- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസൊന്നുമില്ലാത്ത പൂജാരിയെ കൈവിലങ്ങ് വച്ച് കൊണ്ടു പോയത് സുപ്രീംകോടതി നിര്‍ദ്ദേശങ്ങളുടെ ലംഘനം; പൂന്തറയിലെ വിവാദത്തില്‍ നടപടിക്ക് സാധ്യത
തിരുവനന്തപുരം: പൂന്തുറ പൊലീസ് മണക്കാട് മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്രത്തില്‍ നിന്നു വിലങ്ങു വച്ച് സ്റ്റേഷനിലേക്കു കൊണ്ടു പോയതില്‍ ഉന്നത തല അന്വേഷണം നടത്തും. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് അന്വേഷണം.
വിഗ്രഹ മോഷണക്കേസില്‍ പങ്കുണ്ടെന്നു സംശയിച്ചായിരുന്നു നീക്കം. നിരപരാധിയാണെന്നു തിരിച്ചറിഞ്ഞതോടെ പൂജാരിയെ വിട്ടയച്ചു. പൊലീസിന്റെ നടപടിക്കെതിരെ പൂജാരി കോട്ടുകാല്‍ പയറ്റുവിള മുരിയതോട്ടം 'അരുള്‍ നിവാസി'ല്‍ ജി.എസ്. അരുണ്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. സംഭവത്തില്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറും സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങി. കുറ്റക്കാര്‍ക്കെതിരെ നടപടി വന്നേക്കും.
ആഴ്ചകള്‍ക്ക് മുമ്പ് പൂന്തുറ ഉച്ചമാടന്‍ ദേവീക്ഷേത്രത്തില്‍ നിന്ന് ഒരു കോടിയോളം രൂപ വിലവരുന്ന പഞ്ചലോഹ വിഗ്രഹം മോഷണം പോയ കേസില്‍ പങ്കുണ്ടെന്ന സംശയത്താലാണ് പൂജാരിയെ കൊണ്ടുപോയത്. ക്ഷേത്രത്തില്‍ ദീപാരാധനയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. 'വെള്ളി വൈകിട്ട് 5.45ന് ആണ് പൂന്തുറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എത്തിയത്. യൂണിഫോമിലെത്തിയ ഉദ്യോഗസ്ഥന്‍ ' കാര്യം അറിയാമല്ലോ' എന്നു ചോദിച്ചു. അസി.കമ്മിഷണര്‍ ഓഫിസില്‍ നിന്നു വിളിച്ചിരുന്നെന്നും നാളെ 10 മണിക്ക് ഹാജരാകാമെന്നും അറിയിച്ചെങ്കിലും പൊലീസുകാരന്‍ വഴങ്ങിയില്ല.
ഷര്‍ട്ട് ധരിക്കാന്‍ പോലും സമ്മതിക്കാതെ, പൂജ ആരെങ്കിലും ചെയ്‌തോളുമെന്നു പറഞ്ഞാണ് സ്റ്റേഷനിലേക്കു കൊണ്ടുപോയി- അരുണിന്റെ പരാതിയില്‍ പറയുന്നു. ജീപ്പില്‍ കയറ്റി വിലങ്ങു വച്ച ശേഷം പൂന്തുറ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കും തുടര്‍ന്ന് സ്റ്റേഷനിലും കൊണ്ടുപോയി. 6 മുതല്‍ രാത്രി 8.10 വരെ സെല്ലില്‍ അടച്ചു. മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത ശേഷം സ്വകാര്യവാഹനത്തില്‍ കയറ്റി വിട്ടയച്ചു.
നേരത്തെ പൂന്തുറ ക്ഷേത്രത്തില്‍ പൂജാരിയായിരുന്നു. അവിടത്തെ സെക്രട്ടറിയുമായി പിണങ്ങിയാണ് ഇറങ്ങിയത്. സെക്രട്ടറി വൈരാഗ്യം തീര്‍ത്തതാണ് അരുണ്‍ പറയുന്നു. വിഗ്രഹ മോഷണക്കേസില്‍ മുന്‍ പൂജാരി അരുണിന് ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ക്ഷേത്ര ഭാരവാഹികള്‍ തുടക്കം മുതല്‍ ആരോപിച്ചിരുന്നുവെന്നാണ് പൂന്തുറ പൊലീസിന്റെ വിശദീകരണം.
പൂജാരിയെ പലതവണ വിവരങ്ങള്‍ തിരക്കാന്‍ സ്റ്റേഷനിലേക്കു വിളിച്ചു. 14 മുതല്‍ അരുണിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. ഇതിന് വേണ്ടി എന്തിനാണ് വിലങ്ങു വച്ചു കൊണ്ടു പോയതെന്നാണ് ഉയരുന്ന ചോദ്യം. സുപ്രീംകോടതി മര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഈ വിലങ്ങു വയ്ക്കല്‍.