണ്ടെത്തിയിരുന്നു. വിൽപ്പനയ്ക്കുള്ളതാവും എന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ സിനി സ്ഥിരമായി പാനും മറ്റ് ലഹരി ഉത്പന്നങ്ങളും കഴിക്കുന്നയാളാണ്. എല്ലായ്പ്പോഴും വായിൽ ഹാൻസ് ഉണ്ടാകുമത്രേ. വെള്ളമടിയുടെ കാര്യത്തിലും ഒട്ടും മോശമല്ല. ബ്യൂട്ടിപാർലറിലെ സ്ഥിരം സന്ദർശക കൂടിയായിരുന്നു ഈ സ്ത്രീ.
തട്ടിപ്പ് പൊളിയാതിരിക്കാനും പൊലീസിന്റെ പിടിയിൽ അകപ്പെടാതിരിക്കാനും വേണ്ടി പൂമ്പാറ്റ സിനി ചാത്തൻ സേവ നടത്തിയിരുന്നു. ഇവർ താമസിക്കുന്ന വീടുകളിലെ മുറികളിൽ സ്വന്തമായി ചെറിയ ക്ഷേത്രം നിർമ്മിക്കുകയും ചാത്താൻ സേവയും പൂജയും നടത്തുകയും ചെയ്യുക പതിവായിരുന്നു. തൃശൂരിലെ പ്രമുഖ ജൂവലറി ഉടമയുടെ 17 ലക്ഷമാണ് ഒറ്റയടിക്ക് പൂമ്പാറ്റ സിനി തട്ടിയെടുത്തത്.എറണാകുളത്തെ ജൂവലറി ഉടമയ്ക്ക് പോയത് 95 പവൻ സ്വർണമാണ്.വനിതാ പൊലീസ് ആണെന്നും മകളുടെ വിവാഹമാണ് എന്നും പറഞ്ഞാണ് 95 പവൻ സ്വർണം സിനി തട്ടിയെടുത്തത്. തൃശൂരിലെ ജൂവലറിയിൽ ഉയർന്ന ഉദ്യോഗസ്ഥയാണ് എന്ന് പറഞ്ഞ് 16 ലക്ഷത്തിന്റെ സ്വർണം തട്ടി. സാധാരണ വീട്ടമ്മമാർ മുതൽ ജൂവലറി ഉടമകൾ വരെ സിനിയുടെ തട്ടിപ്പിനിരയായിരുന്നു.
സ്വർണക്കച്ചവടത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞാണ് പാലപ്പിള്ളി സ്വദേശി പൂന്തല സെയ്തലവിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്തത്. വിദേശത്ത് നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുന്ന സ്വർണം പാതിവിലയ്ക്ക് നൽകാമെന്നായിരുന്നു സിനിയുടെ വാഗ്ദാനം. ഇതിനു പുറമേ സെയ്തലവിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പ്രവാസി ബസ് താൽക്കാലിക കരാറെഴുതി സിനി സ്വന്തമാക്കുകയും ചെയ്തു. ഇതിനുപിന്നാലെ സെയ്തലവിയുടെ പേരിലുള്ള ഭൂമിയുടെ ആധാരവും സിനി സ്വന്തമാക്കിയിരുന്നു.
ചൊക്കന-പാലപ്പിള്ളി-തൃശൂർ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന പ്രവാസി ബസ് സിനി പിന്നീട് മാറ്റക്കച്ചവടം നടത്തിയെന്നും സെയ്തലവിയുടെ പരാതിയിൽ പറഞ്ഞിരുന്നു. സാധാരണ വീട്ടമ്മമാരെ മുതൽ വൻകിട ജൂവലറി ഉടമകളെ വരെ കബളിപ്പിച്ച പൂമ്പാറ്റ സിനിക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ പല കേസുകളിലും സിനി അറസ്റ്റിലായിരുന്നുവെങ്കിലും ശിക്ഷിപ്പെട്ടിരുന്നില്ല.