ആലക്കോട്: ഗർഭിണിയായ യുവതി സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊ.ലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തേർത്തല്ലി ടൗണിന് സമീപത്തെ അമ്മനത്ത് മധു- രോഹിണി ദമ്പതികളുടെ മകൾ മേഘമോൾ (23) ആണ് ജീവനൊടുക്കിയത്.

തളിപറമ്പ് കടമ്പേരിയിലെ ഉണ്ണികൃഷ്ണന്റെ ഭാര്യയാണ് മേഘ. ചൊവ്വാഴ്‌ച്ച വൈകുന്നേരം മൂന്നേ മുക്കാലിന് തേർത്തല്ലിയിലെ വീട്ടിലാണ് സംഭവം. ഈ സമയത്ത് വീട്ടുകാർ ആരും വീട്ടിലുണ്ടായിരുന്നില്ല. ജോലിക്ക് പോയി മടങ്ങിയെത്തിയ മാതാപിതാക്കൾ വീട്ടിലെത്തിയപ്പോഴാണ് മേഘയുടെ മുറി അടച്ചിട്ട നിലയിലായിരുന്നു. തുറന്നു പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ ഫാനിന്റെ ഹുക്കിൽ തുണിയിൽ കെട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റു മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവമറിഞ്ഞ് റൂറൽ എസ്. പി ഹേമലത, തളിപറമ്പ് ഡി.വൈ. എസ്. പി എംപി വിനോദ് എന്നിവരുടെ നേതൃത്വത്തിൽ ഉന്നത പൊലിസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. തളിപറമ്പ് തഹസിൽദാറിന്റെ നേതൃത്വത്തിൽ ആലക്കോട് എസ്. ഐ പി.വി ഗംഗാധരനും സംഘവും ഇൻക്വസ്റ്റ് നടത്തി.

മേഘ ജീവനൊടുക്കാനുള്ള കാരണമെന്തെന്നു പൊലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. അഞ്ചുമാസം മുൻപാണ് മേഘയും ഉണ്ണികൃഷ്ണനും വിവാഹിതരായത്. തളിപറമ്പിലെ മൈജി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.

കടമ്പേരിയിലെ വീട്ടിലായിരുന്ന മേഘ കഴിഞ്ഞ ദിവസമാണ് ഭർത്താവിനൊപ്പം തേർത്തല്ലിയിലെ സ്വന്തം വീട്ടിലെത്തിയിരുന്നത്. ഉണ്ണികൃഷ്ണൻ പിന്നീട് സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇവർ തമ്മിൽ കുടുംബപരമായി പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് ആലക്കോട് പൊലിസ് അറിയിച്ചു. മിഥുൻരാജാണ് മേഘയുടെ ഏകസഹോദരൻ.