വിശാഖപട്ടണം: രഹസ്യ വിവരത്തിൽ നടത്തിയ പരിശോധനയിൽ സ്പാ സെൻ്ററിൻ്റെ മറവിൽ പെൺവാണിഭം നടത്തിയ സംഘം പോലീസിന്റെ പിടിയിൽ. വിശാഖപട്ടണം വി.ഐ.പി റോഡിൽ പ്രവർത്തിക്കുന്ന 'ഓർക്കിഡ് വെൽനസ് ആൻഡ് സ്പാ സെൻ്ററി'ൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. സംഭവത്തിൽ സ്പാ നടത്തിപ്പുകാരായ രണ്ടുപേരെയും ഒരു ഇടപാടുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു. സ്പാ നടത്തിപ്പുകാരായ കല്ലുരു പവൻകുമാർ (36), ജന ശ്രീനിവാസ് (35) എന്നിവരെ കസ്റ്റഡിയിലെടുത്തു.

ഇവരിൽ നിന്ന് ഒൻപത് യുവതികളെ പോലീസ് മോചിപ്പിക്കുകയും കരുത്തലിലാക്കുകയും ചെയ്തു. വിശാഖപട്ടണം സിറ്റി പോലീസിൻ്റെ ടാസ്ക് ഫോഴ്സാണ് കഴിഞ്ഞ ദിവസം വൈകീട്ട് സ്പാ സെൻ്ററിൽ പരിശോധന നടത്തിയത്. സ്പാ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നെന്ന വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. കാശിറെഡ്ഡി അരുൺ കുമാർ, രാഹുൽ എന്നിവരുടെ പേരിലാണ് സ്പാ സെൻ്ററിൻ്റെ ലൈസൻസ് നിലവിലുള്ളത്.

ഇവർക്കായി അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇടപാടുകാരിൽ നിന്ന് 3000 രൂപയാണ് അനാശാസ്യ പ്രവർത്തനങ്ങൾക്കായി ഈടാക്കിയിരുന്നതെന്നും പോലീസ് പറഞ്ഞു. റെയ്ഡിൽ മൂന്ന് മൊബൈൽ ഫോണുകളും 7000 രൂപയും പോലീസ് പിടിച്ചെടുത്തു. സ്പാ സെൻ്ററുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.