തിരുവനന്തപുരം: സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ യുവതി ജയിലുകളിൽ നിന്നും ജയിലുകളിലേക്ക് യാത്ര തുടരുന്നു. നേരത്തെ മാനന്തവിടാ ജയിലിൽ ആയിരുന്ന ഇവരെ, തിരുവനന്തപുരം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇതോടെ ഇവർ അട്ടകുളങ്ങര ജയിലിൽ എത്തിയിരിക്കയാണ്.

തിരുവനന്തപുരം മലയിൻകീഴ് മൈക്കിൾ റോഡിൽ ബി.ടി. പ്രിയങ്ക(30)യെയാണ് വഞ്ചിയൂർ കോടതി റിമാൻഡ് ചെയ്തത്. രണ്ടാഴ്ച മുൻപ് സമാനമായ കേസിൽ കോഴിക്കോട് തിരുവമ്പാടി പൊലീസ് പ്രിയങ്കയെ അറസ്റ്റ് ചെയ്തിരുന്നു. മാനന്തവാടി ജയിലിലായിരുന്ന പ്രതിയെ ഇവിടെനിന്നാണ് വഞ്ചിയൂർ കോടതിയിലെത്തിച്ച് ഹാജരാക്കിയത്. തുടർന്ന് യുവതിയെ അട്ടക്കുളങ്ങര വനിതാ ജയിലിലടച്ചു.

സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിലൂടെ വൻ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് പ്രിയങ്ക ആളുകളെ കബളിപ്പിച്ചിരുന്നത്. കടവന്ത്രയിൽ 'ട്രേഡ് കൂപ്പേഴ്സ്' എന്ന പേരിൽ സ്ഥാപനമുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കേരളത്തിനകത്തും പുറത്തുമായി നിരവധിപേരാണ് യുവതിയുടെ കെണിയിൽവീണത്. ഇവരിൽനിന്ന് കോടികൾ കൈക്കലാക്കിയ യുവതി ആഡംബരജീവിതം നയിച്ചുവരികയായിരുന്നു.

പണം നിക്ഷേപിച്ചാൽ 21 ശതമാനം ലാഭവിഹിതമാണ് വാഗ്ദാനം ചെയ്തിരുന്നത്. സാമൂഹികമാധ്യമങ്ങളിൽ പരസ്യംനൽകിയാണ് ഇവർ ആളുകളെ ആകർഷിച്ചിരുന്നത്. പ്രിയങ്കയുടെ അമ്മ തങ്കമണി, സഹോദരൻ രാജീവ് എന്നിവരും തട്ടിപ്പിൽ പങ്കാളികളാണ്. ഇരുവരും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

പ്രിയങ്ക അറസ്റ്റിലായ വാർത്ത പുറത്തുവന്നതോടെ നിരവധിപേരാണ് യുവതിക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നത്. വരുംദിവസങ്ങളിൽ മറ്റുസ്റ്റേഷനുകളിലെ എഫ്.ഐ.ആറുകളിലും യുവതിക്കെതിരേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളുണ്ടാകുമെന്നാണ് വിവരം.

തിരുവമ്പാടി എസ്ഐ. സി.ആർ. അരവിന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എറണാകുളത്തുവെച്ച് പ്രിയങ്കയെ അറസ്റ്റു ചെയ്യുകയായിരുന്നു. 25 ലക്ഷം രൂപ തട്ടിപ്പു നടത്തിയതായി തിരുവമ്പാടി പൊലീസിൽ ലഭിച്ച പരാതിയിലാണ് അറസ്റ്റ്. കൊച്ചി കടവന്ത്രയിൽ ട്രേഡിങ് ബിസിനസ് സ്ഥാപനമുണ്ടെന്ന് പറഞ്ഞാണ് ആളുകളെ കബളിപ്പിച്ചത്. സെബിയുടെ അംഗീകാരമില്ലാതെ, ഒരു രജിസ്റ്റേഡ് സ്ഥാപനത്തിന്റെ കീഴിലല്ലാതെ പണം സമാഹരിക്കുകയും സ്വകാര്യ ആവശ്യങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

കേരളത്തിനകത്തും പുറത്തുമുള്ള പതിനാറോളം പേരുടെ കൈയിൽനിന്ന് കോടികൾ കൈപ്പറ്റിയിട്ടുണ്ട്. ഇതെല്ലാം ആഡംബരജീവിതം നയിക്കുകയായിരുന്നു. പ്രതിയുടെ അമ്മയും സഹോദരനായ രാജീവും ഭാവിവരനായ ഷംനാസും ഈ തട്ടിപ്പുസംഘത്തിലെ കണ്ണികളാണ്. ഇവർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഇവർക്കായി തിരച്ചിൽ ശക്തമാക്കി. പ്രിയങ്കയുടെപേരിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്, കരമന, കടവന്ത്ര ഉൾപ്പെടെ ഒട്ടേറെ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ്‌ചെയ്തു.