- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കടവന്ത്രയിലെ ട്രേഡ് കൂപ്പേഴ്‌സ് അന്വേഷണ പരിധിയിൽ
മലയിൻകീഴ്: ഐ.എ.എസ് കോച്ചിംഗിന് എറണാകുളത്തെത്തിയ ബി.ടി.പ്രിയങ്ക (29) സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗിലൂടെ മൂന്നുകോടിയിലേറെ രൂപ തട്ടിച്ച കേസിൽ റിമാൻഡിലായത് വിശ്വസിക്കാനാകാതെ നാട്ടുകാർ. അംഗീകാരമില്ലാത്ത സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ പ്രിയങ്ക ആർഭാട ജീവിതമാണ് നയിച്ചിരുന്നതെന്ന് പ്രദേശവാസികളും സാക്ഷ്യപ്പെടുത്തുന്നു.
മലയിൻകീഴ് വിളവൂർക്കൽ മാവറത്തല വീട്ടിൽ നിന്ന് ഐ.എ.എസ് പഠനത്തിനെന്ന പേരിൽ കൊച്ചിയിൽ താമസമാക്കിയ പ്രിയങ്കയാണ് അഴിക്കുള്ളിലായത്. വല്ലപ്പോഴുമാണ് പ്രിയങ്ക വീട്ടിൽ വന്നിരുന്നത്. മകളുടെ ആഗ്രഹം മനസ്സിലാക്കിയാണ് അച്ഛൻ ബാലചന്ദ്രൻ മകളെ എറണാകുളത്ത് കോച്ചിംഗിന് അയച്ചത്. പാതിവഴിയിൽ അത് നിർത്തി. അതിന് ശേഷം വീട്ടുകാരേയും കബളിപ്പിച്ചുവെന്നാണ് സൂചന.
മൂന്നുദിവസം മുമ്പ് രാത്രി മലയിൻകീഴ് ജംഗ്ഷനിൽ പ്രിയങ്ക ബസ് കാത്തുനിന്നിരുന്നു. കൊച്ചിയിലേക്ക് അന്ന് പോയതാണ്. പ്രിയങ്കയുടെ അച്ഛൻ ബാലചന്ദ്രൻ കോൺഗ്രസിന്റെ സജീവ പ്രവർത്തകനും എയർപോർട്ടിലെ ഐ.എൻ.ടി.യു.സിയുടെ മുൻ നേതാവുമായിരുന്നു. ഗവൺമെന്റ് പ്രസിൽ ജോലി കിട്ടിയതോടെയാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നു. സാമ്പത്തിക ബാദ്ധ്യതകാരണം വിളവൂർക്കലുണ്ടായിരുന്ന അഞ്ചുസെന്റ് സ്ഥലവും വീടും ഒറ്റിക്ക് നൽകിയ ശേഷം ശാന്തുംമൂലയിലായിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത്.
നിലവിൽ മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്തെ വീട്ടിലാണ് പ്രിയങ്കയുടെ കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. പ്രിയങ്കയുടെ സഹോദരൻ ബി.ടി.രാജീവിന് മർച്ചന്റ് നേവിയിൽ ജോലിയെന്നാണ് പുറത്ത് പറഞ്ഞിരുന്നത്. എന്നാൽ രാജീവ്,മാതാവ് തങ്കമണി,കാമുകൻ ഷംനാസ് എന്നിവർ തട്ടിപ്പുസംഘത്തിലെ കണ്ണികളാണെന്നാണ് പൊലീസ് പറയുന്നു. എല്ലാവരും ഒളിവിലുമാണ്. ബാലചന്ദ്രനും തങ്കമണിയും മലയിൻകീഴിലെ വാടക വീട്ടിലാണ്. ഒളിവിലാണെന്ന് പൊലീസ് പറയുമ്പോഴും തങ്കമണി മലയിൻകീഴിൽ ഉണ്ടെന്നതാണ് വസ്തുത.
സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിലൂടെ ലാഭവിഹിതം നൽകാമെന്നുപറഞ്ഞ് പലരുടെയും കൈയിൽനിന്ന് പലപ്പോഴായി മൂന്നുകോടിയിലധികം പണം സമാഹരിച്ച് കബളിപ്പിച്ച കേസിലാണ് പ്രിയങ്ക അകത്തായത്. തിരുവമ്പാടി എസ്ഐ. സി.ആർ. അരവിന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എറണാകുളത്തുവെച്ച് പ്രിയങ്കയെ അറസ്റ്റു ചെയ്യുകയായിരുന്നു. 25 ലക്ഷം രൂപ തട്ടിപ്പു നടത്തിയതായി തിരുവമ്പാടി പൊലീസിൽ ലഭിച്ച പരാതിയിലാണ് അറസ്റ്റ്. കൊച്ചി കടവന്ത്രയിൽ ട്രേഡിങ് ബിസിനസ് സ്ഥാപനമുണ്ടെന്ന് പറഞ്ഞാണ് ആളുകളെ കബളിപ്പിച്ചത്.
കേരളത്തിനകത്തും പുറത്തുമുള്ള പതിനാറോളം പേരുടെ കൈയിൽനിന്ന് കോടികൾ കൈപ്പറ്റിയിട്ടുണ്ട്. ഇതെല്ലാം ഉപയോഗിച്ച് ആഡംബരജീവിതം നയിക്കുകയായിരുന്നു. പ്രിയങ്കയുടെപേരിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്, കരമന, കടവന്ത്ര ഉൾപ്പെടെ ഒട്ടേറെ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ്‌ചെയ്തു. 'കടലാസ് കമ്പനി'യുടെ മറവിൽ കോടികളുടെ ട്രേഡിങ് തട്ടിപ്പ് നടത്തുകയായിരുന്നു പ്രിയങ്ക.
കടവന്ത്ര പൊലീസ് രജിസ്റ്റർചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് ഇവരെ കോഴിക്കോട് തിരുവമ്പാടി പൊലീസ് അറസ്റ്റുചെയ്തത്. കോഴിക്കോട് സ്വദേശിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ പരാതിയിലായിരുന്നു അറസ്റ്റ്. കടവന്ത്രയിൽ ട്രേഡ് കൂപ്പേഴ്‌സ് എന്ന സ്ഥാപനമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പ്രിയങ്ക ആളുകളിൽനിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നത്. 21 ശതമാനം ലാഭമായിരുന്നു വാഗ്ദാനം. മർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ സുഹൃത്തുക്കളെയും ഇവർ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്.
സെബിയുടെ അംഗീകാരമില്ലാത്ത സ്ഥാപനംവഴി കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇവരുടെ ബാങ്ക് ഇടപാട് സംബന്ധിച്ച് വിവരശേഖരണം തുടങ്ങി. തട്ടിയെടുക്കുന്ന തുക സഹോദരന്റെ അക്കൗണ്ടിലേക്ക് പോയിട്ടുണ്ട്.സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് ഇവർ ആളുകളെ ആകർഷിക്കുന്നത്. വാഗ്ദാനങ്ങൾ നൽകി ട്രേഡിംഗിനായി കുറച്ചുതുക വാങ്ങും. ഇതിൽ വലിയ ലാഭംനൽകി കൂടുതൽപണം വാങ്ങിയെടുക്കുകയാണ് രീതി.
മറ്റൊരാൾക്ക് കൈമാറിയ നിക്ഷേപത്തുക തിരികെ ലഭിക്കാതെ ചതിക്കപ്പെട്ടതാണെന്നതാണ് പ്രിയങ്കയുടെ മൊഴി. ഇത് അന്വേഷണസംഘം മുഖവിലയ്‌ക്കെടുത്തിട്ടില്ല. കേസിൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്.