ചെന്നൈ: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍. പത്തനംതിട്ട് സ്വദേശിയായ ജേക്കബ് തോമസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ പ്രമുഖ കോളേജില്‍ സ്റ്റാഫ് ക്വാട്ടയില്‍ എംബിബിഎസ് സീറ്റ് നല്‍കാമെന്നായിരുന്നു വൈദികനെന്ന് പരിചയപ്പെടുത്തിയ ജേക്കബ് തോമസ് കേരളത്തിലും സംസ്ഥാനത്തിന് പുറത്തുമുള്ള രക്ഷിതാക്കളെ വിശ്വസിപ്പിച്ചിരുന്നത്. ചെന്നൈ അന്തര്‍ദേശീയ വിമാനത്താവളത്തിലൂടെ മലേഷ്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്.

ഇയാള്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ്, അങ്കമാലി, കൊരട്ടി, പാലാ, പന്തളം, അടൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് കൂടാതെ നാഗ്പൂരിലും ഇയാള്‍ക്കെതിരെ കേസ് ഉണ്ട്. ഇന്ത്യയില്‍ ബീഹാര്‍, ഹരിയാന, തമിഴ്‌നാട് എന്നീ പല സംസ്ഥാനങ്ങളിലും കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ജേക്കബ് തോമസ് പത്തനംതിട്ടയിലെ കൂടല്‍ സ്വദേശിയാണ്. വര്‍ഷങ്ങളായി നാട്ടില്‍ നിന്നും മാറി നില്‍ക്കുന്ന ഇയാള്‍ കന്യാകുമാരി തക്കലയില്‍ താമസിച്ചിരുന്ന സമയത്താണ് കേരളത്തിലെ രക്ഷിതാക്കളെ കബളിപ്പിച്ചത്.

സുവിശേഷ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ജേക്കബ് തോമസ് ആഡംബര കാറുകളിലാണ് സഞ്ചരിച്ചിരുന്നത്. വെല്ലൂരിലെ സിംഎസി മെഡിക്കല്‍ കോളേജുമായും ആഗ്ലിക്കന്‍ ബിഷപ്പുമായും അടുത്ത ബന്ധം ഉള്ള ആളെന്നും മറ്റും പറഞ്ഞാണ് ജേക്കബ് തോമസ് രക്ഷിതാക്കളെ വലയിലാക്കിയിരുന്നത്. തട്ടിപ്പിന് ഇരയായവരില്‍ പലരും 60 ഉം 80 ലക്ഷം രൂപ വീതം നഷ്ടപ്പെട്ടവരാണ്. ഈ കേസില്‍ ബിഷപ്പാണെന്ന് പരിചയപ്പെടുത്തിയിരുന്ന പാസ്റ്റര്‍ പോള്‍ ഗ്ലാഡ്‌സനെയും, പാസ്റ്റര്‍മാരായ വിജയകുമാര്‍, അനുസാമുവല്‍ എന്നിവരേയും ജേക്കബ് തോമസിന്റെ മകന്‍ റെയ്‌നാര്‍ഡിനേയും തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിന് ശേഷം പല സംസ്ഥാനങ്ങളിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന ജേക്കബ് തോമസിനെ കുടുക്കാന്‍ ജില്ലാ പൊലീസ് മേധാവി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

തൃശൂര്‍ വെസ്റ്റ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച ഈ കേസില്‍ ജേക്കബ് തോമസിന് തൃശൂര്‍ സിജെഎം കോടതിയുടെ അറസ്റ്റ് വാറന്റ് പുറത്തിറക്കിയിരുന്നു. ഇന്ന് പുലര്‍ച്ചെ പൊലീസ് തൃശൂരില്‍ പ്രതിയെ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ആയ ലാല്‍ കുമാര്‍ ,സബ് ഇന്‍സ്‌പെക്ടര്‍ സുജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആയ ടോണി വര്‍ഗീസ്, മഹേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ റൂബിന്‍ ആന്റണി എന്നിവരുണ്ടായിരുന്നു.