- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ തുർക്കി അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനും മുസ്ലിം ഏകീകരണം ഉണ്ടാക്കാനും പോപ്പുലർ ഫ്രണ്ടിനെ ഉപയോഗപ്പെടുത്തി; ഫൗണ്ടേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ഹ്യുമാനിറ്റേറിയൻ റിലീഫ് വഴി അൽ ഖ്വയ്ദ പോപ്പുലർ ഫ്രണ്ടിന് സഹായമെത്തിച്ചു; തീവ്രാവാദികളുമായി നേതാക്കളുടെ കൂടിക്കാഴ്ചയക്ക് തെളിവും; പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചേക്കും; എൻഐഎ കണ്ടെത്തലുകൾ നിർണ്ണായകമാകും
ന്യൂഡൽഹി: ദേശവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ഇതിനായി നിയമോപദേശം തേടി. കോടതിയിൽ നിരോധനം ചോദ്യം ചെയ്യപ്പെട്ടാലും തിരിച്ചടിയുണ്ടാകാതിരിക്കാനാണ് ഈ നടപടി. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം മുന്നോട്ടുനീങ്ങണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. ഓപ്പറേഷൻ ഒക്ടോപ്പസിൽ കിട്ടിയ തെളിവുകൾ വിശകലനം ചെയ്ത് അന്തിമ തീരുമാനം എടുക്കും. അറസ്റ്റിനുശേഷം ചോദ്യം ചെയ്യലും ദേശവിരുദ്ധ പ്രവർത്തനത്തിന്റെ തെളിവുശേഖരണ ശ്രമവും തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാവും അടുത്ത നടപടി.
പോപ്പുലർ ഫ്രണ്ടിന് ഭീകരസംഘടനയായ അൽഖ്വയ്ദയിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചെന്ന് എൻഐഎ. തുർക്കിയിലെ സഹസംഘടനയായ ഫൗണ്ടേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ഹ്യുമാനിറ്റേറിയൻ റിലീഫ് വഴി അൽ ഖ്വയ്ദ പോപ്പുലർ ഫ്രണ്ടിന് സഹായമെത്തിച്ചെന്നാണ് എൻഐഎ പറയുന്നത്. പോപ്പുലർ ഫ്രണ്ട് നടത്തിയ ആശയ വിനിമയത്തിന്റേയും സാമ്പത്തിക വിനിമയത്തിന്റേയും തെളിവുകൾ എൻഐഎയ്ക്ക് ലഭിച്ചുവെന്നും അവകാശപ്പെടുന്നു. ഇക്കാര്യങ്ങൾ ആധികാരികമായി ഉറപ്പാക്കും. അതിന് ശേഷമാകും നിരോധനത്തിൽ തീരുമാനം എടുക്കുക.
പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഇസ്താംബൂളിൽ വച്ച് ഭീകരസംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്നും എൻഐഎ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് നേതാക്കളായ ഇ എം അബ്ദുറഹ്‌മാൻ, പ്രൊഫസർ ടി കോയ എന്നിവർ അൽ ഖ്വയ്ദയുടെ സഹ സംഘടനയുമായി ചർച്ച നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇതിനുള്ള തെളിവുകൾ വിശ്വാസ യോഗ്യമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ബോധ്യപ്പെട്ടാൽ നിരോധനം വരും.
2008ലെ സിമി നിരോധനം കേന്ദ്രസർക്കാറിന് പിൻവലിക്കേണ്ടിവന്നിരുന്നു. പിന്നീട് വീണ്ടും നിരോധിക്കുകയായിരുന്നു. മീഡിയാവൺ ചാനലിന്റെ നിരോധനത്തിലും തിരിച്ചടി കിട്ടി. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നിയമവശങ്ങളുടെ വിശദ പരിശോധന. യു.എ.പി.എ, കള്ളപ്പണ നിരോധന നിയമങ്ങൾ പ്രകാരം ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) മുന്നോട്ടുവെക്കുന്ന തെളിവുകൾ കേന്ദ്ര സർക്കാർ പരിശോധിക്കും. അതിന് ശേഷം ആഭ്യന്തര മന്ത്രാലയം തീരുമാനം എടുക്കും.
ഭീകര സംഘടന ബന്ധം, ദേശദ്രോഹ പ്രവർത്തനത്തിന് വിദേശ സഹായം, തീവ്രവാദ പരിശീലനം, ആയുധ, സ്‌ഫോടകവസ്തു ഉപയോഗം, കള്ളപ്പണ ഇടപാട്, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറം ധനസഹായം തുടങ്ങിയ ആരോപണങ്ങളാണ് ഉയർത്തുന്നത്. റെയ്ഡിനും അറസ്റ്റിനും ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തിയിരുന്നു. പോപുലർ ഫ്രണ്ടിനെതിരായ ആരോപണങ്ങളിലെ വസ്തുതകൾ അവലോകനം ചെയ്തു.
ഹ്യൂമൻ റൈറ്റ്സ് ഹ്യുമാനിറ്റേറിയൻ റിലീഫ് പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷം പോപ്പുലർ ഫ്രണ്ട് നേതാക്കൾ അൽ ഖ്വയ്ദ അനുവദിച്ച സാമ്പത്തിക സഹായം സ്വീകരിച്ചെന്നാണ് എൻഐഎ കണ്ടെത്തൽ. വ്യത്യസ്ത ഭീകരവാദ സംഘടനകൾക്ക് രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമായ വിധത്തിൽ പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്താണ് പോപ്പുലർ ഫ്രണ്ട് സാമ്പത്തിക സഹായം സ്വീകരിച്ചതെന്ന് എൻഐഎ വിശദീകരിക്കുന്നു. പി എഫ് ഐ തുർക്കിക്ക് വേണ്ടി ചാരപ്രവർത്തനം നടത്തി എന്നതിന്റെ സൂചനകളും ലഭിച്ചതായി എൻഐഎ പറയുന്നു. ഇതെല്ലാം നിരോധനത്തിൽ നിർണ്ണായക വാദങ്ങളായി മാറും.
അൽ ഖ്വയ്ദ അനുവദിച്ച സാമ്പത്തിക സഹായം പോപ്പുലർ ഫ്രണ്ട് നേതാക്കൾ സ്വീകരിച്ചെന്നും എൻഐഎ വ്യക്തമാക്കുന്നുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനം വാഗ്ദാനം ചെയ്താണ് പോപ്പുലർ ഫ്രണ്ട് സാമ്പത്തിക സഹായം സ്വീകരിച്ചിരിക്കുന്നത്. ഒന്നിലധികം രാജ്യങ്ങൾ നിരോധിച്ച സംഘടന കൂടിയാണ് ഫൗണ്ടേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ഹ്യുമാനിറ്റേറിയൻ റിലീഫ്. എൻജിഒ എന്ന നിലയിലാണ് ഈ സംഘടന പ്രവർത്തിച്ചുവരുന്നത്.യുദ്ധ മേഖലകളിൽ സന്നദ്ധ സംഘടന പ്രവർത്തനത്തിന്റെ മറവിൽ ആയുധം എത്തിക്കുകയും ഭീകരവാദികൾക്കു സഹായം എത്തിച്ചതിന്റെ പേരിലാണ് റഷ്യ സംഘടനക്ക് എതിരെ രംഗത്തു വന്നത്.
ലോക രാജ്യങ്ങളിൽ തീവ്ര സ്വഭാവമുള്ള സംഘടനകളുമായി തുർക്കി അടുത്ത ബന്ധം സ്ഥാപിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് പോപ്പുലർ ഫ്രണ്ടുമായി സംഘടനാ നേതാക്കൾ ചർച്ച നടത്തിയത്. ലോക മുസ്ലീങ്ങളുടെ തലവനായി മാറി തുർക്കി കേന്ദ്രമാക്കി ഖിലാഫത്തു സ്ഥപിക്കലാണ് എർദോഗന്റെ ലക്ഷ്യം. ഇന്ത്യയിൽ തുർക്കിക്ക് അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനും മുസ്ലിം ഏകീകരണം ഉണ്ടാക്കാനും പോപ്പുലർ ഫ്രണ്ടിനെ ഉപയോഗപ്പെടുത്താനാണ് എർദോഗൻ ലക്ഷ്യമിടുന്നത്.
മറുനാടന് മലയാളി ബ്യൂറോ