കോഴിക്കോട്: പീഡനപരാതിയിൽ പൊലീസ് ഇൻസ്പെക്ടറെ സ്റ്റേഷനിലെത്തി കസ്റ്റഡിയിലെടുത്തത് നാടകീയമായി. ഇന്ന് രാവിലെ പതിവുപോലെ സ്റ്റേഷനിലെത്തി ജോലി ആരംഭിച്ചതിനു പിന്നാലെ തൃക്കാക്കര പൊലീസ് എത്തുകയും സുനുവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പിആർ സുനുവിനെയാണ് എറണാകുളം തൃക്കാക്കര പൊലീസ് ഇന്നുരാവിലെ കസ്റ്റഡിയിലെടുത്തത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തെ എറണാകുളത്തേക്കു കൊണ്ടുപോയി.

അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെപ്പോലും വിവരമറിയിച്ചത്. ബലാത്സംഗം അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ് സുനു. തൃശൂരിൽ എസ് ഐ ആയിരുന്നപ്പോൾ പീഡനക്കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എൻജിനിയറിങ് ബിരുദധാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു കേസ്. എന്നിട്ടും ഇയാളെ സിഐയായി പ്രെമോഷൻ നൽകിയെന്നതാണ് വസ്തുത.

കൊച്ചി മരട് സ്വദേശിയാണ് പി ആർ സുനു. മുളവുകാട് സ്റ്റേഷനിൽ ജോലി ചെയ്യവേ, ഒരു പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ ബിടെക്ക് ബിരുദധാരിയായ യുവതിയെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. ഈ കേസിൽ ഇയാൾ റിമാൻഡിൽ ആയിട്ടുണ്ട്. തുടർന്നാണ് കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ 7 മാസമായി പി ആർ സുനു കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആണ്. 

സുനു ഉൾപ്പെടെയുള്ള സംഘം പീഡിപ്പിച്ചതായി ആരോപിച്ച് തൃക്കാക്കര സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ വീട്ടമ്മയാണ് പരാതി നൽകിയത്. കഴിഞ്ഞ മേയിലായിരുന്നു പരാതി നൽകിയിരുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയായിരുന്നു. തൃക്കാക്കരയും കടവന്ത്രയും അടക്കം വിവിധ സ്ഥലങ്ങളിൽവച്ചാണ് പീഡനം നടന്നതെന്ന് പരാതിക്കാരി ആരോപിക്കുന്നു. തൊഴിൽ തട്ടിപ്പ് കേസിൽ യുവതിയുടെ ഭർത്താവ് ജയിലിലാണ്. ഭർത്താവിന്റെ സുഹൃത്ത് അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്. കേസിലെ മൂന്നാം പ്രതിയാണ് സുനു.

കഴിഞ്ഞ മെയ്‌ മാസം തൊട്ട് ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്തെന്നാണ് ഇന്നലെ യുവതി നൽകിയ പരാതിയിൽ പറയുന്നത്. സി ഐ അടക്കമുള്ളവരാണ് ബലാത്സംഗം ചെയ്തത്. പരാതിപ്പെട്ടാൽ ജീവന് വരെ ഭീഷണിയുണ്ടായേക്കാമെന്നുള്ളതുകൊണ്ടും ജയിലിൽ കഴിയുന്ന ഭർത്താവിനെതിരെ കൂടുതൽ നടപടിയുണ്ടായേക്കാമെന്നും ഭയന്നാണ് പരാതി നൽകാൻ വൈകിയതെന്ന് യുവതി വ്യക്തമാക്കി. തൃക്കാക്കരയിലാണ് പരാതിക്കാരി താമസിക്കുന്നത്. ഇവരുടെ വീട്ടിൽവച്ചും പലയിടത്തുകൊണ്ടുപോയും പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

കോസ്റ്റൽ സ്റ്റേഷൻ ഉൾപ്പെടുന്ന ഫറോക്ക് സബ് ഡിവിഷന്റെ ചുമതലക്കാരനായ അസിസ്റ്റന്റ് കമ്മീഷണറെ അറിയിച്ചശേഷമാണ് തൃക്കാക്കര പൊലീസ് കോസ്റ്റൽ സ്റ്റേഷനിൽ എത്തിയത്. വീട്ടമ്മയുടെ പരാതിയിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. കേസിൽ വീട്ടമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സിഐക്ക് പുറമേ ക്ഷേത്ര ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പ്രതികളാണ് കേസിലുള്ളത്.