- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരോധിക്കപ്പെട്ട എട്ട് അനുബന്ധ സംഘടനകൾ പോപ്പുലർ ഫ്രണ്ടിനെ ശക്തിപ്പെടുത്തുന്ന 'വേരുകളും രക്തധമനികളും'; മോദിയെ കൊല്ലാനായി പട്‌ന ഫുൽവാരി ഷെരീഫിൽ ഹിറ്റ് സ്ക്വാഡിന് പരിശീലനം നൽകി; നിരോധനത്തിനും അടിയന്തര നടപടികൾക്കും കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചതു പ്രധാനമന്ത്രിയെ നോട്ടമിട്ടത്; പോപ്പുലർ ഫ്രണ്ടിന് വിലക്കു വന്ന വഴി ഇങ്ങനെ
പട്‌ന: പോപ്പുലർ ഫ്രണ്ട് നിരോധനത്തിനും അടിയന്തര നടപടികൾക്കും കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചതു ജൂലൈ 12നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പട്‌ന സന്ദർശനത്തിനിടെ ആക്രമണം നടത്താൻ പോപ്പുലർ ഫ്രണ്ട് പദ്ധതി തയാറാക്കിയെന്ന ഇന്റലിജൻസ് റിപ്പോർട്ട്. ഹിറ്റ് സ്‌ക്വാഡിനു തീവ്രപരിശീലനം നൽകാൻ പട്‌ന ഫുൽവാരി ഷെരീഫിൽ നടത്തിയ ക്യാംപിലെ വിവരങ്ങളും നിർണ്ണായകമായി. പോപ്പുലർ ഫ്രണ്ടിനു ലഷ്‌കറെ തയ്ബ, ഐഎസ്, അൽ ഖായിദ തുടങ്ങിയ ഭീകരസംഘടനകളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ രാജ്യവ്യാപക റെയ്ഡിൽ കണ്ടെത്തി. ഇതും നിർണ്ണായകമായി. രാജ്യത്തിന്റെ ഭരണഘടനാ അധികാരവും അഖണ്ഡതയും അവഗണിച്ചു രാജ്യസുരക്ഷ അപകടത്തിലാക്കിയ സംഘടനയ്ക്കെതിരെ അടിയന്തര നടപടി ആവശ്യമാണെന്നാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്ന ഉത്തരവിൽ പറയുന്നത്. നിരോധിച്ചില്ലെങ്കിൽ ദേശവിരുദ്ധ വികാരം പ്രചരിപ്പിച്ചു സമൂഹത്തിലെ ഒരു വിഭാഗത്തെ തീവ്ര നിലപാടിലേക്കു മാറ്റാനുള്ള ശ്രമം തുടരും.
രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും (പിഎഫ്‌ഐ) അനുബന്ധ സംഘടനകളും ഏർപ്പെട്ടതായി സംഘടനകളെ നിരോധിച്ചുള്ള വിജ്ഞാപനത്തിൽ പറയുന്നു. നിരോധിക്കപ്പെട്ട 8 അനുബന്ധ സംഘടനകൾ പോപ്പുലർ ഫ്രണ്ടിനെ ശക്തിപ്പെടുത്തുന്ന 'വേരുകളും രക്തധമനികളു'മാണെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി. ഇതിന് ആധാരമായത് മോദിക്കെതിരായ വധശ്രമമാണ്. ഇതിൽ ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയതോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഗൗരവത്തോടെ കാര്യം എടുത്തത്. ചുമതലകൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് കൈമാറി.
കണ്ണൂർ സ്വദേശി ഷഫീഖ് പായത്ത് ഉൾപ്പെടെയുള്ളവർ ഈ ക്യാമ്പിന് നേതൃത്വം നൽകിയെന്നും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറിയിച്ചു. അറസ്റ്റിലായ ഷഫീഖ് പായത്തിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. തീവ്രവാദ സംഘടനകൾ സമുദ്ര യാത്രയിൽ ആശയവിനിമയത്തിന് ഉപയോഗിക്കാറുള്ള രണ്ട് ലൗറൻസ് എൽഎച്ച്ആർ80 വയർലെസ് സെറ്റുകൾ തമിഴ്‌നാട്ടിലെ റെയ്ഡിൽ കണ്ടെടുത്തിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ബറക്കത്തുല്ല എന്നയാളിൽ നിന്നാണ് വയർലെസ് പിടിച്ചെടുത്തത്. തീരരക്ഷാസേനയുടെ സാന്നിധ്യം അറിയാനുതകുന്നതാണ് ഈ വയർലെസ്. രഹസ്യമായി ആശയവിനിമയവും സാധിക്കും.
ചെയർമാൻ ഒ.എം.എ സലാമിന്റെ സഹായിയായ എം.മുഹമ്മദ് ഇസ്മായിലിൽ നിന്നു പിടിച്ചെടുത്ത ഡയറിയിൽ നിന്നു നിർണായക വിവരങ്ങൾ ലഭിച്ചതായി എൻഐഎ പറഞ്ഞു. കെഎസ്ഇബി ഉദ്യോഗസ്ഥനായിരിക്കെ ഒ.എം.എ. സലാം ചട്ടവിരുദ്ധമായി പോപ്പുലർ ഫ്രണ്ട് ചെയർമാൻ സ്ഥാനം വഹിച്ചു. കെഎസ്ഇബിയിൽ നിന്നു സസ്‌പെൻഷനിലായ സലാം നടത്തിയ അനധികൃത വിദേശ യാത്രകളെക്കുറിച്ചു വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. ഇതും ചർച്ചയാക്കി. സെക്രട്ടറി നാസറുദ്ദീൻ എളമരത്തിനെതിരെ പത്തോളം കേസുകൾ നിലവിലുണ്ട്. ദേശീയ കൗൺസിൽ അംഗം പി.കോയ നേരത്തേ സിമി നേതൃത്വത്തിലുണ്ടായിരുന്നു.
രാജസ്ഥാനിലെ ഗുജ്ജർ മാലി സമുദായങ്ങൾക്കിടെ സ്പർധ സൃഷ്ടിക്കാനുള്ള പദ്ധതിയിൽ പി.കോയയ്ക്കു പങ്കുണ്ടായിരുന്നതായും ആരോപിക്കുന്നു. പി.കോയയും പോപ്പുലർ ഫ്രണ്ട് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാനും തുർക്കിയിൽ അൽഖായിദ ബന്ധമുള്ള ചാരിറ്റബിൾ സംഘടനയുമായി നേരത്തേ ബന്ധം പുലർത്തിയതിന്റെ തെളിവുകളും ലഭിച്ചതായി എൻഐഎ അറിയിച്ചു. നിരോധിത സംഘടനയായ സിമിയിലെ നേതാക്കളാണു പോപ്പുലർ ഫ്രണ്ടിലെ സ്ഥാപകാംഗങ്ങൾ. നിരോധിത സംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശുമായും ഇവർക്കു ബന്ധമുണ്ട്. പോപ്പുലർ ഫ്രണ്ടിലെ ഏതാനും പ്രവർത്തകർ ഐഎസിൽ ചേർന്നു സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഭീകരപ്രവർത്തനങ്ങളിലേർപ്പെട്ടു. ഇതിൽ ചിലർ കൊല്ലപ്പെടുകയും മറ്റു ചിലർ അറസ്റ്റിലാവുകയും ചെയ്തു.
തീവ്രവാദ, ക്രിമിനൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി സംഘടനാ ഭാരവാഹികളും പ്രവർത്തകരും ഇന്ത്യയിലും വിദേശത്തും നിന്നു ഫണ്ട് ശേഖരിച്ചു. ഹവാല ഇടപാടിലൂടെ കൈപ്പറ്റിയ പണം നിയമപരമാക്കാൻ ക്രമക്കേടുകൾ നടത്തി. യുവാക്കൾ, വനിതകൾ, വിദ്യാർത്ഥികൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും ഫണ്ട് ശേഖരണം ഉയർത്താനും ലക്ഷ്യമിട്ടാണ് അനുബന്ധ സംഘടനകൾ രൂപീകരിച്ചത് എന്നും വിശദീകരിക്കുന്നു. കേന്ദ്രസർക്കാർ നിരോധിച്ചതിനെതിരേ പോപ്പുലർ ഫ്രണ്ടിനു യു.എ.പി.എ. ട്രിബ്യൂണലിൽ അപ്പീൽ നൽകാം. പോപ്പുലർ ഫ്രണ്ടിനുവേണ്ടി ഭാരവാഹികളാണ് അപ്പീൽ നൽകേണ്ടത്. ആറു മാസത്തിനകം ട്രിബ്യൂണൽ വാദം കേൾക്കണം. ആറു മാസത്തിനുള്ളിൽ തീരുമാനമെടുക്കണം.
അഞ്ചു കൊല്ലത്തേക്കു പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതു വേണമെങ്കിൽ ട്രിബ്യൂണലിനു പുനഃപരിശോധിക്കാനാകും. ട്രിബ്യൂണൽ വിധിക്കെതിരേ കക്ഷികൾക്കു സുപ്രീം കോടതിയെ സമീപിക്കാനുമാകും. യു.എ.പി.എ. നിയമത്തിൽ വിഭാവനം ചെയ്തിട്ടുള്ളതാണു ട്രിബ്യൂണൽ. യു.എ.പി.എ. ആക്ട് പ്രകാരം നിരോധിക്കപ്പെടുന്നവരുടെ അപ്പീൽ പരിഗണിക്കുന്നതിനു ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ട്രിബ്യൂണലിനെ കേന്ദ്രസർക്കാർ നിയമിക്കണം. ട്രിബ്യൂണലിന്റെ തീർപ്പിനു വിധേയമായിട്ടായിരിക്കും നിരോധനം അന്തിമമായി നടപ്പിൽവരിക.
1967 ലെ യു.എ.പി.എ. നിയമം സെക്ഷൻ നാല് പ്രകാരം സംഘടനകളെ നിരോധിക്കുമ്പോൾ ട്രിബ്യൂണൽ രൂപവത്കരിച്ച് ആരോപണങ്ങൾ പരിശോധിച്ചു നിരോധനം ശരിവയ്ക്കണം. ഇതു പ്രകാരമാണ് വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ (ഐ.ആർ.എഫ്.) സമർപ്പിച്ച അപ്പീൽ പരിഗണിക്കാൻ അന്നത്തെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ട്രിബ്യൂണലിനെ 2021 ഡിസംബറിൽ നിയോഗിച്ചത്. ഐ.ആർ.എഫിനെ നിരോധിച്ച കേന്ദ്രതീരുമാനം ട്രിബ്യൂണൽ കഴിഞ്ഞ മാർച്ചിൽ ശരിവച്ചു.
ട്രിബ്യൂണൽ തെളിവുകൾ മുദ്രവച്ച കവറിൽ നൽകാനാൻ കേന്ദ്രത്തിന് അവസരമുണ്ട്്. അതിൽ പരാമർശിക്കുന്ന കാര്യങ്ങൾ പരിശോധിച്ചും തെളിവുകൾ കണക്കിലെടുത്തുമാണു ട്രിബ്യൂണൽ വിധിപറയുക. ഇത് പോപ്പുലർ ഫ്രണ്ടിന് നിർണ്ണായകമാകും.
മറുനാടന് മലയാളി ബ്യൂറോ