പത്തനംതിട്ട: ജില്ലയിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ നാല് കെഎസ്ആർടിസി ബസുകൾക്ക് കല്ലെറിഞ്ഞ കേസുകളിൽ മൂന്നു പേർ ഇതു വരെ പിടിയിലായി. കോന്നി, പത്തനംതിട്ട, പന്തളം എന്നിവിടങ്ങളിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. പന്തളത്ത് ഒരാളെയും കോന്നിയിൽ നാലു പേരെയും പത്തനംതിട്ടയിൽ മൂന്നു പേരെയും കൂടി പിടികിട്ടാനുണ്ട്.

സിസിടിവി പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരും പിടിയിലായിട്ടുള്ളത്. ഇതിൽ പന്തളത്ത് പിടിയിലായ കാർത്തികപ്പള്ളി ചെറുതന കോടമ്പള്ളിൽത്തറ സനൂജ് (32) ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ എബിവിപി നേതാവ് വിശാലിനെ കൊലപ്പെടുത്തിയ കേസിൽ എട്ടാം പ്രതിയാണ്.

ഇന്നലെ പുലർച്ചെ ഭാര്യ വീടായ താമരക്കുളത്തിന് സമീപത്ത് നിന്നും അറസ്റ്റ് ചെയ്തത്. പന്തളത്ത് നിന്നും അടൂർ വഴി പെരുമൺ ഭാഗത്തേക്ക് പോകുന്നതിന് വേണ്ടി പന്തളം ഡിപ്പോയിൽ നിന്നും വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടുകൂടി ബസ് പുറപ്പെട്ടപ്പോൾ മാർക്കറ്റിന് സമീപത്ത് വച്ച് ബൈക്കിൽ എത്തിയ രണ്ട് പേരിൽ പിന്നിലിരുന്ന സനുജ് കല്ലെറിയുകയായിരുന്നു. ബൈക്ക് ഓടിച്ച ആൾക്കായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ഡിപ്പോയിലെ ഡ്രൈവർ രാജേന്ദ്രൻ (49) ആണ് കല്ലേറിൽ ചില്ല് തകർന്ന് വീണ് കണ്ണിന് പരുക്ക് പറ്റിയത്.

എസ്എച്ച്ഒ എസ്. ശ്രീകുമാർ, എസ്‌ഐ.മാരായ ബി.എസ്.ശ്രീജിത്ത്, ബി. അനിൽകുമാർ, സി.പി.ഓമാരായ അർജുൻ കൃഷ്ണൻ, കെ. അമീഷ്, എസ്. അൻവർഷ, പി.എസ്.ശരത്, വി.ജി. സഞ്ജയൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടിച്ചത്. പത്തനംതിട്ടയിൽ പുനലൂരിന് സർവീസ് നടത്തിയ ബസിന് നേർക്ക് നാലു പേരാണ് കല്ലെറിഞ്ഞത്.

ഇതിൽ മത്സ്യവ്യാപാരിയായ കുലശേഖരപതി സ്വദേശി ഷഫീഖ് (33)ആണ് പിടിയിലായത്. അമ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഇയാളുടെ സുഹൃത്തുക്കളാണ് പിടിയിലാകാനുള്ള മൂന്നു പേർ.

ഡിവൈ.എസ്‌പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജിബു ജോൺ, എസ്ഐ അനുപ് ചന്ദ്രൻ, രതീഷ്, എഎസ്ഐ സവിരാജൻ, രാജീവ്, എസ് സിപിഓമാരായ മണിലാൽ, സജിൻ, ഷെഫീക്ക്, ശ്യാം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോന്നി കുളത്തുങ്കലിൽ തിരുവനന്തപുരത്ത് നിന്നും പത്തനംതിട്ടയിലേക്ക് വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ എറിഞ്ഞു തകർത്ത കേസിൽ മൂന്നും നാലും പ്രതികളായ വകയാർ ആഷിഖ് മൻസിലിൽ ആഷിഖ് (27), അരുവാപ്പുലം മുതുപേഴുങ്കൽ മ്ലാന്തടം അരീക്കൽ വീട്ടിൽ നൗഫൽ അഹമ്മദ് (19) എന്നിവരാണ് പിടിയിലായത്.

ഈ കേസിൽ ഒന്നും രണ്ടും പ്രതികൾ പിടിയിലാകാനുണ്ട്. കല്ലേറിൽ ബസിന്റെ മുൻഭാഗം തകരുകയും കോന്നി സബ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ക്ലാർക്ക് ബോബി മൈക്കിളിന്റെ കണ്ണിന് പരുക്കേൽക്കുകയും ചെയ്തിരുന്നു. കോന്നി സ്റ്റേഷൻ പരിധിയിൽ ഇളകൊള്ളൂരിൽ വച്ച് പുനലൂർ-പത്തനംതിട്ട ബസിന് കല്ലെറിഞ്ഞ രണ്ടു പേരെ കൂടി പിടികിട്ടാനുണ്ട്.