പൂണെ: പൂണെയിൽ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ പോർഷെ അപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി 17കാരനായ പ്രതി. കേസിൽ കൗമാരക്കാരനെ രക്ഷിക്കാൻ വേണ്ടി പലവിധ ശ്രമങ്ങൾ നടന്നുവെന്ന വാർത്തകൾക്കിടെയാണ് നിർണായകമായ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. അപകടം നടക്കുന്ന മെയ് 19ന് നന്നായി മദ്യപിച്ചിരുന്നുവെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. നടന്ന സംഭവങ്ങൾ കൃത്യമായി ഓർമയില്ലെന്നും കുട്ടി പൂണെ പൊലീസിന് മൊഴി നൽകിയാതാണ് റിപ്പോർട്ട്.

ശനിയാഴ്ച 17കാരന്റെ അമ്മയുടെ സാന്നിധ്യത്തിലാണ് പൊലീസ് കുട്ടിയെ ചോദ്യം ചെയ്തത്. അസിസ്റ്റന്റ് കമ്മിഷണർ സുനിൽ താംബെയും ജില്ലാ ശിശുസംരക്ഷണ ഓഫീസറും ചോദ്യം ചെയ്യലിനുണ്ടായിരുന്നു. മദ്യപിച്ചിരുന്നു എന്നതല്ലാതെ കൂടുതൽ കാര്യങ്ങളൊന്നും കുട്ടിയിൽ നിന്ന് ലഭ്യമായിട്ടില്ല. സംഭവം നടന്ന ദിവസം 17കാരനും സുഹൃത്തുക്കളും രണ്ട് പബ്ബുകളിലായി 48000 രൂപയുടെ ബിൽ അടച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.

കേസിൽ ശനിയാഴ്ചയാണ് കുട്ടിയുടെ അമ്മ ശിവാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രക്തപരിശോധനയ്ക്ക് 17കാരന്റെ സാമ്പിൾ നൽകുന്നതിന് പകരം സ്വന്തം സാമ്പിൾ നൽകിയതിനായിരുന്നു അറസ്റ്റ്. എന്നാലിത് ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് എന്നാണ് ഇവർ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു വരികയാണ്.

അപകടം നടന്നതിന് പിന്നാലെ ഉത്തരവാദിത്തമേറ്റെടുക്കാൻ തന്നെ കുട്ടിയുടെ കുടുംബം ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബ ഡ്രൈവർ നേരത്തേ മൊഴി നൽകിയിരുന്നു. 17കാരനാണ് വണ്ടി ഓടിച്ചതെന്ന് പുറത്തറിഞ്ഞാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് കുട്ടിയുടെ മുത്തച്ഛൻ ഭീഷണിപ്പെടുത്തിയതായായിരുന്നു ഇയാൾ പൊലീസിന് നൽകിയ മൊഴി.

ഡ്രൈവറെ ഭീഷണിപ്പെടുത്തിയതിന് 17കാരന്റെ മുത്തച്ഛൻ സുരേന്ദ്ര കുമാർ അഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റമേൽക്കാൻ ഡ്രൈവറെ നിർബന്ധിച്ചതിനും ഇയാളെ വീട്ടുതടങ്കലിൽ വച്ചതിനുമാണ് അറസ്റ്റ്. മെയ് 19നാണ് അമിത വേഗതയിൽ 17കാരൻ ഓടിച്ച പോർഷെ ഇടിച്ച് അപകടമുണ്ടാകുന്നത്. അശ്വിനി കോസ്ത, അനീഷ് അവാധിയ എന്നീ യുവ എഞ്ചിനീയർമാരുടെ മരണത്തിനിടയാക്കിയ അപകടം രാജ്യത്തെ നടുക്കുകയും ചെയ്തു. 200 കിലോമീറ്റർ വേഗതയിലാണ് ദേശീയപാതയിലൂടെ 17കാരൻ ചീറിപ്പാഞ്ഞത്.

പരിശോധനയിൽ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയില്ലെന്ന റിപ്പോർട്ടിന് പിന്നാലെ ഇയാൾ ബാറിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. പിന്നാലെ, തന്റെ മകനല്ല വണ്ടിയോടിച്ചത് എന്ന വിചിത്രവാദവുമായി കുട്ടിയുടെ പിതാവും രംഗത്തെത്തി. പൂണെയിലെ ഒരു ശതകോടീശ്വരന്റെ മകനാണ് പ്രതിയായ 17കാരൻ. അപകടമുണ്ടായതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയെങ്കിലും കോടതി വിധിയായിരുന്നു അടുത്ത സർപ്രൈസ്.

പ്രതിയെ അന്ന് തന്നെ ജാമ്യത്തിൽ വിട്ട ജുവനൈൽ ജസ്റ്റിസ് ബോർഡ് വിചിത്രമായ ജാമ്യവ്യവസ്ഥകളാണ് മുന്നോട്ടു വച്ചത്. അപകടങ്ങളെ കുറിച്ച് 300 വാക്കിൽ ഉപന്യാസമെഴുതുക, 15 ദിവസം യെരവാഡയിലെ ട്രാഫിക് പൊലീസിനൊപ്പം നിന്ന് കാര്യങ്ങൾ പഠിക്കുക, കൗൺസിലിംഗിന് വിധേയനാവുക, മദ്യപാനം ഉപേക്ഷിക്കുന്നതിന് ചികിത്സ തേടുക എന്നിവയായിരുന്നു വ്യവസ്ഥകൾ. എന്നാൽ സംഭവം ദേശീയ മാധ്യമങ്ങളുൾപ്പടെ ഏറ്റെടുത്തതോടെ ജുവനൈൽ ബോർഡ് ജൂൺ 5 വരെ ഇയാളെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.