തിരുവനന്തപുരം: പോത്തന്‍കോടിന് സമീപം കൊയ്ത്തൂര്‍ കോണത്ത് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോത്തന്‍കോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ സിസി ടി വി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

കൊയ്ത്തൂര്‍കോണം സ്വദേശി മണികണ്ഠ ഭവനില്‍ തങ്കമണി (69) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലാണ് തങ്കമണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തില്‍ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെ പൂ പറിക്കാന്‍ പോയിരുന്നു തങ്കമണിയെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹത്തിന് സമീപത്ത് ചെമ്പരത്തി അടക്കം പൂക്കള്‍ ചിതറി കിടപ്പുണ്ട്. തങ്കമണിയുടെ കാതിലുണ്ടായിരുന്ന കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതെല്ലാം കൊലപാതകമെന്ന സംശയം ബലപ്പെടുത്തി. കൊലപാതക സാധ്യത മുന്‍നിര്‍ത്തി മംഗലപുരം പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തില്‍ സംശയാസ്പദമായ വ്യക്തിയെ കണ്ടെത്തിയിട്ടുണട്. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഇന്ന് രാവിലെ സഹോദരിയാണ് തങ്കമണിയെ ആദ്യം മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഡോഗ് സ്‌ക്വാഡ് അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. ഫോറന്‍സിക് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.