- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട്ട് പാഴ്സൽ ലോറിയിൽ കടത്തിയ വൻ പാൻ മസാല ശേഖരം പിടികൂടി; ഡ്രൈവർ കാബിനിൽ ഒളിപ്പിച്ചിരുന്നത് 31,800 പാക്കറ്റ് പാൻ മസാല; ഡ്രൈവർ അറസ്റ്റിൽ; മംഗലാപുരത്ത് നിന്ന് കയറ്റിയ ചരക്ക് എത്തിക്കാൻ ലക്ഷ്യമിട്ടിരുന്നത് കോഴിക്കോട്ട്
കാസർകോട്: മേല്പറമ്പ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ വൻതോതിൽ നിരോധിത ലഹരി വസ്തുക്കൾ പിടികൂടി. കാർഗോ കണ്ടെയ്നർ ലോറി കസ്റ്റഡിയിലെടുത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
മേല്പറമ്പ കാസർകോട് ജില്ലാ പൊലീസ് നടപ്പിലാക്കി വരുന്ന 'ഓപ്പറേഷൻ ക്ലീൻ കാസർഗോഡ്' പദ്ധതിയുടെ ഭാഗമായിരുന്നു റെയ്ഡ്. മേല്പറമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ, ചട്ടഞ്ചാൽ ദേശീയപാതയിൽ തിങ്കളാഴ്ച രാത്രി മേല്പറമ്പ സിഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയിൽ കാർഗോ കണ്ടെയിനർ ലോറിയിൽ ചാക്ക് കെട്ടുകളിൽ നിറച്ച് കടത്തിയ നിരോധിത പാന്മസാലയുടെ വൻ ശേഖരം പിടികൂടി.
ചാക്കു കെട്ടുകളിലായി സൂക്ഷിച്ച മുപ്പത്തി ഒന്നായിരത്തി എണ്ണൂറ് എണ്ണം നിരോധിത പാന്മസാല പുകയില ഉല്പന്നങ്ങൾ അടങ്ങിയ പാക്കറ്റുകൾ പിടികൂടി. കേരള പൊലീസ് ആക്റ്റ് പ്രകാരം കേസെടുത്തു.
മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് കമ്പനി പാഴ്സൽ കൊണ്ടുപോകുന്ന NL 01 AE 7898 നമ്പർ കാർഗോ കണ്ടെയിനർ ലോറിയുടെ ഡ്രൈവർ കാബിനിലാണ് പാന്മസാല ചാക്കു കെട്ടുകൾ കയറ്റിയിരുന്നത്. ലോറി ഡ്രൈവർ കർണാടക സ്വദേശിയായ സിദ്ധലിംഗപ്പ, ( 39), വിജയപൂർ , ഗാന്ധി ചൗക്ക് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ചോദ്യം ചെയ്തതിൽ പാന്മസാല പാക്കറ്റുകൾ ചാക്കുകളിലാക്കി മംഗലാപുരത്ത് നിന്നും ഒരാൾ കയറ്റി വിട്ടതാണെന്നും കോഴിക്കോട് ഇറക്കിയാൽ മൂവായിരം രൂപ കടത്തുകൂലി കിട്ടുമെന്നും ഡ്രൈവർ പൊലീസിനോട് സമ്മതിച്ചു. പാഴ്സൽ കമ്പനി അധികൃതർ അറിയാതെയാണ് ലോറി ജീവനക്കാർ ഇത്തരം അനധികൃത കടത്ത് നടത്തുന്നതെന്ന് കരുതുന്നു.
വാഹന പരിശോധനയിൽ സിഐ ടി ഉത്തംദാസിനൊപ്പം മേല്പറമ്പ സ്റ്റേഷനിലെ ഹിതേഷ്, കലേഷ്, വിജേഷ്, ലനീഷ്, സുഭാഷ്, സക്കറിയ എന്നീ പൊലീസുദ്യോഗസ്ഥരും പങ്കെടുത്തു. ലഹരി കടത്തുകൾ പിടികൂടുന്നതിന് കാസർഗോഡ് ജില്ല പൊലീസ് മേധാവി ഡോ വൈഭവ് സക്സേന ഐ പി എസ് എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും കർശനമായ വാഹന പരിശോധനകൾ നടത്തുവാൻ നിർദ്ദേശം നല്കിയിരുന്നു. ഇനിയും കർശന പരിശോധനകൾ തുടരുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്