കൊല്ലം: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ കസ്റ്റഡിയിൽ ആയ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താറിനെ കേരളാ പൊലീസ് എൻഐഎയ്ക്ക് കൈമാറും. കൊല്ലം കരുനാഗപ്പള്ളി കാരുണ്യ സെന്ററിൽ നിന്നാണ് എൻ.ഐ.എയും കേരള പൊലീസും അടങ്ങുന്ന സംഘം കസ്റ്റഡിയിലെടുത്തത്. ജില്ലക്കു പുറത്തായിരുന്ന സത്താർ ഇന്ന് രാവിലെയാണ് കരുനാഗപ്പള്ളി കാരുണ്യ സെന്ററിൽ മടങ്ങിയെത്തിയത്. നാടകീയമായിട്ടായിരുന്നു അറസ്റ്റ്. എൻഐഎ ആവശ്യപ്രകാരമായിരുന്നു നടപടി.

രാവിലെ പോപ്പുലർ ഫ്രണ്ട് നിരോധത്തെ കുറിച്ച് പ്രതികരിച്ച അബ്ദുൽ സത്താർ, കേന്ദ്ര സർക്കാർ നടപടിയെ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കിയിരുന്നു. നിയമനടപടികൾ സ്വീകരിക്കാനായി ഉടൻ തന്നെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചു. അധികൃതർ നടത്തിയ റെയ്ഡിൽ പൂർണമായി സഹകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് സത്താറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

തീവ്രവാദ ഫണ്ടിംഗുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. സംഘടനയെ നിരോധിക്കണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും ഉന്നയിച്ചിരുന്നുവെന്നും അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ തീരുമാനം. സെപ്റ്റംബർ 22, 27 തീയതികളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സംസ്ഥാന പൊലീസ് എന്നിവർ രാജ്യത്തെ പിഎഫ്ഐ ഓഫീസുകളിൽ വ്യാപകറെയ്ഡ് നടത്തിയിരുന്നു. ചൊവ്വാഴ്‌ച്ചത്തെ റെയ്ഡിൽ സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഡൽഹി, അസം, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ ഇന്നലെ റെയ്ഡ് നടക്കുന്നത്. 176 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും നേതാക്കളെയും കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.

രാജ്യത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)യുടെ പ്രവർത്തനം നിരോധിച്ചുള്ള വിജ്ഞാപനം ഇന്ന് രാവിലെയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. അഞ്ച് വർഷത്തേക്കാണ് സംഘടനക്ക് നിരോധനം ഏർപ്പെടുത്തിയത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർ.ഐ.എഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എ.ഐ.ഐ.സി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ (എൻ.സി.എച്ച്.ആർ.ഒ), നാഷനൽ വുമൻസ് ഫ്രണ്ട് , ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ, കേരള എന്നീ പോപ്പുലർ ഫ്രണ്ടിന്റെ എട്ട് അനുബന്ധ സംഘടനകൾക്കും നിരോധനം ബാധകമാക്കിയിട്ടുണ്ട്.

രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും സംഘടന ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുലർച്ചെ പുറത്തിറക്കിയ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഭീകരപ്രവർത്തനത്തിൽ നേരിട്ട് ബന്ധം, ഫണ്ട് സ്വരൂപണം, ആയുധ പരിശീലനം, ന്യൂനപക്ഷ വിഭാഗത്തെ ചെറുപ്പക്കാരെ തീവ്രവാദ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് നിരോധനത്തിനായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്.

2006 നവംബർ 22നാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) സ്ഥാപിച്ചത്. കേരളത്തിലെ എൻ.ഡി.എഫ്, കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്‌നിറ്റി, തമിഴ്‌നാട്ടിലെ മനിത നീതി പാസറൈ എന്നീ സംഘടനകൾ ചേർന്ന് രൂപം കൊടുത്ത ദേശീയ സംഘടനയാണ് പി.എഫ്.ഐ. ആന്ധ്രപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ കമ്യൂണിറ്റി സോഷ്യൽ ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി, പശ്ചിമ ബംഗാളിലെ നാഗരിക് അധികാർ സുരക്ഷാസമിതി, മണിപ്പൂരിലെ ലൈലോങ് സോഷ്യൽ ഫോറം എന്നിവയും പോപ്പുലർ ഫ്രണ്ടിലെ അംഗ സംഘടനകളാണ്.