പത്തനംതിട്ട: ഇലന്തൂർ നരബലിയും മലയാലപ്പുഴ ആഭിചാരവുമൊക്കെയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ജില്ലയിൽ ഒരു ധനകാര്യ സ്ഥാപനം കുടി തകർന്നൂ.പിആർഡി ചിട്ടിഫണ്ട് ഉടമ ഡി.അനിൽകുമാർ, ഭാര്യ ഗീത, മകൻ അനന്ത വിഷ്ണു എന്നിവരെ കോയിപ്രം പൊലിസ് അറസ്റ്റു ചെയ്തു. കോയിപ്രം പൊലീസ് എറണാകുളത്ത് നിന്നുമാണ് ഇവരെ പൊക്കിയത്. കഴിഞ്ഞ മാസം കേസുകൾ എടുത്തിരുന്നു.

കുറിയന്നുർ പുളിമുക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പിആർഡി ഫിനാൻസ് ആണ് പൊട്ടിയത്. പിആർഡി മിനി നിധി ലിമിറ്റഡ്, പിആർഡി മിനി സിൻഡിക്കേറ്റ് നിധി ലിമിറ്റഡ്, പിആർഡി കുറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ വിവിധ പേരുകളിലായി 300 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പാണ് നടന്നിരുന്നത്. കോയിപ്രം പൊലീസ് ഇതുവരെ 15 കേസുകൾ ഇത് സംബന്ധിച്ച് രജിസ്റ്റർ ചെയ്തു.

എൽഡിഎഫിന്റെ ലേബലിൽ തോട്ടപ്പുഴശേരി മുൻ പഞ്ചായത്ത് പ്രസിഡന്റും എൻഎസ്എസ് തിരുവല്ല താലൂക്ക് യൂണിയന്റെ മുൻ പ്രസിഡന്റുമായിരുന്ന ഡി. അനിൽകുമാർ, ഭാര്യ ദീപ, മക്കളായ അനന്തകൃഷ്ണൻ, അനന്തു വിഷ്ണു എന്നിവർ ഡയക്ടർമാരായിട്ടുള്ള സ്ഥാപനങ്ങളാണിത്. 18 ബ്രാഞ്ചുകളാണ് മൂന്നു ജില്ലകളിലായിട്ടുള്ളത്. കുറിയന്നൂർ പുളിമുക്കിലുള്ള ആസ്ഥാനത്ത് നിന്നും അതിവേഗം വളർച്ച കൈവരിച്ച സ്ഥാപനമാണ്. കഴിഞ്ഞ രണ്ടു വർഷമായി സ്ഥാപനം സാമ്പത്തിക പ്രതിസന്ധി നേരിട്ടു വരികയായിരുന്നു.

പാവപ്പെട്ടവരും സാധാരണക്കാരുമായവരുടെ ചെറുകിട നിക്ഷേപങ്ങളും സിപിഎം, കോൺഗ്രസ്, ബിജെപി നേതാക്കളുടെ ബിനാമി നിക്ഷേപങ്ങളും ഇവിടെയുണ്ടായിരുന്നു. വൻ തുക പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. ഈ പണം കൊണ്ട് കേരളത്തിന് അകത്തും പുറത്തും തോട്ടങ്ങളും വസ്തുവകകളും വാങ്ങികൂട്ടി. മൂന്നാറിലും ദേവികുളത്തുമെല്ലാം എസ്റ്റേറ്റും ഉണ്ടെന്ന് പറയുന്നു. കഴിഞ്ഞ കുറേ നാളുകളായി നിക്ഷേപം പിൻവലിക്കാൻ നിക്ഷേപകർ എത്തിയിരുന്നു. ഒഴിവു കഴിവു പറഞ്ഞ് മടക്കി വിടുകയായിരുന്നു.

പണം കിട്ടാതെ വന്ന നാട്ടുകാർ കഴിഞ്ഞ ദിവസം അനിൽകുമാറിന്റെ വീട് ഉപരോധിച്ചു. സ്ഥലത്ത് വന്ന കോയിപ്രം പൊലീസ് അനിലിനൊപ്പമാണ് നിന്നത്. പരാതി കിട്ടിയാൽ കേസെടുക്കാമെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. അതിന് മുൻപ് നിക്ഷേപകരും ഉടമയുമായി ഒരു ചർച്ചയ്ക്കും പൊലീസ് വഴിയൊരുക്കിയിരുന്നു. സിപിഎമ്മിന്റെ ജില്ലാ നേതാക്കൾ അനിൽകുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ വാർത്ത വന്നതോടെ ഇവർക്ക് ഒളിവിൽ പോകേണ്ടി വന്നു.

നഗരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് വസ്തു വാങ്ങിക്കൂട്ടി വൻ കെട്ടിടങ്ങളും ഇദ്ദേഹം പണിതിട്ടുണ്ട്. പ്രസ്ഥാനം തകർച്ചയുടെ പടവുകൾ താണ്ടുമ്പോഴും കറുകച്ചാലിൽ പുതിയ ബ്രാഞ്ച് തുടങ്ങുകയും ചെയ്തു അനിൽകുമാർ. താൻ പൊളിഞ്ഞിട്ടില്ലെന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു ലക്ഷ്യം.