തിരുവല്ല: നഗരസഭ 16-ാം വർഡിലെ ഇരുവള്ളിപ്ര ഗവ.എൽ.പി സ്‌കൂളിൽ പ്രീപ്രൈമറി അദ്ധ്യാപിക ആയയെ മർദിച്ചുവെന്ന് പരാതി. ഇരുവരും തമ്മിലുള്ള മുൻവൈരാഗ്യത്തെ തുടർന്ന് നിരവധി തവണ പരസ്പരം വാക്കേറ്റവും സംഘർഷവും ഉണ്ടായിരുന്നു. ഇവരെ നിരീക്ഷിക്കുന്നതിനായി സ്‌കൂളിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയ്ക്ക് മുന്നിൽ വച്ചാണ് സ്റ്റണ്ട് നടന്നത്.

കറ്റോട് നിന്നും തിരുമൂലപുരത്തേക്ക് പോകുന്ന വഴിയിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രീ ്രൈപമറി വിഭാഗത്തിൽ അദ്ധ്യാപികയായ ശാന്തമ്മ സണ്ണിയാണ് സ്‌കൂളിലെ ആയ ബിജി മാത്യുവിനെ അടിക്കുന്നത്. ഇതിനോടകം വീഡിയോ വൈറൽ ആയിക്കഴിഞ്ഞു. ശാന്തമ്മയും ബിജിയും തമ്മിൽ ഏറെ നാളായി സ്‌കൂളിൽ വച്ച് നിരന്തരം വഴക്കു കൂടാറുണ്ട്.

ഇതേ തുടർന്ന് നഗരസഭാധികൃതർ ഇടപെട്ട് വിഷയം പരിഹരിക്കുകയും ഇവരെ നിരീക്ഷിക്കുന്നതിന് കുടി വേണ്ടി ആറു മാസം മുമ്പ് സിസിടിവി കാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ശാന്തമ്മ ബിജിയെ അടിക്കുന്ന ദൃശ്യം പുറത്തു വന്നത്. സ്‌കൂളിലെ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിൽ വച്ചാണ് സംഭവം. കഴിഞ്ഞ വർഷം ശാന്തമ്മ സണ്ണിയുടെ പരാതിയിൽ ബിജി മാത്യുവിനെതിരേ പൊലീസ് കേസെടുത്തിരുന്നതാണ്. ഇതേ തുടർന്നുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കുകയാണ്.