കണ്ണൂർ: റഷ്യയിൽ മുഴപ്പിലങ്ങാട് സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി തടാകത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നു. ഇതേകുറിച്ചു അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു വിദ്യാർത്ഥിനിയുടെ മാതാവ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് പരാതി നൽകി.ധർമടം മണ്ഡലം എംഎൽഎയായ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസഹമന്ത്രിയും തലശേരി സ്വദേശിയുമായ വി.മുരളീധരനും ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്കുമാണ് പരാതി നൽകിയത്.

മുഴപ്പിലങ്ങാട് കൂരുംബ ഭഗവതിക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദക്ഷിണയിൽ ഷേർളിയാണ് പരാതി നൽകിയത്. വിധവയും രോഗിയുമായ തനിക്ക് ഏകമകളെയാണ് നഷ്ടമായതെന്നും മകളുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുമാണ് പ്രത്യൂഷയുടെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

കഴിഞ്ഞ ജൂൺ 24-നാണ് പ്രത്യൂഷ ഉൾപ്പെടെ രണ്ടുകുട്ടികൾ തടാകത്തിൽ മുങ്ങിമരിച്ചത്. എട്ടുകുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. കൊല്ലം സ്വദേശികളായിരുന്നു മറ്റുള്ളവർ. സ്മോളൻസ്‌ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളായിരുന്നു ഇവർ. കഴിഞ്ഞ മാസം നാട്ടിലേക്ക് വരാനിരിക്കെയാണ് പ്രത്യൂഷയുടെ മരണം. വെള്ളത്തിൽ ഇറങ്ങാതെ നിന്ന മകളെ ബലംപ്രയോഗിച്ചു വെള്ളത്തിൽ സഹപാഠികൾ തള്ളിയിട്ടതായും തടാകത്തിലല്ല മണലെടുത്തു രൂപപ്പെട്ട വിജനമായ കുഴിയിലാണ് സംഭവം നടന്നതന്നും ഷേർളി മുഖ്യമന്ത്രിക്കും ഉന്നത പൊലിസ് അധികൃതർക്കും നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

മകൾ പഠിച്ച യൂണിവേഴ്സിറ്റിയുടെ രാജസ്ഥാൻ സ്വദേശിയായ കോഴ്്സ് ഡയറക്ടർ ഉത്തരവാദിത്വം തീരെയില്ലാത്ത വ്യക്തിയാണെന്നും അയാൾക്ക് പണം മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂവെന്ന് ഷേർളിയുടെ പരാതിയിൽ പറയുന്നു. ഈ യൂണിവേഴ്സിറ്റിയിൽ നിന്നും നേരത്തെ ആറുപെൺകുട്ടികൾക്ക് ഇതുവരെ ജീവൻ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ വർഷം പാലക്കാട് സ്വദേശിയായ ഒരു പെൺകുട്ടിക്കും മുൻവർഷങ്ങളിൽ നാലുകുട്ടികൾക്കും ഇതിനുസമാനമായി ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു.

വെള്ളക്കെട്ടിന് സമീപം മകൾ സാധാരണ വസ്ത്രം ധരിച്ചു നിൽക്കുന്ന ഫോട്ടോ തനിക്ക് വാട്സ് ആപ്പ് വഴി അയച്ചു തന്നിരുന്നുവെന്നും മറ്റുള്ളവർ സ്വിമ്മിങ് ഡ്രസിലാണുണ്ടായിരുന്നതെന്നും ഇവർ പറയുന്നു. മകളുടെ കാൽപാദം മാത്രമാണ് നനഞ്ഞിരുന്നത്. സംഭവം നടന്ന ദിവസം മറ്റുകുട്ടികൾക്ക് വന്ന ചില ഫോൺ കോളുകളും ദുരൂഹതയുളവാക്കുന്നതാണെന്ന് ഷെർളി ആരോപിച്ചു. സഹപാഠികളിൽ ചിലരുടെ അമിത മദ്യപാനം ഉൾപ്പെടെയുള്ള ചിലകാര്യങ്ങൾ മകൾ സർവകലാശാല അധികൃതരെ അറിയിച്ചതിന്റെ വൈരാഗ്യം ചിലർക്കുള്ളതായി സംശയിക്കുന്നതായി പ്രത്യൂഷയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ വിരോധത്താൽ യൂണിവേഴ്സിറ്റി ഡയറക്ടർ ഉൾപ്പെടെയുള്ളവർ മകളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഷേർളി ആരോപിക്കുന്നുണ്ട്.

സംഭവം നടന്നതിനു ശേഷം വിശദാംശങ്ങൾ അറിയുന്നതിനായി സഹപാഠികളായ ചില വിദ്യാർത്ഥികളെ താൻ വിളിച്ചു ചോദിച്ചപ്പോൾ അങ്ങനെ പറ്റിപ്പോയെന്നും തങ്ങൾക്ക് വിഷമമുണ്ടെന്നുമാണ് ചിലർ പറഞ്ഞത്. തന്റെ മകളെ നിർബന്ധിപ്പിച്ചു തടാകത്തിലേക്ക് കൊണ്ടു പോയതാണെന്നാണ് ഷേർളി ചൂണ്ടിക്കാണിക്കുന്നത്. താൻ നീന്തികുളിക്കാൻ വരുന്നില്ലെന്ന് അവൾ പറഞ്ഞത് മറ്റുകുട്ടികൾ കേട്ടതാണ്. ഇവരുടെ കൂട്ടത്തിലുള്ള ഒരു സഹപാഠി തന്നോട് ഈക്കാര്യം പറഞ്ഞിട്ടുണ്ട്. അങ്ങനെപറ്റിപ്പോയിയെന്നു തന്നോടു പറഞ്ഞ കുട്ടികൾ അവളുടെ കൂടെ പോകാതിരുന്നവരാണന്നും ഷേർളി പറഞ്ഞു. കഴിഞ്ഞ ജൂൺ 14-നാണ് പ്രത്യൂഷ ഉൾപ്പെടെ രണ്ടു കുട്ടികൾ തടാകത്തിൽ മരിച്ചത്. എട്ടുകുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. കൊല്ലം സ്വദേശികളായിരുന്നു മറ്റുള്ളവർ. സ്മോളൻസ്‌ക് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളായിരുന്നു ഇവർ. കഴിഞ്ഞ മാസം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് പ്രത്യൂഷയുടെ ദാരുണ മരണം സംഭവിച്ചത്.