- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബന്ധുക്കളുടെ എതിര്‍പ്പ് മറികടന്ന് ഒന്നായി; 'സെല്ലൂസ് ഫാമിലി'യിലെ അവസാന ലൈവില്‍ സ്നേഹ ബന്ധത്തെ കുറിച്ച് പറഞ്ഞ് പൊട്ടിക്കരഞ്ഞ പ്രിയ; സെല്‍വരാജ് തൂങ്ങിയത് ഭാര്യയെ കൊന്ന് മണിക്കൂറിന് ശേഷം; ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് പുറത്തേക്ക് പോയോ? സെല്‍വരാജിനും പ്രിയയ്ക്കും സംഭവിച്ചത് എന്ത്?
പാറശ്ശാല: ബന്ധുക്കളുടെ എതിര്‍പ്പിനെ മറികടന്ന് വിവാഹിതരായവരാണ് സെല്‍വരാജും പ്രിയ എന്ന പ്രിയലതയും. ഇരുവരും വലിയ സ്നേഹത്തിലായിരുന്നു കഴിഞ്ഞിരുന്നത്. പ്രത്യക്ഷത്തില്‍ ആര്‍ക്കും മറിച്ച് തോന്നിയിട്ടില്ല. ഇരുവരുടെയും മരണത്തിലെ ദുരൂഹതയും പോലീസ് തള്ളിക്കളയുന്നില്ല. കുടുംബപ്രശ്നങ്ങളാണോ ഇരുവരുടെയും മരണത്തിലേക്കു നയിച്ചതെന്ന സംശയവും പോലീസിനുണ്ട്. വീടിനുള്ളില്‍നിന്ന് ആത്മഹത്യാക്കുറിപ്പോ മറ്റോ കണ്ടെത്തിയില്ല. സെല്ലൂസ് ഫാമിലി എന്ന പേരിലുള്ള യൂട്യൂബ് ചാനല്‍ ഉടമയായ ചെറുവാരക്കാണം പയസ് നഗര്‍ പ്രീതുഭവനില് പ്രിയലത (40), ഭര്‍ത്താവ് സെല്‍വരാജ് (45) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പ്രിയലതയുടെ കഴുത്ത് ഞെരിച്ചിരുന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. സെല്‍വരാജിന്റെ മൃതദേഹം ഫാനില്‍ തൂങ്ങിയനിലയിലായിരുന്നു.
പ്രിയലതയുടെ മൃതദേഹം സെല്‍വരാജിന്റെ മൃതദേഹത്തേക്കാളും കൂടുതല്‍ ജീര്‍ണാവസ്ഥയിലായിരുന്നു. അതായത് പ്രിയയുടെ മരണ ശേഷം ഏറെ സമയം കഴിഞ്ഞാണ് സെല്‍വരാജ് മരിച്ചതെന്നാണ് നിഗമനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്ട്ടത്തോടനുബന്ധിച്ചുള്ള പ്രാഥമിക പരിശോധനയിലാണ് പ്രിയലതയുടെ കഴുത്ത് ഞെരിച്ചിട്ടുള്ളതായി കണ്ടെത്തിയത്. ഇതില്‍ നിന്നും ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തില്‍ പോലീസ് എത്തി. പക്ഷേ അത് ഉറപ്പിച്ചിട്ടില്ല. ഇതിന് വ്യക്തമായ കാരണം കണ്ടെത്താന്‍ കഴിയാത്തതാണ് കാരണം. വെള്ളിയാഴ്ച വൈകീട്ട് സെല്‍വരാജ് വീട്ടിലേക്കു പോകുന്നതു കണ്ട അയല്‍വാസിയുണ്ട്. അങ്ങനെ എങ്കില്‍ ഭാര്യയെ കൊന്ന ശേഷം സെല്‍വരാജ് വീട്ടിന് പുറത്തേക്ക് പോയിട്ടുമുണ്ട്. അല്ലാത്ത പക്ഷം പ്രിയയുടേയും സെല്‍വരാജിന്റേയും മരണങ്ങളില്‍ ഗൂഡാലോചനയും വ്യക്തമാകും.
സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്ന പ്രിയ യൂട്യൂബ് ചാനലില്‍ ദിവസവും ലൈവായി എത്തുമായിരുന്നു. മരണത്തിനു തൊട്ടുമുന്നേയുള്ള ലൈവില്‍ ആദ്യഘട്ടത്തില്‍ വളരെ സന്തോഷവതിയായിരുന്നു. അതിന് ശേഷം ലൈവിനിടയില്‍ പൊട്ടിക്കരയുകയും വിതുമ്പുകയും ചെയ്യുന്നുണ്ട്. വ്യാഴാഴ്ച രാത്രിയിലെ ലൈവില്‍ ക്യാമറയ്ക്കു മുന്നില്‍നിന്നു മുഖം മാറ്റി പ്രിയലത കണ്ണീര് തുടച്ചു. സ്നേഹബന്ധങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന വേളയിലാണ് പ്രിയ വിതുമ്പിയത്. ഇത് വീട്ടിലെ പ്രശ്നങ്ങള്‍ കാരണമാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ആര്‍ക്കും പ്രശ്നം എന്തെന്ന് അറിയില്ല. മകളേയും മകനേയും പോലീസ് വിശദ മൊഴി എടുക്കലിന് വിധേയമാക്കും. നിലവില്‍ ഇവരുടെ മാനസികാവസ്ഥ അതിന് പറ്റുന്നതല്ല. ഇതോടെ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.52നാണ് പ്രിയലത യൂട്യൂബ് ചാനലില്‍ അവസാന വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. അവസാന വീഡിയോയില്‍ ഒരു രംഗത്ത് ധരിച്ചിരുന്ന വസ്ത്രമാണ് പ്രിയലതയുടെ മൃതദേഹത്തിലുണ്ടായിരുന്നത്. അതിനാല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.52-നു ശേഷമാണ് മരണം നടന്നതെന്ന നിഗമനത്തിലാണ് പോലീസ്. മരണ സൂചനയുള്ള പാട്ട് പ്രിയ ഇട്ടതും പോലീസ് ആത്മഹത്യയ്ക്കുള്ള സൂചനയായി വിലയിരുത്തുന്നുണ്ട്. ഞായറാഴ്ച രാവിലെ ഒന്പതുമണിയോടുകൂടി സ്ഥലത്തെത്തിയ െഫാറന്‍സിക് സംഘത്തിന്റെയും വിരലടയാള വിദഗ്ധരുടെയും പരിശോധന പന്ത്രണ്ടുമണിവരെ നീണ്ടു. ഈ തെളിവുകളെല്ലാം വിലയിരുത്തും.
ശനിയാഴ്ച രാത്രി പത്തരയോടുകൂടി വീട്ടിലെത്തിയ മകന് സേതുവാണ് മൃതദേഹങ്ങള്‍ കണ്ടത്. എറണാകുളത്ത് ഹോം നഴ്സിങ് ട്രെയിനിയായ സേതു വെള്ളിയാഴ്ച രാത്രിമുതല്‍ അമ്മയെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതെവന്നതോടെ വീട്ടിലേക്ക് വരുകയായിരുന്നു. സേതു എത്തുമ്പോള്‍ വീടിന്റെ ഗേറ്റ് അകത്തുനിന്ന് പൂട്ടിയനിലയിലും മുന്‍വശത്തെ കതക് ചാരിയനിലയിലുമായിരുന്നു. തുടര്‍ന്ന് വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ കട്ടിലില്‍ പ്രിയലതയെ മരിച്ചനിലയിലും അതേമുറിയില്ത്തന്നെ സെല്‍വരാജിനെ ഫാനിന്റെ ഹൂക്കില്‍ തൂങ്ങിയനിലയിലും കണ്ടെത്തിയത്.
പ്രിയലത വെള്ളിയാഴ്ച മരണം സംബന്ധിച്ച സൂചന നല്‍കിക്കൊണ്ടുള്ള വീഡിയോ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'വിടപറയുകയാണെന്‍ ജന്മം ചുടുകണ്ണീര് കടലലയില്‍' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരുടെയും വിവിധ ഫോട്ടോകളും വീഡിയോയും ചേര്‍ത്ത് നിര്‍മിച്ച വീഡിയോയാണ് ഇവര്‍ അവസാനമായി പോസ്റ്റ് ചെയ്തത്. ഇരുവരെയും പൊടുന്നനെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തില്‍ ദുരൂഹതയുള്ളതായി പ്രദേശവാസികള്‍ പറയുന്നു. സേതുവിനെക്കൂടാതെ പ്രീതു എന്ന മകളും മരിച്ച ദമ്പതിമാര്‍ക്കുണ്ട്.
മകള്‍ വിവാഹത്തിനുശേഷം കോവളത്ത് ഭര്‍ത്താവിന്റെ വീട്ടിലാണ് താമസം. സെല്‍വരാജ് കെട്ടിടനിര്‍മാണ ത്തൊഴിലാളിയാണ്. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു, വിവാഹ ശേഷവും മാതൃകാ ദമ്പതികളായി തുടര്‍ന്നു അവര്‍. ഇതിനിടെയില്‍ മകളുടെ വിവാഹവും വീട് നിര്‍മ്മാണവും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയിരുന്നു.