ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇന്ന് രാവിലെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ജനം തെരുവിൽ ഇറങ്ങിയതോടെയാണ് സംഘർഷമുണ്ടായത്. വൈകിട്ട് ഏഴു മണിയോടെ ഇംഫാൽ നഗരത്തിലാണ് വൻസംഘർഷമുണ്ടായത്. രാജ്ഭവനു മുന്നിലും ബിജെപി ഓഫിസിനു മുന്നിലും സംഘർഷം ശക്തമായതിനെ തുടർന്നു പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

കാങ്‌പോക്പിയിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ഇംഫാൽ മാർക്കറ്റ് ഏരിയയിലെത്തിയ ആയിരത്തിലധികം വരുന്ന മെയ്‌തെയ് ജനക്കൂട്ടം കലാപം സൃഷ്ടിച്ചതിനെത്തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. റോഡുകളും മറ്റും ടയറുകൾ കൂട്ടിയിട്ട് തീയിട്ട് തടഞ്ഞിരിക്കുകയാണ്. പ്രതിഷേധക്കാർ പൊലീസ് നടപടിയെ തുടർന്ന് പിന്മാറി. ഇപ്പോൾ കാര്യങ്ങൾ നിയന്ത്രണ വിധേയമാണ്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ ഇംഫാലിലുള്ളപ്പോഴാണ് ഏറ്റുമുട്ടൽ നടക്കുന്നത്. അതേസമയം, കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അദ്ദേഹം സുരക്ഷിതനാണ്. എന്നാൽ താൻ താമസിക്കുന്ന ഹോട്ടലിന് ചുറ്റും വെടിയൊച്ച കേൾക്കുന്നതായി സ്ഥലത്തുള്ള സിപിഐ നേതാവ് ആനി രാജ പറഞ്ഞു. പുറത്തെന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമല്ല. ഹോട്ടലിന് പുറത്ത് നിന്നും വെടിയൊച്ച കേൾക്കാം. സർക്കാർ വിഷയത്തിൽ കൃത്യമായി ഇടപെടുന്നില്ലെന്നും ആനി രാജ ആരോപിച്ചു.

ഇതിനിടെ വൈകീട്ട് നാല് മണിയോടെ ഹരോതെൽ ഗ്രാമത്തിൽ വീണ്ടും വെടിവയ്‌പ്പുണ്ടായി. കാങ്‌പോക്പി ജില്ലയിൽ സൈന്യവും കലാപകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് രാവിലെ ഒരാൾ കൊല്ലപ്പെട്ടത്. കുക്കികളുടെ ഗ്രാമമായ ഹരോതെലിൽ ആക്രമണമുണ്ടായതോടെ ഇന്ന് രാവിലെ 5.30നാണ് സൈന്യം ഇവിടെ എത്തിയത്. സൈന്യത്തിനുനേരെ ആയുധധാരികൾ വെടിവയ്ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. വെടിവയ്‌പ്പ് രൂക്ഷമായതോടെ കൂടുതൽ സൈന്യം സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. രാവിലെ 9 മണിവരെ ഏറ്റുമുട്ടൽ തുടർന്നു. മെയ്‌തെയ് വിഭാഗത്തിൽപ്പെട്ടയാളാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേർക്ക് പരുക്കേറ്റതായും സൈനിക വക്താവ് അറിയിച്ചു.

അതേ സമയം, കലാപം നടക്കുന്ന മണിപ്പൂർ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞത് രാവിലെ സംഘർഷത്തിൽ കലാശിച്ചു. ആയുധധാരികളുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാൽ, വ്യോമമാർഗം പോകണമെന്ന് പൊലീസ് നിലപാട് അറിയിച്ചതോടെ കോൺഗ്രസ് പ്രവർത്തകരുമായി വാക്കുതർക്കമുണ്ടായി. പ്രതിഷേധം നേരിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഹെലികോപ്ടറിലാണ് പിന്നീട് രാഹുൽ ചുരാചന്ദ്പൂരിൽ എത്തിയത്. കലാപ ബാധിതർ കഴിയുന്ന ക്യാമ്പുകൾ രാഹുൽ സന്ദർശിച്ചു.

മണിപ്പൂർ സർക്കാർ തന്നെ തടഞ്ഞത് ദൗർഭാഗ്യകരമെന്നായിരുന്നു രാഹുൽഗാന്ധിയുടെ ആദ്യ പ്രതികരണം. മണിപ്പൂരിലെ സഹോദരി സഹോദരന്മാരെ കേൾക്കാനാണ് വന്നത്. എല്ലാ വിഭാഗക്കാരും സ്‌നേഹത്തോടെ സ്വീകരിച്ചു. മണിപ്പൂരിന് സാന്ത്വനം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു.