- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹിറ്റ് ലിസ്റ്റിൽ' പരിവാർ നേതാക്കൾക്ക് അപ്പുറമുള്ള രാഷ്ട്രീയ നേതാക്കളും സാമുദായിക വ്യക്തിത്വങ്ങളും; ആ പട്ടിക പുറത്തു വിട്ടാൽ അന്തരീക്ഷം കലുഷിതമാകും; ബീഹാറിൽ മോദിയെ വകവരുത്താനുള്ള പദ്ധതിക്ക് സഹായവും പരിശീലനവും നൽകിയത് ആഗോള ഭീകര സംഘടനയോ? 'ഓപ്പറേഷൻ ഒക്ടോപ്പസിൽ' ചോദ്യം ചെയ്യൽ നിർണ്ണായകമാകും
കൊച്ചി: കേരളത്തിലെ പ്രമുഖരെ വകവരുത്താനെന്ന മട്ടിൽ പോപ്പുലർ ഫ്രണ്ട് തയാറാക്കിയതായി ആരോപിക്കപ്പെടുന്ന 'ഹിറ്റ് ലിസ്റ്റിൽ' പരിവാർ നേതാക്കൾക്ക് അപ്പുറമുള്ള രാഷ്ട്രീയ നേതാക്കളുമുണ്ടെന്ന് സൂചന. സംഘർഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഈ പട്ടിക രഹസ്യമായി സൂക്ഷിക്കാൻ അന്വേഷണസംഘത്തിനു നിർദ്ദേശം. പട്ടികയിലുള്ളവർക്ക് സുരക്ഷയൊരുക്കുന്നതും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. നേരത്തെ കേരളാ പൊലീസും ഇത്തരത്തിലൊരു ഹിറ്റ് ലിസ്റ്റുണ്ടെന്ന് പറഞ്ഞിരുന്നു. പ്രതികളുടെ ചോദ്യം ചെയ്യലും തെളിവ് ശേഖരണവും അടക്കം കേ്ന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിരീക്ഷിക്കുന്നുണ്ട്. എല്ലാം നിയന്ത്രിക്കുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും.
ഇസ്‌ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള നിരോധിത ഭീകരസംഘടനകളിലേക്ക് യുവാക്കളെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ റിക്രൂട്ട് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയതിനു പിന്നാലെ സംഘടനയ്‌ക്കെതിരെ കടുത്ത നടപടികൾ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. 'ഓപ്പറേഷൻ ഒക്ടോപ്പസ്' എന്നാണ് പോപ്പുലർ ഫ്രണ്ടിനെതിരെ നിലവിൽ നടക്കുന്ന നടപടികൾക്ക് കേന്ദ്രം നൽകിയിരിക്കുന്ന പേര്. ഇതിന്റെ ഭാഗമായി നിലവിൽ 106 പേരാണ് വിവിധ സംസ്ഥാനങ്ങളിൽ അറസ്റ്റിലായിരിക്കുന്നത്. ഇവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമ്പോൾ ശക്തമായ തെളിവുകൾ സംഘടനയ്‌ക്കെതിരെ ലഭിക്കുമെന്നാണ് ഏജൻസികളുടെ വിലിരുത്തൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിഹാറിൽവച്ച് ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പദ്ധതി തയ്യാറാക്കിയിരുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ജൂലായ് 12-ന് പട്നയിൽ നടന്ന റാലിക്കിടെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരിശീലന ക്യാമ്പ് പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നുവെന്നും ഇ.ഡി ആരോപിച്ചു. സമാനമായ കണ്ടെത്തലുകൾ എൻഐഎയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്നാണ് വിവരം. മോദിയും ഹിറ്റ് ലിസ്റ്റിലുണ്ടെന്ന സൂചനയാണ് എൻഐഎ നൽകിയത്. വിദേശ ഭീകര സംഘടനകളുടെ ഏകോപനം ഇതിന് പിന്നിലുണ്ടെന്ന സംശയവും ഉയരുന്നുണ്ട്.
പോപ്പുലർ ഫ്രണ്ടിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, അത് സംഘടനയെ നിരോധിക്കുന്നതരത്തിലേക്ക് നീങ്ങുമോ എന്ന കാര്യം വ്യക്തമല്ല. എന്തായാലും, സംഘടനയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സർക്കാർ തയ്യാറെടുക്കുന്നതായാണ് ലഭിക്കുന്ന സൂചന. തെലങ്കാനയിലും മറ്റും ക്യാമ്പുകൾ നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ യുവാക്കൾക്ക് പരിശീലനം നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതായാണ് വിവരം.
സംഘടനയെ നിരോധിക്കുമോ എന്ന ചോദ്യത്തിന് തെളിവുകളുടെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി എൻഐഎ സ്വീകരിക്കുമെന്നും നിരോധിക്കാൻ ആവശ്യപ്പെടില്ലെന്നും ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ പറഞ്ഞു. നിയമവിരുദ്ധപ്രവർത്തനം തടയൽനിയമം (യു.എ.പി.എ.) പ്രകാരം പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ 2017-ലും എൻ.ഐ.എ. ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം പോപ്പുലർഫ്രണ്ടിനെതിരേ ഏപ്രിൽ 13-ന് എൻ.ഐ.എ. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 29-ന് ചേർന്ന ഉന്നതതല യോഗത്തിൽ, ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താനും തീരുമാനിച്ചു. ഇതനുസരിച്ചുള്ള റെയ്ഡായിരുന്നു വ്യാഴാഴ്ചത്തേത്.
പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റിലെ വിശദാംശങ്ങൾ പുറത്തു വരുന്നതു സാമുദായിക അന്തരീക്ഷം കലുഷിതമാക്കുമെന്ന ആശങ്ക കേന്ദ്ര സർക്കാരിനുണ്ട്. ഹിറ്റ്‌ലിസ്റ്റ് അതേപടി കോടതിയിൽ സമർപ്പിക്കാനും സാധ്യതയില്ല. കോടതിക്കു കൈമാറേണ്ട സാഹചര്യമുണ്ടായാൽ മുദ്രവച്ച കവറിൽ നൽകാനാണു സാധ്യത. റിമാൻഡിലുള്ള 11 പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ എൻഐഎ ഇൻസ്‌പെക്ടർ കെ.ഉമേഷ് റായ് ആണു പ്രത്യേക കോടതി മുൻപാകെ അപേക്ഷ സമർപ്പിച്ചത്.
കേസിലെ രണ്ടാം പ്രതി പോപ്പുലർ ഫ്രണ്ട് എജ്യുക്കേഷൻ വിഭാഗം ദേശീയ ഇൻ ചാർജ് കരമന അഷറഫ് മൗലവി, 4 മുതൽ 11 വരെ പ്രതികളായ പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ്, മേഖലാ സെക്രട്ടറി ഷിഹാസ്, നടക്കാവ് ഡിവിഷൻ ജോ. കൺവീനർ പി. അൻസാരി, ഈരാറ്റുപേട്ട നടയ്ക്കൽ ഡിവിഷനൽ കൺവീനർ എം.എം. മുജീബ്, മുണ്ടക്കയം ഡിവിഷനൽ കൺവീനർ നജ്മുദ്ദീൻ, കോട്ടയം ജില്ലാ സെക്രട്ടറി ടി.എസ്.സൈനുദ്ദീൻ, പെരുമ്പിലാവ് സ്വദേശി പി.കെ. ഉസ്മാൻ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം യഹിയ കോയ തങ്ങൾ, 13,14 പ്രതികളായ വളാഞ്ചേരി സ്വദേശി കെ. മുഹമ്മദലി, കാസർകോട് ജില്ലാ പ്രസിഡന്റ് സി.ടി. സുലൈമാൻ എന്നിവരെയാണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്.
11 പേരെയും കൊച്ചിയിൽ തന്നെ ചോദ്യം ചെയ്യാനാണു തീരുമാനം. സംസ്ഥാനത്തിനു പുറത്തു നടത്തിയ രഹസ്യയോഗങ്ങളിൽ പങ്കെടുത്തവരെ തെളിവെടുപ്പിനായി അങ്ങോട്ടു കൊണ്ടുപോകും.
മറുനാടന് മലയാളി ബ്യൂറോ