- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർത്തഡോക്സ് യുവജനമെന്ന പേരിൽ വന്ന പോസ്റ്റർ ഒട്ടിച്ചത് ഏഷ്യാനെറ്റ് ലേഖകനെന്ന് മന്ത്രി വീണയുടെ വീൺവാക്ക്: മന്ത്രി തറപ്പിച്ച് പറഞ്ഞ കേസിൽ പ്രതിയെ തേടിയ പൊലീസ് ചെന്നു നിന്നത് കെ എസ് യു പ്രവർത്തകന്റെ വീട്ടിൽ: കാർ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം തടഞ്ഞ് രാഹുൽ മാങ്കൂട്ടവും സംഘവും: യുദ്ധ പ്രതീതിയിൽ കാർ പിടിച്ചെടുത്തു; പോസ്റ്റർ ഒട്ടിച്ചതിന് കലാപാഹ്വാനത്തിന് കേസ്!
പത്തനംതിട്ട: ഓർത്തഡോക്സ് യാക്കോബായ സഭാ തർക്കത്തിൽ മന്ത്രി വീണ ജോർജിനെതിരെ പത്തനംതിട്ടയിൽ നടത്തിയ പോസ്റ്റർ പ്രതിഷേധത്തിൽ ട്വിസ്റ്റ്. ഏഷ്യാനെറ്റ് ലേഖകൻ ബൈക്കിൽ പോയി പോസ്റ്റർ പതിച്ചുവെന്ന് മന്ത്രി വീണ തറപ്പിച്ച് പറയുകയും ഇതേ രീതിയിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതിന് പിന്നാലെ കേസിൽ ഉൾപ്പെട്ട കാർ കസ്റ്റഡിയിൽ എടുക്കാൻ പത്തനംതിട്ട പൊലീസ് ചെന്നു നിന്നത് ഓർത്തഡോക്സ് യുവജന പ്രസ്ഥാനം നേതാവായ കെഎസ്‌യു പ്രവർത്തകന്റെ വീട്ടിൽ. അർധ രാത്രിയിൽ കാർ കസ്റ്റഡിയിൽ എടുക്കാൻ നടത്തിയ ശ്രമം സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതോടെ സംഘർഷാവസ്ഥ. അവസാനം ഇടിവണ്ടിയിൽ പൊലീസിനെ ഇറക്കി കാർ പിടിച്ചെടുത്തു പത്തനംതിട്ട സ്റ്റേഷനിലേക്ക് കൊണ്ടു പോയി. പക്ഷേ, ഏഷ്യാനെറ്റ് ലേഖകനെതിരേ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച മന്ത്രി വീണാ ജോർജും പൊലീസും വെട്ടിലാവുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് പത്തനംതിട്ട മാക്കാംകുന്ന്, കുമ്പഴ, ചന്ദപ്പള്ളിയിലെ ഓർത്തഡോക്സ് ദേവാലയങ്ങളുടെ പരിസരത്ത് മന്ത്രിക്കെതിരായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇത് ആദ്യം ബ്രേക്ക് ചെയ്തത് ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു. ഇതിന് പിന്നാലെ ഏഷ്യാനെറ്റ് പത്തനംതിട്ട ലേഖകനാണ് പോസ്റ്ററുകൾക്ക് പിന്നിലെന്ന് വയനാട്ടിൽ വീണ തുറന്നടിച്ചു. ലേഖകൻ തന്നെ പോസ്റ്റർ പതിച്ചതിന് ശേഷം വാർത്ത നൽകിയെന്ന് ആധികാരികമായിട്ടാണ് വീണ പറഞ്ഞത്. സ്പെഷൽ ബ്രാഞ്ചും മന്ത്രിയുടെ വാചകം കടമെടുത്ത് റിപ്പോർട്ട് ചെയ്തുവെന്ന് പറയുന്നു. പോസ്റ്റർ ഒട്ടിച്ചതിന് കലാപാഹ്വാനത്തിന് പൊലീസ് കേസെടുത്തുവെന്നതും ചർച്ചയാവുകയാണ്.
പോസ്റ്റർ ഒട്ടിച്ചവരെ കണ്ടുപിടിച്ച് ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് കുമ്പഴ സ്വദേശി നൽകിയ പരാതിയിൽ പത്തനംതിട്ട പൊലീസ് കലാപാഹ്വാനത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. സിസിടിവിയിൽ സംശയം തോന്നി കണ്ട കാർ പിടിച്ചെടുക്കാനാണ് ശനിയാഴ്ച രാത്രി 9.30 ന് പത്തനംതിട്ട പൊലീസ് സംഘം അടൂർ പന്നിവിഴ കാഞ്ഞിരവിളയിൽ ഏബൽ ബാബുവിന്റെ വീട്ടിലെത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഓർത്തഡോക്സ് സഭ അംഗവുമാണ് ഏബൽ മാത്യു. കാർ കുറ്റകൃത്യത്തിലുൾപ്പെട്ടതാണെന്നും അതു കൊണ്ട് കസ്റ്റഡിയിൽ എടുക്കണമെന്നും പൊലീസ് സംഘം ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്ത് വന്ന രാഹുൽ മാങ്കുട്ടവും സംഘവും എന്തിനാണ് കാർ കസ്റ്റഡിയിൽ എടുക്കുന്നത് എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ആരാണ് പരാതിക്കാരനെന്നും ഏബലിനെതിരേ കേസ് ഉണ്ടോയെന്നും ചോദിച്ചു. എന്നാൽ, ഇതിന് തൃപ്തികരമായ മറുപടി നൽകാൻ പൊലീസിനായില്ല. എസ്ഐ അടക്കമുള്ളവർ ഉരുണ്ടു കളിച്ചതോടെ കാർ വിട്ടു തരാൻ കഴിയില്ല എന്ന നിലപാടിലായി രാഹുലും സംഘവും. പരാതിക്കാരന്റെ പേര് പറയാനോ കേസ് എന്താണെന്ന് പറയാനോ കഴിയാതെ എസ്ഐ വിയർത്തു. ഒടുക്കം എഫ്ഐആർ കാണിക്കാമെന്നായി. ഇരുകൂട്ടരും തമ്മിൽ ദീർഘനേരം വാക്കേറ്റവും ഉണ്ടായി.
കാർ ഞായറാഴ്ച രാവിലെ സ്റ്റേഷനിൽ ഹാജരാക്കാം എന്നറിയിച്ചെങ്കിലും പൊലീസ് സമ്മതിച്ചില്ലെന്നാരോപിച്ചാണ് പൊലീസിനെ തടഞ്ഞത്. പോസ്റ്റർ ഒട്ടിക്കാൻ ഏബൽ ബാബുവിന്റെ കാർ ഉപയോഗിച്ചതായി സൂചനയുണ്ടെന്നാണ് പൊലീസ് പറയുന്നത്. രാത്രി 11ന് പന്തളം ഇൻസ്പെക്ടർ ശ്രീകുമാർ സ്ഥലത്ത് എത്തി പ്രവർത്തകരുമായി ചർച്ച നടത്തിയെങ്കിലും കാർ കൊണ്ടുപോകാൻ പ്രവർത്തകർ സമ്മതിച്ചില്ല. രാത്രി 11.30 ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു. തുടർന്ന് പത്തനംതിട്ട ഡി.വൈ.എസ്‌പി.നന്ദകുമാർ ,അടൂർ ഡി.വെ. എസ്. പി ആർ.ജയരാജ് എന്നിവർ പ്രവർത്തകരും നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.എന്നിട്ടും ചർച്ച ഫലം കണ്ടില്ല. വീണ്ടും ചർച്ച നടത്തിയ ശേഷം പുലർച്ചെ 12.30 ന് കാർ പൊലീസ് കൊണ്ടുപോയി
മന്ത്രിയുടെ പേര് പറയാൻ എന്താണ് മടിയെന്നായിരുന്നു രാഹുലിന്റെ ചോദ്യം. തനിക്കെതിരായ പോസ്റ്റർ പതിച്ചവരെ കണ്ടെത്തുക എന്നത് മന്ത്രിയുടെ മാത്രം താൽപര്യമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടർന്നാണ് പൊലീസ് യുദ്ധസമാന സാഹചര്യം സൃഷ്ടിച്ച് കാർ പിടിച്ചെടുത്തത്. തനിക്കെതിരായ കുഞ്ഞുവിമർശനം പോലും അംഗീകരിക്കാൻ വീണാ ജോർജ് തയാറാകുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. കോൺഗ്രസ് നേതാക്കളെ അടക്കം വ്യക്തിപരമായി അധിക്ഷേപിച്ച് പോസ്റ്റർ പതിക്കുന്നുണ്ട്. ഇതിനെതിരേ പരാതി നൽകിയാൽ കേസ് പോലും എടുക്കാൻ തയാറാകാത്തവരാണ് ഇപ്പോൾ മന്ത്രിക്ക് വേണ്ടി പടയൊരുക്കം നടത്തിയിരിക്കുന്നത്.
ചർച്ച് ബില്ലിൽ മന്ത്രി മൗനം വെടിയണമെന്നാണ് പോസ്റ്ററിലൂടെ ആവശ്യപ്പെട്ടിരുന്നത്. സർക്കാർ ചർച്ച് ബിൽ പാസാക്കാനൊരുമ്പോഴാണ് സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ മൗനം വെടിയണമെന്ന് പോസ്റ്ററിലൂടെ ആവശ്യപ്പെടുന്നത്. ഓർത്തഡോക്സ് യുവജനം എന്ന് രേഖപ്പെടുത്തിയ പോസ്റ്ററിൽ ചർച്ച് ബില്ലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നീതി നടപ്പാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഓർത്തഡോക്സ് യാക്കോബായ സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ സർക്കാർ ചർച്ച് ബില്ല് പാസാക്കാനൊരുങ്ങുന്നതിനിടെയാണ് പോസ്റ്ററിലൂടെയുള്ള പ്രതിഷേധം. സഭാ അംഗമായ വീണ ജോർജ് വിഷയത്തിൽ മൗനം വെടിയണമെന്നാവശ്യപ്പെടുന്ന പോസ്റ്ററിൽ, സഭയുടെ വിയർപ്പിലും വോട്ടിലുമാണ് വീണ ജനപ്രതിനിധിയായതെന്നും ഓർമ്മപ്പെടുത്തുന്നുണ്ട്.
എന്നാൽ പോസ്റ്റർ വിവാദം ആസൂത്രിതമാണെന്നും യുവജനം എന്ന സംഘടന സഭക്കില്ലെന്നും മന്ത്രി വീണ ജോർജ് പറഞ്ഞത്. ഇത് വ്യാജ വാർത്തയാണന്നും തന്നെ അപകീർത്തിപ്പെടുത്താനാണ് ചെയ്യുന്നതെന്നും യുവജനം എന്നപേരിൽ സംഘടനയുള്ളയുള്ളതായി അറിയില്ലെന്നുമാണ് മന്ത്രി വീണാജോർജ് പറയുന്നത്. ചർച്ച് ബില്ലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നീതി നടപ്പാക്കണമെന്നടക്കം രേഖപ്പെടുത്തിയ പോസ്റ്റർ കഴിഞ്ഞ ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് കുമ്പഴയിൽ മന്ത്രിയുടെയും ചന്ദനപ്പള്ളിയിൽ ഭർത്താവിന്റെയും ഇടവകപ്പള്ളികൾക്ക് സമീപം കണ്ടെത്തിയത്.
എന്നാൽ സഭാ നേതൃത്വം ഇടപെട്ട് ഞായറാഴ്ച രാവിലെ തന്നെ ഇവ നീക്കം ചെയ്തു. മാസങ്ങൾക്ക് മുമ്പും പത്തനംതിട്ടയിലടക്കം ഓർത്തഡോക്സ് യുവജനം എന്ന പേരിൽ സമാനമായ രീതിയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു . മന്ത്രിയുടെ പേര് ഒഴിവാക്കിയാണ് അന്ന് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഇത്തവണ സഭയിലെ ഉന്നതരുടെ അറിവോടെയാണ് ഇത്തരമൊരു പോസ്റ്റർ പതിച്ചതെന്നും പറയുന്നു. ഓശാന ദിവസം തന്നെ പോസ്റ്റർ പതിച്ചത് കൂടുതൽ ആളുകളുടെ ശ്രദ്ധ പതിയാൻ വേണ്ടിയാണെന്നും കരുതുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്