കൊച്ചി: ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്‌ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ. കേസെടുത്ത സാഹചര്യത്തിൽ ഇവർ പൊലീസ് നിരീക്ഷണത്തിലാണ്. കോടതി അനുമതിയോടെ മാത്രമേ ഇവരെ ഇന്ത്യയിൽ നിന്നും പോകാൻ അനുവദിക്കൂ. ഐപിസി 153ാം വകുപ്പു പ്രകാരം ഇരു വിഭാഗങ്ങൾ തമ്മിൽ സ്പർധ സൃഷ്ടിക്കുന്ന വിധത്തിലുള്ള പ്രവൃത്തികളുടെ പേരിലാണ് കേസ്. ഫോർട്ട് കൊച്ചിയിൽ ഇവർ താമസിക്കുന്ന ഹോം സ്റ്റേയിൽ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പ്രതിഷേധങ്ങൾക്കൊടുവിലാണ് കേസെടുത്തത്.

പുതുവർഷത്തിൽ സ്ഥാപിച്ചതാണ് ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ എന്ന് പൊലീസ് പറഞ്ഞു. ' അനുമതിയില്ലാതെയാണ് പോസ്റ്ററുകൾ പതിച്ചത്. തദ്ദേശ ഭരണ സ്ഥാപമാണ് അത്തരം അനധികൃത പോസ്റ്ററുകൾ നീക്കേണ്ടതെന്നും പൊലീസ് വ്യക്തമാക്കി. യുവതികളെ ആവശ്യമെങ്കിൽ കോടതിയിൽ ഹാജരാക്കുമെന്നും എസിപി കെ.ആർ. മനോജ് വ്യക്തമാക്കി. ടൂറിസ്റ്റ് വീസയിൽ എത്തുന്നവർ ഒരിക്കലും ഇത്തരം പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കരുതെന്ന് നിയമമുണ്ടെന്നാണ് പരാതിക്കാരുടെ വാദം. അതുകൊണ്ട് തന്നെ ഇവരുടെ മടക്ക യാത്രയ്ക്കുള്ള അനുമതിയിൽ കോടതി നിർദ്ദേശവും നിർണ്ണായകമാകും.

തിങ്കളാഴ്ച വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ടൂറിസ്റ്റ് വീസയിലെത്തിയ ജൂത വംശജരായ രണ്ടു സ്ത്രീകൾ കീറിയിട്ടിരിക്കുന്ന ഫലസ്തീൻ അനുകൂല പോസ്റ്ററുകൾക്കടുത്ത് നിൽക്കുന്നതായിരുന്നു ദൃശ്യങ്ങളിലുള്ളത്. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓർഗനൈസേഷൻ (എസ്‌ഐഒ) പ്രവർത്തകരാണ് ഇവിടെ പോസ്റ്റർ ഉയർത്തിയത്.

എസ്‌ഐഒ പ്രവർത്തകർ യുവതിക്കെതിരെ പരാതി നൽകി. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച അർധരാത്രി കഴിഞ്ഞും പ്രവർത്തകർ സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. ഒടുവിൽ പൊലീസ് കേസെടുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചകൾക്കും സംഭവം വഴിവച്ചു. ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ആരോപണവിധേയരുടെ പേരുകൾ പരാമർശിക്കുന്നില്ല. എന്നാൽ,സമൂഹത്തിൽ കലാപമുണ്ടാക്കാനായി പ്രകോപനം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവൃത്തിയെന്ന പേരിൽ ഐപിസി 153 ാം വകുപ്പ് പ്രകാരമാണ് കേസ്. പൊലീസ് സ്റ്റേഷനിൽ നിന്ന് തന്നെ ഇവരെ ജാമ്യം നൽകി വിട്ടയച്ചു.

പൊലീസ് പരാതിയിൽ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് എസ്ഐഒ പ്രവർത്തകർ ചൊവ്വാഴ്ച രാത്രി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പൊലീസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. കേസെടുക്കാതെ പിരിഞ്ഞുപോകില്ലെന്ന് നിർബന്ധം പിടിച്ചതോടെ, അർദ്ധരാത്രിയോടെ പൊലീസ് കേസെടുക്കാൻ സമ്മതിക്കുകയായിരുന്നു. ഷിലാൻസിയ, കൂടെയുണ്ടായിരുന്ന മറ്റൊരു യുവതി എന്നിവർക്കെതിരേയാണ് കേസ്.

തിങ്കളാഴ്ച രാത്രിയോടെയാണ് യുവതികൾ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ കീറിയത്. എസ്‌ഐ.ഒ. കൊച്ചി ഏരിയ കമ്മിറ്റി ഫോർട്ട്‌കൊച്ചി കടപ്പുറത്തും കമാലക്കടവിലും വെച്ചിരുന്ന ബോർഡുകളാണ് കീറിയത്. ഇവർ ബോർഡ് കീറിയപ്പോൾ തന്നെ കുറച്ച് ചെറുപ്പക്കാർ പ്രതിഷേധവുമായെത്തിയിരുന്നു. ഷിലാൻസിയ ഇവരുമായി തർക്കിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

അതേസമയം, മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത പറഞ്ഞതായി പൊലീസ് പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.