- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പോരാളി ഷാജിയെ അറിയില്ലെന്ന കൈമലർത്തൽ ഉയർത്തുന്നത് പൊലീസ് ഇന്റലിജൻസിന്റെ വീഴ്ച
കൊച്ചി: വടകര ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിച്ച 'കാഫിർ സ്‌ക്രീൻഷോട്ട്' പ്രചരിപ്പിച്ചതിനു പിന്നിൽ ആരെന്ന് കണ്ടെത്താനുള്ള നീക്കമെല്ലാം പാളുമോ? സിപിഎമ്മിനെ വെട്ടിലാക്കുന്ന തരത്തിലേക്ക് അന്വേഷണം നീളുകയാണ്. സ്‌ക്രീൻഷോട്ട് ആദ്യമായി ഫേസ്‌ബുക്കിൽ പ്രചരിപ്പിച്ച 'അമ്പാടിമുക്ക് സഖാക്കൾ' എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിനെക്കുറിച്ചും ഇപ്പോഴും ഈ പോസ്റ്റ് നിലനിൽക്കുന്ന 'പോരാളി ഷാജി' എന്ന ഗ്രൂപ്പിനെ കുറിച്ചും പൊലീസിന് വിവരമൊന്നുമില്ല. ഇതിനിടെ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണ് ഇതിന് പിന്നിലെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.
പലപ്പോഴും പല വിവാദങ്ങളിൽ കുടുങ്ങിയ ഫെയ്‌സ് ബുക്ക് പേജുകളാണ് പോരാളി ഷാജിയും അമ്പാടിമുക്ക് സഖാക്കളും. എന്നിട്ടും പൊലീസ് രഹസ്യാന്വേഷണ ഏജൻസികൾ ഇതേ കുറിച്ച് ഇതുവരെ അന്വേഷിച്ചില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. അതിനിടെ ആരാണ് ഈ പേജുകൾക്ക് പിന്നിലെന്ന് പൊലീസിന് വ്യക്തമായ സൂചനകളുണ്ടെന്നും ആരോപണമുണ്ട്. അന്വേഷണത്തിന് ഒച്ചിന്റെ വേഗമാണെന്ന ആരോപണവും ശക്തമാണ്. അതിനിടെയാണ് കാഫിർ കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ എത്തിയത്. ഫലത്തിൽ വടകരയിൽ തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം ചർച്ചയാക്കിയ ആരോപണമെല്ലാം പൊലീസ് തള്ളുകയാണ് ഈ ഘട്ടത്തിൽ.
കാഫിർ എന്ന സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്താനായില്ലെന്ന് വടകര പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. കേസിലെ കുറ്റാരോപിതനും ഹൈക്കോടതിയിലെ ഹർജിക്കാരനുമായ പി.കെ.മുഹമ്മദ് ഖാസിമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെങ്കിലും സംഭവത്തിൽ ഖാസിമിന്റെ പങ്ക് തള്ളിക്കളയാനാവില്ലെന്നും വടകര റൂറൽ എസ്‌പി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. സ്‌ക്രീൻഷോട്ട് കേസിൽ ശരിയായ രീതിയിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഖാസിം നൽകിയ ഹർജിയിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പുകാലത്ത് ഖാസിമിനെതിരെ സിപിഎം വലിയ പ്രചരണം നടത്തിയിരുന്നു. മുസ്ലിം ലീഗാണ് പ്രചരണത്തിന് പിന്നിലെന്ന് വരുത്താനായിരുന്നു ശ്രമം.
'യൂത്ത് ലീഗ് നെടുമ്പ്രമണ്ണ' എന്ന വാട്‌സ്ആപ് ഗ്രൂപ്പിൽ നിന്ന് ഖാസിമിന്റെ പേരിലുള്ള സ്‌ക്രീൻ ഷോട്ടാണ് പ്രചരിച്ചത്. എന്നാൽ കോഴിക്കോട് റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഖാസിമിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും ഇത്തരമൊരു പോസ്റ്റ് ആ ഫോണിൽ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തതായി കണ്ടെത്തിയിട്ടില്ല എന്നും പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇത്തരമൊരു വാട്‌സ്ഗ്രൂപ്പ് നിലവിലുണ്ടോ എന്ന കാര്യവും ഖാസിമിന്റെ പേരിലുള്ള മൊബൈൽ നമ്പറുകളിൽ എത്ര വാട്‌സ്ആപ് ഗ്രൂപ്പുകളുണ്ടെന്ന് കണ്ടെത്താനുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. സ്‌ക്രീൻഷോട്ട് ആദ്യമായി ഫേസ്‌ബുക്കിൽ പ്രചരിപ്പിച്ച 'അമ്പാടിമുക്ക് സഖാക്കൾ' എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിനെക്കുറിച്ചും ഇപ്പോഴും ഈ പോസ്റ്റ് നിലനിൽക്കുന്ന 'പോരാളി ഷാജി' എന്ന ഗ്രൂപ്പിനെ സംബന്ധിച്ചും വിവരങ്ങൾ ഫെ്‌സ്ബുക്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് പൊലീസ് പറയുന്നു.
കേസുമായി ബന്ധപ്പെട്ട് കുറ്റ്യാടി മുൻ എംഎൽഎ കെ.കെ.ലതിക അടക്കം 12 പേരെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ടെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. വ്യാജ പോസ്റ്റ് നീക്കം ചെയ്യാനായി അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിന്റെ പേരിൽ ഫേസ്‌ബുക്കിന്റെ നോഡൽ ഓഫീസറെ കേസിൽ പ്രതി ചേർത്തതായും ഫേസ്‌ബുക്ക് അധികാരികളിൽ നിന്നും റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിക്കുകയുള്ളു എന്നും പൊലീസ് വിശദീകരിക്കുന്നുണ്ട്. ഏതായാലും പ്രതികളെ പിടിക്കാൻ തന്നെയാണ് പൊലീസ് തീരുമാനം.
റൂറൽ പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടും പോസ്റ്റുകൾ നീക്കം ചെയ്യാത്തതിനാണ് കേസിൽ ഫേസ്‌ബുക്ക് നോഡൽ ഓഫീസറെ പ്രതി ചേർത്തത്. പോസ്റ്റ് ആദ്യം വന്ന 'അമ്പാടിമുക്ക് സഖാക്കൾ' എന്ന ഫേസ്‌ബുക്ക് പേജിനെതിരെയും പോസ്റ്റ് ഇപ്പോഴും നീക്കം ചെയ്യാത്ത 'പോരാളി ഷാജി' പേജിനെതിരേയും അന്വേഷണം തുടങ്ങിയെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
തന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് സന്ദേശം സൃഷ്ടിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് ഖാസിം ഹർജി നൽകിയത്. വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് പൊലീസ് സ്വീകരിച്ച നടപടികൾ രണ്ടാഴ്ചയ്ക്കകം അറിയിക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് നിർദ്ദേശിക്കുകയായിരുന്നു.
കേസിൽ അന്വേഷണം നടക്കുകയാണ്. ഫേസ്‌ബുക്കിൽ നിന്നും കൂടുതൽ വിവരങ്ങൾ കിട്ടിയാൽ മാത്രമേ കേസിലെ യഥാർഥ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലേക്ക് ഉൾപ്പെടെ കടക്കാനാകൂ. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.