കണ്ണൂർ:പോപ്പുലർഫ്രണ്ടിനെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം മുറുകിയിരിക്കെ കണ്ണൂർ ജില്ലയിൽ നടന്ന ചില രാഷ്ട്രീയ കൊലപാതക കേസുകളും പുനഃ പരിശോധിക്കുന്നു. സംസ്ഥാനത്തെ ചില ഉന്നത നേതാക്കൾ പോപ്പുലർഫ്രണ്ട് ഹിറ്റ്ലിസ്റ്റിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രരഹസ്യാന്വേഷണവിഭാഗവും സംസ്ഥാന പൊലിസും അന്വേഷണമാരംഭിച്ചത്.

ക്ഷേത്രസംരക്ഷണ സമിതി നേതാവ് പുന്നാട് അശ്വിനികുമാർ, സി.പി. എം പ്രവർത്തകനായ ഇരിട്ടിയിലെ സജീവൻ, എ.ബി.വി.പി നേതാവ് കണ്ണവം ശ്യാമപ്രസാദ് തുടങ്ങിയ കൊലപാതക കേസുകളാണ് പുനഃപരിശോധനടത്തുന്നത്്. തീവ്രവാദ സാന്നിധ്യം ഇത്തരം കൊലപാതകങ്ങളിലുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ അക്രമം നടന്ന ജില്ലകളിലൊന്നാണ് കണ്ണൂർ.

ഹർത്താലുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി പൊലിസ് സ്റ്റേഷൻ പരിധിയിൽ മാത്രം എൺപതുകേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.വധശ്രമം, സ്ഫോടക വസ്തുക്കൾ കൈക്കാര്യം ചെയ്യൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, ചരക്കുലോറിയുടെ താക്കോൽ ഊരി കടന്നുകളയൽ, വാഹനങ്ങളും കടകളും അടിച്ചുതകർക്കൽ, മർദ്ദനം, ഭീഷണി, ഗൂഢാലോചന തുടങ്ങിയ സംഭവങ്ങൾക്കാണ് കേസെടുത്തത്.

പോപ്പുലർഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിനിടെയുണ്ടായ അക്രമങ്ങൾ സിറിയയിലും ഇറാഖിലുമൊക്കെ നടക്കുന്ന ഗറില്ലാ മോഡലാണെന്ന റിപ്പോർട്ട് സംസ്ഥാന രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ടു നൽകിയിട്ടുണ്ട്. സമീപക്കാലത്ത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ നടത്തിയ ഹർത്താലിനെക്കാൾ ഏറ്റവും കൂടുതൽ ആക്രമണം നടന്ന ഹർത്താലുകളിലൊന്നാണിതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.. കെ. എസ്. ആർ.ടി.സി ബസുകൾക്ക് നേരെ ഗറില്ലാമോഡൽ അക്രമമാണ് നടന്നതെന്നാണ് വിലയിരുത്തൽ.

സാധാരണ ഹർത്താലുകളിൽ നിന്നും ഒഴിവാക്കപ്പെടുന്ന ഇരുചക്രവാഹനങ്ങൾ, ആംബുലൻസുകൾ എന്നിവയും അക്രമിക്കപ്പെട്ടു. കണ്ണൂർ ജില്ലയിലെ ചില പി. എഫ്. ഐ സ്വാധീനകേന്ദ്രങ്ങളിൽ തമ്പടിച്ചാണ് ആക്രമണങ്ങൾ അരങ്ങേറിയിട്ടുള്ളതെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
ആൾക്കൂട്ടങ്ങൾക്കിടെയിൽ നിന്നും രണ്ടോ മൂന്നോ പേരെത്തി ആക്രമണം നടരത്തിയശേഷം രക്ഷപ്പെടുകയായിരുന്നു.

നാറാത്ത് എൻ. ഐ. എ കേസുമായി ബന്ധപ്പെട്ടു പൊലിസ് കണ്ടെത്തിയ അക്രമരീതികളും കഴിഞ്ഞ ഹർത്താലിൽ നടന്ന ഗറില്ലാ അക്രമങ്ങളും തമ്മിൽ സാമ്യമുണ്ടെന്നാണ് പൊലിസിന്റെ കണ്ടെത്തൽ.തങ്ങൾക്കെതിരെ യു. എ. പി. എ ചുമത്താതിരിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് പെട്രോൾ ബോംബുകൾ പ്രയോഗിച്ചതിന് പിന്നിലെന്നാണ് പൊലിസ് വിലയിരുത്തൽ.

നേരത്തെ ആസൂത്രണം ചെയ്തതു കൊണ്ടാണ് പെട്രോൾ ബോംബുനിർമ്മിച്ചതെന്നു പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പ്രവർത്തകർ ഇരുചക്രവാഹനങ്ങളിലാണ് അക്രമണത്തിന് പുറപ്പെട്ടതെന്നും ആക്രമണ ശേഷം തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പ്രവർത്തകർ ഇരുചക്രവാഹനങ്ങളിലാണ് ആക്രമണത്തിന് പുറപ്പെട്ടതെന്നും ആക്രമണശേഷം തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ ഇവർ തിരികെയെത്തുന്നതായും പൊലിസ് പറയുന്നു.