തിരുവല്ല: സിനിമാ മോഹികള്‍ കബളിപ്പിക്കപ്പെട്ട സംഭവങ്ങള്‍ നിരവധിയുണ്ട്. ഇപ്പോഴും സമാനമായ തട്ടിപ്പുകള്‍ തുടരുകയാണ്. സിനിമയില്‍ പ്രതിനായക വേഷം വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്ന നിര്‍മാതാവ് അറസ്റ്റില്‍. മാസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത 'തിറയാട്ടം' എന്ന സിനിമയിലെ പ്രധാന നടനും നിര്‍മാതാവുമായ ആലപ്പുഴ തുറവൂര്‍ വളമംഗലം നോര്‍ത്ത് വടിത്തറ വീട്ടില്‍ ജോജോ ഗോപിയാണ് അറസ്റ്റിലായത്. അധ്യാപകനും തിരുവല്ലയില്‍ താമസക്കാരനുമായ ടിജോ ഉപ്പുതറയുടെ പരാതിയിലാണ് നടപടി.

സിനിമയില്‍ റോള്‍ വാഗ്ദാനം ചെയ്തു പണം വാങ്ങി, തിരിച്ചു ചോദിച്ചപ്പോള്‍ നല്‍കിയില്ല തുടങ്ങിയ പരാതികളാണ് എത്തിയത്. കണ്ണൂരിലും ചേര്‍ത്തലയിലുമായി ഷൂട്ട് ചെയ്ത സിനിമയില്‍ ചെറിയ വേഷം തേടിയാണ് നടന്‍ കൂടിയായ ടിജോ ഉപ്പുതറ കണ്ണൂര്‍ പിണറായിയിലെ ലൊക്കേഷനില്‍ എത്തിയത്. നായക തുല്യമായ പ്രതിനായക വേഷം നല്‍കാമെന്ന് ടിജോക്ക് ജോജോ വാഗ്ദാനം നല്‍കി. ഷൂട്ടിങ് പുരോഗമിക്കവേ, സാമ്പത്തിക ഞെരുക്കത്തിലാണെന്നും സിനിമ റിലീസായ ശേഷം മടക്കി നല്‍കാമെന്നും പറഞ്ഞ് പലപ്പോഴായി 10 ലക്ഷത്തോളം രൂപ ജോജോ ടിജോയില്‍നിന്ന് കൈപ്പറ്റി.

തുടര്‍ന്ന് ചിത്രീകരണത്തിനായി ഒരു മാസത്തോളം ടിജോ ലൊക്കേഷനില്‍ തങ്ങി. എന്നാല്‍, സിനിമ റിലീസായപ്പോഴാണ് തീരെ ശ്രദ്ധിക്കപ്പെടാത്ത ഏതാനും ഷോട്ടുകളില്‍ മാത്രമായി തന്റെ കഥാപാത്രം ചുരുങ്ങിയതായി ടിജോ മനസ്സിലാക്കിയത്. സംവിധായകനും താനും ഉള്‍പ്പെടെയുള്ള ടീം അംഗങ്ങള്‍ പ്രീ റിലീസിങ് വേളയില്‍ കണ്ട സിനിമയില്‍ ഇങ്ങനെ ആയിരുന്നില്ലെന്നും എന്നാല്‍ പിന്നീട് തന്റെ കഥാപാത്രത്തെ അപ്രസക്തമായ സീനുകളില്‍ ഒതുക്കിയതായും ടിജോ പറയുന്നു. ഇതോടെ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് ടിജോ തിരുവല്ല പൊലീസില്‍ പരാതി നല്‍കി.

അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ രജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. കോടതി നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തുകയും ചേര്‍ത്തലയിലെ വാടകവീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ജോജോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.