കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പള്ളിക്കുന്നിലുള്ള സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയില്‍ അസി. സൂപ്രണ്ടിനെ മര്‍ദ്ദിച്ച കേസില്‍ പോക്‌സോ തടവുകാരനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു. ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്. ജില്ലാ ജയില്‍ അസി. സൂപ്രണ്ട് അനസിനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ബുധനാഴ്ച്ച ജയില്‍ കോണ്‍ഫറന്‍സഹാളില്‍ വെച്ച് പോക്‌സോ കേസിലെ പ്രതിയായ എലത്തൂര്‍ സ്വദേശി രാഹുല്‍ അനസിനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു വെന്നാണ് പരാതി.

പരുക്കേറ്റഅനസ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഒന്നാം ബ്‌ളോക്കില്‍ സെല്ലില്‍കഴിയുന്ന രാഹുലിനെ മറ്റൊരു സെല്ലിലേക്ക് മാറ്റണമെന്ന് നിരന്തരം അപേക്ഷിച്ചിരുന്നു. ഇതു അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ഗോവിന്ദച്ചാമിജയില്‍ ചാടിയതിനു ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാല്‍ ജയില്‍ സുരക്ഷയില്‍ വീഴ്ച്ച ഇപ്പോഴും തുടര്‍ക്കഥയായി മാറുകയാണ്.

ജയിലില്‍ മദ്യവും കഞ്ചാവും ഉള്‍പ്പെടെ എറിഞ്ഞു കൊടുത്തതിന് മുന്‍ തടവുകാരന്‍ ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റുചെയ്തിരുന്നു. ഇതിനു ശേഷം കഴിഞ്ഞ ദിവസവും ജയിലിലേക്ക് ലഹരി വസ്തുകള്‍ എറിഞ്ഞു കൊടുക്കുന്ന സംഭവമുണ്ടായി. ഒരാഴ്ച്ച മുന്‍പാണ് ഭാര്യയെ കൊന്ന കേസിലെ പ്രതി സെല്ലിനുള്ളില്‍ കഴുത്തറത്ത് മരിച്ചത്. താങ്ങാവുന്നതിലേറെ തടവുകാരാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതെന്ന് മാസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ നിയോഗിച്ച ജയില്‍പരിഷ്‌കരണ രണ്ടംഗ സമിതി കണ്ടെത്തിയിരുന്നു.

പത്താം ബ്‌ളോക്ക് ഉള്‍പ്പെടെ ജീര്‍ണ്ണിച്ചു തകരാറായ അവസ്ഥയിലാണ് രാഷ്ട്രീയ തടവുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. ജയിലിനുള്ളിലേക്ക് ലഹരി വസ്തുക്കള്‍ വ്യാപകമായിപല വഴിയിലൂടെയും എത്തുന്നുണ്ട്. ഇതു തടയുന്നതിന് ഉദ്യോഗസ്ഥന്‍മാര്‍ക്ക് കഴിയുന്നില്ല. ആവശ്യത്തിന് ജയില്‍ ഉദ്യോഗസ്ഥന്‍മാരില്ലാത്തതും ജയിലിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ജയിലിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തന്നെ തടവുകാരില്‍ നിന്നും മര്‍ദ്ദനമേല്‍ക്കുന്നത്. ഇതുകൂടാതെ കാപ്പ കേസിലെ പ്രതികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തുടര്‍ക്കഥയാണ്. രാഷ്ട്രീയ കൊല പാതക കേസുകളിലെ പ്രതികള്‍, തീവ്രവാദ കേസുകളിലെ പ്രതികള്‍ ഉള്‍പ്പെടെ വന്‍ കുറ്റവാളികളുടെ നിര തന്നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ട്.