കണ്ണൂർ: പയ്യന്നൂർ കാങ്കോലിൽ മയ്യിൽ പെരുമാച്ചേരി തയ്യിൽ വളപ്പിൽ വള്ളുവക്കുടിയിൽ വീട്ടിൽ വി.കെ പ്രസന്നയെ(35) ഭർത്താവ് കഴുത്തറത്തു കൊന്നത് സർജിക്കൽ കത്തി ഉപയോഗിച്ചെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു. കാങ്കോൽ ബമ്മാരക്കുടി കോളനിയിലെ ഷാജി പള്ളിക്കുടിയനാ(40)ണ് അരുംകൊല നടത്തിയതിനു ശേഷം ഇന്നലെ പൊലിസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

കൊലചെയ്യാനുള്ള സർജിക്കൽ കത്തി ഷാജി നേരത്തെ വാങ്ങിച്ചുവെന്നാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായത്. പ്രസന്നയെ ഷാജി വിളിച്ചുവരുത്തിയതാണോയെന്നും പൊലിസ് സംശയിക്കുന്നുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നാണ് ഇതിനുള്ള തെളിവുകൾ കണ്ടെത്തിയത്. പ്രസന്നയുണ്ടായിരുന്ന കിടപ്പുമുറിയുടെ വാതിൽ ചവുട്ടി തുറന്നാണ് ഇയാൾ അകത്തേക്ക് കടന്നതെന്നാണ് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞത്.

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമായി മാറിയത്. ഷാജിയും പ്രസന്നയും കഴിഞ്ഞ കുറെക്കാലമായി അകന്നു കഴിയുകയായിരുന്നു. ബുധനാഴ്‌ച്ച ഉച്ചയോടെയാണ് പ്രസന്ന കാങ്കോലിലെ വീട്ടിലെത്തിയത്. വീട്ടിൽ ഷാജി തനിച്ചാണ് താമസം. അയൽവാസികളെല്ലാം സമീപത്തെ വിവാഹവീട്ടിലായിരുന്നു. പ്രസന്ന എത്തിയതോടെ വീട്ടിൽ കലഹവും ബഹളവും തുടങ്ങി. ഇതു സാധാരണ സംഭവമായതിനാൽ ആരും ശ്രദ്ധിച്ചില്ല. ഇതിനിടെയിൽ ചിലർ പ്രസന്നയുടെ കരച്ചിൽ കേട്ടിരുന്നു. അൽപം കഴിഞ്ഞു ഷാജി ബൈക്കിൽ പോകുന്നതും കണ്ടു.

പ്രസന്ന പുറത്തേക്ക് വരാത്തതിനാൽ അയൽവാസികൾ ചെന്നു നോക്കിയപ്പോൾ മുറിയിൽ പ്രസന്നയുടെ തലയറുത്തു മാറ്റിയ മൃതദേഹമാണ് കണ്ടെത്തിയത്. നാട്ടുകാർ പെരിങോം പൊലിസിൽ വിവരമറിയിക്കുമ്പോഴെക്കും ഷാജി ബൈക്കിൽ പയ്യന്നൂർ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. മക്കളെ മയ്യിലിലെ വീട്ടിലാക്കി തനിച്ചാണ് പ്രസന്ന ഭർതൃവീട്ടിലെത്തിയത്. തലയറുത്തു മാറ്റാനുപയോഗിച്ച കത്തി മൃതദേഹത്തിനടുത്തുവെച്ചു പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ഒൻപതുവർഷം മുൻപാണ് ഇവർ വിവാഹിതരായത്. ഇവർക്ക് മൂന്നുകുട്ടികളുണ്ട്.

ഷാജി ജയിലിലും പ്രസന്ന കൊല്ലപ്പെടുകയും ചെയ്തതോടെ മൂന്ന് കുട്ടികളാണ് അനാഥമായത്. പണിപൂർത്തിയാകാത്ത വീടിന്റെ ചുമരിൽ ഈ കുഞ്ഞുങ്ങളുടെ ഫോട്ടോ പതിച്ചിട്ടുണ്ട്. ജൻഷയുടെയും പാർത്ഥിവ് ശിവയുടെയും ശിവദർഷികിന്റെയും പിറന്നാൾ വേളയിലെടുത്ത ചിത്രങ്ങളാണ് മൂകസാക്ഷിയായി നിലകൊള്ളുന്നത്. മൂത്തയാൾക്ക് എട്ടുവയസും ഇളയയാൾക്ക് മൂന്നുവയസുമാണ് പ്രായം.

ഈ പിഞ്ചുമക്കൾ മയ്യിൽ പെരുമാച്ചേരിയിലെ വീട്ടിൽ നിന്നും കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അമ്മ ഒട്ടോറിക്ഷയിൽ കയറി കൈവീശി യാത്രപറഞ്ഞു പോയത്. പ്രസന്ന പോയത് ഭർതൃവീട്ടിലേക്കാണെന്ന് വീട്ടുകാരും അറിഞ്ഞിരുന്നില്ല. മക്കൾക്കൊപ്പം കഴിയാൻ നല്ലവീടുണ്ടാക്കുകയായിരുന്നു കാങ്കോൽ ബമ്മാരടി കോളനിയിലെ പള്ളിക്കുടിയൻ ഷാജിയുടെയും ഭാര്യ പ്രസന്നയുടെയും മോഹം. വീട് നിർമ്മാണം അവസാന ഘട്ടത്തിലായിരുന്നു. നിർമ്മാണം നടക്കുന്ന വീട്ടിൽ താമസിച്ചുകൊണ്ടു തന്നെയായിരുന്നു പണി നടത്തിയിരുന്നത്.

മൂന്ന് മക്കളുടെയും പിറന്നാളും ഇവർ ഇവിടെ നിന്നും ആഘോഷത്തോടെ നടത്തി. പക്ഷെ ഒരുവീഴ്‌ച്ചയിൽ ഷാജിയുടെ കൈയിന്റെ എല്ലുപൊട്ടിയതോടെ ആഘോഷങ്ങളും കളിചിരികളും ഈ വീട്ടിൽ നിന്നും അകന്നു തുടങ്ങി. പൊട്ടിയ എല്ലിന്റെ ഭാഗം ചികിത്സാ പിഴവുമൂലം ഉള്ളിലകപ്പെട്ടു. ഇതോടെ ഷാജിക്ക് തൊഴിൽചെയ്യാനാകാതെയായി. അതോടെവീട്ടിൽ പട്ടിണിയും പരിവട്ടങ്ങളും കുടുംബകലഹവുമുണ്ടായി. നാട്ടുകാരും ബന്ധുക്കളും മധ്യസ്ഥ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും പൂർണമായി ഫലം കണ്ടില്ല.

ഷാജിയെടുത്ത വായ്പകൾ ജപ്തിയിലേക്കും നീങ്ങി. ഇതോടെ പ്രസന്നയും മൂന്ന് മക്കളും അവരുടെ വീട്ടിലേക്കും പോയി. ഷാജി പണിപൂർത്തിയാകാത്ത വീട്ടിൽ തനിച്ചായി. വീടുപൂർത്തിയാക്കാനുള്ള ടൈൽസും ജനൽചട്ടങ്ങളും പൂഴിയുമെല്ലാം വീട്ടുമുറ്റത്തുണ്ട്. എപ്പോഴെങ്കിലും ഇവരുടെ പിണക്കം തീരുമെന്ന പ്രതീക്ഷയിലായിരുന്നു ഇരുകുടുംബങ്ങളും.