- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിൽ ഡിപ് കടന്നു പോകാൻ കാറിന്റെ വേഗത കുറച്ചതിനെ ചോദ്യം ചെയ്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച ബൈക്ക് യാത്രക്കാരായ യുവാക്കൾ ഒളിവിൽ; പ്രജുവിനെ മർദ്ദിച്ചത് കൃഷ്ണപുരം സ്വദേശിയായ മഹേഷ് മുരളിയും രണ്ട് സുഹൃത്തുക്കളും
ആലപ്പുഴ: റോഡിൽ ഡിപ് കടന്നു പോകാൻ കാറിന്റെ വേഗത കുറച്ചതിനെ ചോദ്യം ചെയ്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച ബൈക്ക് യാത്രക്കാരായ യുവാക്കൾ ഒളിവിൽ. കായം കുളം ആർ.ടി.ഓഫീസിലെ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.എസ് പ്രജുവിനെ ആക്രമിച്ച പ്രതികളാണ് പൊലീസ് കേസെടുത്തതിന്റെ പിന്നാലെ ഒളിവിൽ പോയിരിക്കുന്നത്. കൃഷ്ണപുരം സ്വദേശിയായ മഹേഷ് മുരളിയും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ മർദ്ദിച്ചത്.
കഴിഞ്ഞ ഞായറാഴ്ച കൃഷ്ണപുരം ബിഷപ്മൂർ സ്‌ക്കൂളിന് സമീപമാണ് സംഭവം. കൃഷ്ണപുരം മൈതാനത്തിന് സമീപത്ത് നിന്നും കാറിൽ സഞ്ചരിക്കുകയായിരുന്നു ഉദ്യോഗസ്ഥൻ. സ്‌ക്കൂളിന് സമീപത്തെ നാലും കൂടിയ കവലയിലെത്തിയപ്പോൾ കാർ ഡിപ് കടന്നു പോകാനായി വേഗത കുറച്ചു. ഈ സമയം മറ്റൊരു ഭാഗത്ത് നിന്നും എത്തിയ പ്രതികൾ വേഗത കുറച്ചതിനെ ചൊല്ലി അസഭ്യം പറഞ്ഞു. മൂന്നു പേർ ഒരു ബൈക്കിൽ യാത്ര ചെയ്തതും പോരാഞ്ഞ് അസഭ്യം പറയുകയും ചെയ്തതോടെ പ്രതികൾ സഞ്ചരിച്ചിരുന്ന ടൂവീലറിന്റെ ചിത്രം ഉദ്യോഗസ്ഥൻ എടുക്കാൻ ശ്രമിച്ചു.
ഇതു കണ്ട പ്രതികൾ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മറച്ചു പിടിക്കുകയും പ്രജുവിനെ മർദ്ദിക്കുകയും ചെയ്തു. ചവിട്ടേറ്റ് റോഡിൽ വീണ ഉദ്യോഗസ്ഥൻ പ്രതികൾ വീണ്ടും അക്രമിക്കാനായി ശ്രമിച്ചതോടെ ഓടി. എന്നാൽ പ്രതികൾ ഉദ്യോഗസ്ഥന് പിന്നാലെ അക്രമിക്കാൻ ഓടിയെങ്കിലും ഒരു വീട്ടിൽ കയറിയതിനാൽ ശ്രമം ഉപേക്ഷിച്ച് അവർ മടങ്ങി. മടങ്ങും വഴി ഉദ്യോഗസ്ഥന്റെ കാറിന്റെ താക്കോലും ഇവർ ഊരിയെടുത്തു.
ഓടിക്കയറിയ വീട്ടുകാരോട് വിവരങ്ങൾ പറയുകയും സമീപത്തുള്ള സുഹൃത്തുക്കളെയും വിളിച്ചു വരുത്തി. തുടർന്ന് വാഹനം കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തലയ്ക്ക് അടിയേറ്റ ഉദ്യോഗസ്ഥൻ ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് കായംകുളം താലൂക്കാശുപത്രിയിൽ ചികിത്സ തേടി. പിന്നീട് ആശുപത്രിയിൽ നിന്നും വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയും ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ ഉദ്യോഗസ്ഥൻ പിന്നീട് പ്രതികൾ കടന്നു പോയ വഴികളിലെ നിരവധി സിസിടിവികൾ പരിശോധിക്കുകയും നമ്പർ കണ്ടെത്തുകയും ചെയ്തു.
കെ.എൽ 29 ആർ 0356 എന്ന നമ്പറിലുള്ള ഡ്യൂക്ക് ബൈക്കിലാണ് പ്രതികൾ സഞ്ചരിച്ചിരുന്നത്. ഈ വിവരങ്ങളെല്ലാം പൊലീസിന് കൈമാറിയതോടെയാണ് പ്രതികളുടെ വിവരങ്ങൾ ചേർത്ത് പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തിയത്. ഇതിനിടയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെയാണ് ആക്രമിച്ചതെന്ന് അറിഞ്ഞ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
പ്രതികൾക്കെതിരെ മുൻപും നിരവധി കേസുകൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ആന്വേഷണം നടക്കുകയാണെന്നും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും കായംകുളം പൊലീസ് അറിയിച്ചു.