കൊല്ലം: നടി അനുശ്രീയുടെ അച്ഛന്റെ കാര്‍ മോഷ്ടിച്ച കേസില്‍ പിടിയിലായ പ്രതിയെ പോലീസ് പിടികൂടിയത് പഴുതടച്ച അന്വേഷണത്തിലൂടെ. തുടര്‍ അന്വേഷണത്തിനായി ഇയാളെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇഞ്ചക്കാട്ടെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഷോറൂമില്‍ നിന്നാണ് അനുശ്രീയുടെ അച്ഛന്റെ കാര്‍ പ്രതിയായ പ്രബിന്‍ മോഷ്ടിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ പ്രബിന്‍ സംസ്ഥാനത്തുടനീളം സമാനമായ മോഷണം നടത്തിയിട്ടുണ്ടെന്നാണ് നിഗമനം.

വര്‍ക്ഷോപ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കിയെടുത്ത് മോഷ്ടിച്ച കാറില്‍ ഘടിപ്പിച്ചു. തുടര്‍ന്ന് ഈ കാറില്‍ കറങ്ങി നടന്നു. ഈ കാറിലെ യാത്രയില്ഡ വെള്ളറടയിലെയും പത്തനംതിട്ട പെരിനാട്ടെയും റബര്‍ ഷീറ്റ് കടകള്‍ കുത്തിത്തുറന്ന് 900 കിലോ ഷീറ്റും പണവും കവര്‍ന്നു. മോഷ്ടിച്ച റബര്‍ ഷീറ്റ് പൊന്‍കുന്നത്തെ കടയില്‍ വിറ്റു. സംഭവത്തിനു ശേഷം പ്രബിന്‍ കോഴിക്കോട്ടേക്ക് യാത്ര നടത്തവെ പാലായ്ക്ക് സമീപം മറ്റൊരു വാഹനവുമായി കാര്‍ കൂട്ടിയിടിച്ചു. ഇതോടെ കാര്‍ വഴിയില്‍ ഉപേക്ഷിച്ച് ബസില്‍ തിരുവനന്തപുരത്തേക്ക് പോയി.

തിരുവനന്തപുരത്ത് നിന്ന് ബൈക്കില്‍ കോഴിക്കോട്ടേക്ക് പോകും വഴി കൊട്ടാരക്കരയില്‍ വച്ച് പ്രതിയെ പൊലീസുകാര്‍ പിടികൂടുകയായിരുന്നു. അന്വേഷണത്തില്‍ പ്രതി ഉപേക്ഷിച്ച കാറും പൊലീസ് കണ്ടെത്തി. റിമാന്‍ഡിലായ പ്രബിനെ കൊട്ടാരക്കര പൊലീസ് മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വാങ്ങിയത്. മോഷ്ടിച്ച വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മാറ്റി വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തുന്നതാണ് പ്രതിയുടെ രീതി. ഇയാള്‍ തിരുവനന്തപുരത്തും പാലക്കാടും കാസര്‍കോട്ടും നടത്തിയ മോഷണങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇഞ്ചക്കാട്ടെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഷോറൂമില്‍ നിന്നാണ് അനുശ്രീയുടെ പിതാവിന്റെ കാര്‍ പ്രബിന്‍ മോഷ്ടിച്ചത്.

ഓഗസ്റ്റില്‍ നെടുമങ്ങാട് നിന്ന് കാര്‍ മോഷ്ടിച്ച് നിരവധി കവര്‍ച്ച നടത്തിയെന്നും കണ്ടെത്തി. വാഹനമോഷണം പ്രബിന്റെ സ്ഥിരം പരിപാടിയാണെന്നും, റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് ഇയാള്‍ ഇന്ധനം മോഷ്ടിക്കാറുണ്ടെന്നും പൊലീസ് പറയുന്നു. പകല്‍ മോട്ടോര്‍ സൈക്കിളില്‍ കറങ്ങി നടന്ന ശേഷം മോഷ്ടിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തും. മോഷ്ടിച്ച ശേഷം കാറിന്റെ നമ്പര്‍പ്ലേറ്റ് മാറ്റുന്നതും പതിവായിരുന്നു. പ്രബിനെ കാപ്പ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രബിന് കാറിനെക്കുറിച്ച് നല്ല സാങ്കേതിക അറിവുണ്ട്. വാഹനമോഷണം ഒരു ലഹരിയായി കരുതുന്ന പ്രബിന്‍ ഓണ്‍ലൈന്‍ വഴിയാണ് മോഷ്ടിക്കാന്‍ വാഹനങ്ങള്‍ കണ്ടെത്തുന്നത്.

ചോദ്യം ചെയ്യലിലാണ് 29കാരനായ പ്രതി നാളുകളായി നടത്തുന്ന വാഹനമോഷണരീതികളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. മോഷണം നടത്താനുദ്ദേശിക്കുന്ന സ്ഥലത്തെ സിസിടിവി കാമറകള്‍ നേരത്തെ തന്നെ കണ്ടെത്തി നശിപ്പിക്കും. ഇവയുടെ ഹാര്‍ഡ് ഡിസ്‌കുക്കള്‍ തോട്ടിലോ പുഴയിലോ എറിഞ്ഞു കളയും. വാഹനം മോഷ്ടിക്കുന്നതിന് മുന്‍പ് മറ്റേതെങ്കിലും വാഹനത്തിന്റെ നമ്പര്‍പ്ലേറ്റ് മോഷ്ടിച്ചു വെക്കും. വര്‍ക്ക് ഷോപ്പുകളുടെ പരിസരങ്ങളില്‍ നിന്നാണ് നമ്പര്‍പ്ലേറ്റുകളുടെ മോഷണം നടത്തുന്നത്. പിന്നീട് വാഹനം മോഷ്ടിച്ച ശേഷം നമ്പര്‍പ്ലേറ്റ് മാറ്റും.

തുടര്‍ന്ന് ഈ വാഹനവുമായി പെട്ടെന്ന് തന്നെ മറ്റ് ജില്ലകളിലേക്ക് മറ്റും കടക്കും. ഇതിനിടയില്‍ മോഷ്ടിച്ച വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനായി പമ്പുകള്‍ ഉപയോഗിക്കാറില്ല. വഴിയരികില്‍ നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് ഇന്ധനം ഊറ്റിയെടുത്ത് ഉപയോഗിക്കും. മോഷ്ടിച്ച വാഹനവുമായി കടകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് അടുത്ത പടി. വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും മോഷണം നടത്തി ആ വസ്തുക്കള്‍ മറ്റിടങ്ങളില്‍ കൊണ്ടുപോയി വിറ്റാണ് ഇയാള്‍ പണം സമ്പാദിക്കുന്നത്. അനുശ്രീയുടെ കാര്‍ മോഷ്ടിച്ച ശേഷവും ഇതേ രീതിയാണ് പ്രബിന്‍ പിന്തുടര്‍ന്നത്.

2023ല്‍ കാര്‍ മോഷണക്കേസില്‍ പിടിയിലായ പ്രബിന്‍ കഴിഞ്ഞ ജൂലൈയിലായിരുന്നു പുറത്തിങ്ങിയത്. കുറച്ച് നാളുകളുടെ ഇടവേളയ്ക്ക് ശേഷം ഇയാള്‍ വീണ്ടും മോഷണത്തിലേക്ക് തിരിയുകയായിരുന്നു. 2023ല്‍ കല്ലമ്പലത്ത് നിന്നു കാര്‍ മോഷ്ടിച്ച കേസില്‍ കഴിഞ്ഞ ജൂലൈയിലാണ് ജയില്‍ മോചിതനായത്. തുടര്‍ന്ന് ഓഗസ്റ്റില്‍ നെടുമങ്ങാട് നിന്നു കാര്‍ മോഷ്ടിച്ച് കറങ്ങി നടന്ന് ഒട്ടേറെ മോഷണങ്ങള്‍ നടത്തി. പാലക്കാട് കുഴല്‍മന്ദത്തെ പണമിടപാട് സ്ഥാപനത്തിലും,തേന്‍കുറിശിയിലെ പെയ്ന്റ് കടയിലും ആലത്തൂരിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്നും കാസര്‍കോട്ടെ യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്നും കാറുകള്‍ മോഷ്ടിച്ചു. ഷൊര്‍ണൂരിലെ കാര്‍ ഷോറൂമില്‍ നിന്നു പിക്കപ് വാനും മോഷ്ടിച്ചു.

ഇഞ്ചക്കാട് നിന്നു വാഹനം മോഷണം പോയ പരാതി ലഭിച്ച ഉടന്‍ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മൂന്ന് ജില്ലകളിലെ നിരീക്ഷണ ക്യാമറകളും സംശയിക്കപ്പെട്ടവരുടെ ഫോണ്‍ കോളുകളും പരിശോധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ പിടികൂടുകയായിരുന്നു. മോഷ്ടിച്ച മറ്റു രണ്ടു കാറുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മറ്റൊരു കാര്‍ ബംഗളൂരുവിലെ സുഹൃത്തിനു കൈമാറിയെന്നാണ് മൊഴി.