- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്തു നിന്ന് 120 കോടിയോളം രൂപ എത്തി; എൻആർഐ അക്കൗണ്ട് വഴി കടത്തിയ പണം നിയമവിധേയമാക്കാൻ അനുബന്ധ സംഘടനകളെ ഉപയോഗിച്ചു; പരിശോധിക്കുന്നത് 3000ത്തിൽ അധികം അക്കൗണ്ടുകൾ; കൂടുതൽ അറസ്റ്റിന് സാധ്യത; ലക്ഷ്യമിടുന്നത് പോപ്പുലർ ഫ്രണ്ടിനെ ഭീകര ഫണ്ടിംഗിൽ പൂട്ടാൻ
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് കേസിൽ എൻഐഎ അന്വേഷണം തുടരും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്. കൂടുതൽ നേതാക്കളെയും പ്രവർത്തകരെയും വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്തേക്കുമെന്നു സൂചന. കൂടുതൽ റെയ്ഡിനും സാധ്യതയുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടുകളിലേക്കു വിദേശത്തുനിന്ന് 120 കോടിയോളം രൂപ എത്തിയത് കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഘടനകളിലെ പ്രവർത്തകരുടെ ഭാവി നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കങ്ങൾ അതീവരഹസ്യമായാണു മന്ത്രാലയം നടത്തിയത്. സംഘടനയെ നിരോധിക്കാൻ ശുപാർശ ലഭിച്ചിട്ടുണ്ടോ എന്ന് വിവരാവകാശ ചോദ്യത്തിന് പോലും മറുപടി നൽകിയില്ല.
ഇവ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണെന്നതിനു തെളിവുകൾ ലഭിച്ചതായി എൻഐഎ അറിയിച്ചു. അജ്ഞാതരായ ആളുകൾ പണമായും ലക്ഷക്കണക്കിനു രൂപ കൈമാറി. സംഘടനയുമായി ബന്ധപ്പെട്ട മൂവായിരത്തിലധികം അക്കൗണ്ടുകളാണ് ഇഡി പരിശോധിക്കുന്നത്. അക്കൗണ്ടിലേക്കു പണമയച്ചവരും അന്വേഷണ പരിധിയിൽ വരും. വിദേശത്തുനിന്ന് എൻആർഐ അക്കൗണ്ട് വഴി കടത്തിയ പണം നിയമവിധേയമാക്കാൻ അനുബന്ധ സംഘടനകളെ പോപ്പുലർ ഫ്രണ്ട് ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ. സാമൂഹിക സേവനമടക്കമുള്ള പ്രവർത്തനങ്ങളിലൂടെ കള്ളപ്പണം വെളുപ്പിച്ചു. ഫ്രണ്ടിനെ നിരോധിച്ച വിജ്ഞാപനത്തിൽ കേരളത്തിലെ 4 കൊലപാതകങ്ങളും കൈവെട്ട് കേസും നാറാത്ത് കേസും ഐഎസ് റിക്രൂട്ട്മെന്റും കേന്ദ്രം പരാമർശിക്കുന്നുണ്ട്.
രാജ്യത്തെ 15 സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ടിനു വേരോട്ടമുണ്ടെന്നാണു റിപ്പോർട്ട്. ആന്ധ്രപ്രദേശ്, അസം, ബിഹാർ, ബംഗാൾ, ഡൽഹി, ഗോവ, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുർ, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം. പോപ്പുലർ ഫ്രണ്ടിനെ ജാർഖണ്ഡ് സർക്കാർ 2019 ഫെബ്രുവരി 12നു നിരോധിച്ചിരുന്നു.
കേരളത്തിലെ നാഷനൽ ഡവലപ്മെന്റ് ഫ്രണ്ട് (എൻഡിഎഫ്), കർണാടക ഫോറം ഫോർ ഡിഗ്നിറ്റി (കെഎഫ്ഡി), തമിഴ്‌നാട്ടിലെ മനിത നീതി പസറായി (എംഎൻപി) എന്നീ സംഘടനകൾ ലയിച്ച് 2009 ഫെബ്രുവരിയിൽ കോഴിക്കോട്ട് യോഗം ചേർന്നാണ് പോപ്പുലർ ഫ്രണ്ടിനു രൂപം നൽകിയത്. 2010 ജൂലൈയിൽ തൊടുപുഴയിൽ കോളജ് അദ്ധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസും 2013 ഏപ്രിലിൽ നാറാത്ത് സായുധ പരിശീലന ക്യാംപ് കേസും വന്നതോടെ പോപ്പുലർ ഫ്രണ്ടിനെതിരായ നടപടികൾ കേരള പൊലീസ് കർക്കശമാക്കി.
ഇതേത്തുടർന്നു സംഘടനയുടെ പരിശീലനം മറ്റു സംസ്ഥാനങ്ങളിലേക്കു കേന്ദ്രീകരിച്ചുവെന്നും ബിഹാറിലെ പുർണിയയിൽ വിപുലമായ പരിശീലന സംവിധാനങ്ങൾ സജ്ജമാക്കിയിരുന്നതായി ഈയിടെ നടത്തിയ റെയ്ഡിൽ കണ്ടെത്തിയെന്നും എൻഐഎ അറിയിച്ചു. ഇവിടെയാണ് പ്രധാനമന്ത്രി മോദിയെ വധിക്കാനുള്ള ഗൂഢാലോചന നടന്നത്. പ്രവാചകനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അദ്ധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസ് ആണ് ആദ്യം പോപ്പുലർ ഫ്രണ്ടിനെ വെട്ടിലാക്കിയത്.
2010 ജൂലൈ 10നായിരുന്നു സംഭവം. ഒന്നാം പ്രതി സവാദ് ഇപ്പോഴും ഒളിവിൽ. 49 പ്രതികളിൽ വിചാരണ നേരിട്ട 13 പേരെ എൻഐഎ കോടതി ശിക്ഷിച്ചു. 18 പ്രതികളെ വിട്ടയച്ചു. ശേഷിക്കുന്ന പ്രതികളുടെ വിചാരണ തുടങ്ങിയിട്ടില്ല. പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ കണ്ണൂർ നാറാത്ത്് ആയുധ പരിശീലനം സംഘടിപ്പിച്ച കേസിൽ ഒന്നാംപ്രതിക്ക് 7 വർഷവും രണ്ടു മുതൽ 21 വരെയുള്ള പ്രതികൾക്ക് 5 വർഷം വീതവും കഠിനതടവു വിധിച്ചതും തീവ്ര സ്വഭാവത്തിന് തെളിവാണ്. 21 പ്രതികൾക്ക് അയ്യായിരം രൂപ വീതം പിഴയും എൻഐഎ പ്രത്യേക കോടതി വിധിച്ചിരുന്നു. ഒരു പ്രതിയെ വിട്ടയച്ചു. 2013 ഏപ്രിൽ 23ന് ആയിരുന്നു നാറാത്തെ പോപ്പുലർ ഫ്രണ്ട് കേന്ദ്രത്തിൽ പൊലീസ് പരിശോധന.
വളപട്ടണം കേസിൽ രാജ്യാന്തര ഭീകരസംഘടനയായ ഐഎസിൽ ചേരാൻ മലയാളി യുവാക്കൾ സിറിയയിലേക്കു കടന്നുവെന്ന് കണ്ടെത്തി. ഒന്നാംഘട്ട വിചാരണ നേരിട്ട 3 പ്രതികളെയും 7 വർഷം കഠിനതടവിന് എൻഐഎ കോടതി ശിക്ഷിച്ചു. ഇവർ സിറിയയിലേക്കു കടത്തിയ 9 പേരിൽ 5 പേർ കൊല്ലപ്പെട്ടു. 4 പേരെ കാണാതായി. ഈ കേസിലെ പ്രതികൾക്കും എസ് ഡി പി ഐ ബന്ധമുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ