- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'യഥാർഥ കള്ളന്മാർ പുറത്തുവരും':'റോയൽ ഇന്ത്യ പീപ്പിൾസ് പാർട്ടിക്ക് സിന്ദാബാദ് വിളിച്ച് പ്രവീൺ റാണ ജയിലിലേക്ക്; താൻ നിരപരാധി എന്ന് ആവർത്തിച്ച് സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസ് പ്രതി; റാണയുടെ കൂട്ടാളികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
'കൊച്ചി: യഥാർത്ഥ കള്ളന്മാർ പുറത്തുവരുമെന്ന പരാമർശത്തോടെ സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണ ജയിലിലേക്ക്. താൻ നിരപരാധിയെന്ന് റാണ ആവർത്തിച്ചു.യഥാർഥ കള്ളന്മാർ പുറത്തുവരും. റോയൽ ഇന്ത്യ പീപ്പിൾസ് പാർട്ടി സിന്ദാബാദ്' - ജയിലിലേക്ക് പ്രവേശിക്കുമ്പോൾ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരോടായി റാണയുടെ വാക്കുകൾ ഇങ്ങനെ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലേറെ പരാതികളാണ് പ്രവീൺ റാണയ്ക്കെതിരെ ഉയർന്നിരിക്കുന്നത്. ഏകദേശം മുപ്പതിലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. റാണയെ ഈ മാസം 27 വരെയാണ് കോടതി റിമാൻഡ് ചെയ്തത്. പ്രതി നൂറു കോടി രൂപ തട്ടിയതായാണ് തൃശൂർ അഡഷനൽ സെഷൻസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. റാണയുടെ കൂട്ടാളികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷ്ണർ വ്യക്തമാക്കി.
തൃശൂർ സ്വദേശി ഹണി തോമസിന്റെ പരാതിയിലായിരുന്നു റാണയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയവെ ബുധനാഴ്ചയായിരുന്നു പ്രവീൺ റാണയെ പൊലീസ് പിടികൂടിയത്. തന്റെ കൈവശം പണമൊന്നുമില്ലെന്നാണ് പ്രവീൺ റാണ പൊലീസിന് മൊഴി നൽകിയത്. അക്കൗണ്ട് കാലിയാണെന്നാണ് അവകാശവാദം. എന്നാൽ പിടിയിലാകുന്നതിന് മുമ്പ് പണം ബിനാമി അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സുഹൃത്തിന് 16 കോടി കടം കൊടുത്തിട്ടുണ്ടെന്നും മൊഴിയിൽ പറയുന്നുണ്ട്.
നിക്ഷേപത്തിന് വൻതുക വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇയാൾ തട്ടിപ്പു നടത്തിയത്. 18 കേസുകളാണ് തൃശ്ശൂർ പൊലീസ് ഇയാൾക്കെതിരെ എടുത്തിരിക്കുന്നത്. തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം 11 കേസെടുത്തു.തൃശ്ശൂർ വെസ്റ്റ് പൊലീസ് 5 പരാതികളിൽ കേസെടുത്തു. കുന്നംകുളത്ത് ഒന്നും. 18 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഫ്രാഞ്ചൈസി ചേർക്കാമെന്നു പറഞ്ഞായിരുന്നു നിക്ഷേപം സ്വീകരിച്ചത്. ഒരു ലക്ഷം രൂപ മുതൽ ഇരുപത് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാർ.
പീച്ചി സ്വദേശിനി ഹണി തോമസിന്റെ പരാതിയിലാണ് പ്രവീൺ റാണയ്ക്ക് എതിരെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് ആദ്യം കേസെടുത്തത്. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം 2000 രൂപ പലിശ നൽകാമെന്ന് പറഞ്ഞ് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നായിരുന്നു പരാതി. തൃശ്ശൂർ ആദം ബസാറിൽ പ്രവർത്തിക്കുന്ന സേഫ് ആൻഡ് സ്ട്രോങ്ങ് ബിസിനസ് കൺസൾട്ടൻസിൽ ഫ്രാഞ്ചൈസിയായി പ്രവർത്തിക്കുന്നതിന് ഒരു ലക്ഷം രൂപ നിക്ഷേപം വാങ്ങി. പ്രതിമാസം രണ്ടായിരം രൂപ സ്റ്റൈപന്റ്, കാലാവധി പൂർത്തിയായാൽ നിക്ഷേപം തിരികെ എന്നായിരുന്നു വാഗ്ദാനങ്ങളിലൊന്ന്. സ്റ്റൈപന്റ് കൈപ്പറ്റിയില്ലെങ്കിൽ അഞ്ച് വർഷം പൂർത്തിയാവുമ്പോൾ ഒരു ലക്ഷത്തിന് പുറമെ രണ്ടര ലക്ഷം രൂപ കൂടി നൽകാമെന്നും പറഞ്ഞ് പറ്റിച്ചെന്നുമാണ് പരാതി.
ആവണി ഗോപാല് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്