- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മകൻ നിരപരാധിയെന്ന് വാദിച്ച് വീഡിയോയിൽ പൊട്ടിക്കരഞ്ഞ അമ്മയും കുടുങ്ങി
പൂണെ: മദ്യലഹരിയിൽ ആംഡബര വാഹനമോടിച്ച കൗമാരക്കാരൻ രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയും അറസ്റ്റിൽ. പതിനേഴുകാരന്റെ അമ്മ ശിവാനി അഗർവാളാണ് കേസിൽ അറസ്റ്റിലായത്. 17കാരൻ മദ്യപിച്ചില്ലെന്ന് വരുത്താൻ പ്രതിയുടേതിന് പകരം അമ്മയുടെ രക്തസാംപിളാണ് പരിശോധിച്ചതെന്ന് കണ്ടെത്തിയിരുന്നു. രക്ത സാംപിളിൽ കൃത്രിമം നടത്തിയതിനും തെളിവ് നശിപ്പിച്ചതിനുമാണ് പതിനേഴുകാരന്റെ അമ്മ അറസ്റ്റിലായത്.
രണ്ടു യുവ എഞ്ചിനീയർമാരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. പണത്തിന്റെ ബലത്തിൽ, കൊലപാതക കേസ് അട്ടിമറിക്കാൻ നടന്ന ക്രമക്കേടുകൾ ഓരോന്നായി അന്വേഷണത്തിൽ പുറത്തുവരികയാണ്. സർക്കാർ ആശുപത്രിയായ സാസൂണിലാണ് രക്ത പരിശോധന നടന്നത്. സംഭവം വിവാദമായതോടെ വിഷയം പരിശോധിക്കാൻ നിയോഗിച്ച മഹാരാഷ്ട്ര മെഡിക്കൽ എഡ്യൂക്കേഷന്റെ മൂന്നംഗ സമിതിയാണ് ക്രമക്കേട് കണ്ടെത്തിയത്.
കൗമാരക്കാരന്റെ രക്ത സാമ്പിളിൽ തിരിമറി കാട്ടുന്നതിനായി ഒരു സ്ത്രീയുടെയും, രണ്ടുമുതിർന്ന പുരുഷന്മാരുടെയും സാമ്പിളുകൾ ശേഖരിച്ചിരുന്നു. പ്രതിയുടെ അമ്മയുടെ രക്ത സാമ്പിളാണ് ഇത്തരത്തിൽ ശേഖരിച്ചത്. 17 കാരന്റെ അമ്മ സംഭവശേഷം മുങ്ങിയിരിക്കുകയായിരുന്നു.
നേരത്തെ, തന്റെ മകൻ നിരപരാധിയാണെന്ന് വാദിച്ച് അമ്മ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തന്റെ മകനെ പൊലീസ് സംരക്ഷിക്കണമെന്ന് പറഞ്ഞ് ഇവർ ക്യാമറയ്ക്ക് മുന്നിൽ പൊട്ടിക്കരയുകയും ചെയ്തു.
കൗമാരക്കാരൻ നിലവിൽ ഒബ്സർവേഷൻ ഹോമിലാണ്. റിയൽ എസ്റ്റേറ്റ് വ്യവസയായിയായ പിതാവും, മുത്തച്ഛനും അറസ്റ്റിലായി. നേരത്തെ പോർഷെ അപകടത്തിന്റെ ഉത്തരവാദിത്വം ഡ്രൈവറുടെ തലയിൽ കെട്ടി വയ്ക്കാൻ കുടുംബം സമ്മർദ്ദം ചെലുത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.
മെയ് 19 നാണ് അപകടം നടന്നത്. ബൈക്കിൽ സഞ്ചരിച്ച 24 കാരായ എഞ്ചിനീയർമാർ അനീഷ് അവധ്യയും, അശ്വിനി കോഷ്തയുമാണ് അമിതവേഗത്തിൽ വന്ന പോർഷെ ഇടിച്ച് കൊല്ലപ്പെട്ടത്. മദ്യലഹരിയിലാണ് കൗമാരക്കാരൻ കാറോടിച്ചത് എന്നാണ് ആരോപണം. പിടിയിലായി 15 മണിക്കൂറിനകം 17 കാരന് ചില്ലറ ഉപാധികളോടെ ജാമ്യം അനുവദിച്ചത് വിവാദമായിരുന്നു. 300 വാക്കുകളിൽ ഉപന്യാസം എഴുതാനും, ട്രാഫിക് പൊലീസുകാർക്കൊപ്പം 15 ദിവസത്തെ ജോലിയും, മദ്യവിമുക്തിക്കായി ചികിത്സയുമാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് വിധിച്ചത്. വിധിയിൽ ജനരോഷം ഉയർന്നതോടെ, ബോർഡ് ജൂൺ 5 വരെ 17 കാരനെ ഒബ്സർവേഷൻ ഹോമിലാക്കി.
രക്തസാമ്പിളുകളിൽ തിരിമറി കാട്ടിയതിന് സാസൂൺ ആശുപത്രിയിലെ ഫോറൻസിക് മെഡിസിൻ തലവനെയും ചീഫ് മെഡിക്കൽ ഓഫീസറെയും, മറ്റൊരു ജീവനക്കാരനെയും അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ലക്ഷം രൂപ വാങ്ങിയാണ് തിരിമറി നടത്തിയതെന്നും തെളിഞ്ഞു.