കണ്ണൂർ: കണ്ണൂരിൽ സ്‌കൂൾ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.പെരളശ്ശേരി ഗവ ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഐവർ കുളന്നെ സ്വപ്നക്കൂട് പ്രവീണിന്റെ മകൾ റിയ പ്രവീൺ (13) ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ സ്‌കൂളിലും വിദ്യാർത്ഥിനിയുടെ വീട്ടിലും സന്ദർശിച്ചിരുന്നു. സ്‌കൂൾ അധികൃതർ, പൊലീസ്, രക്ഷിതാക്കൾ എന്നിവരുമായി അദ്ദേഹം സംസാരിച്ചു.

വിദ്യാർത്ഥിനിയുടെ ആത്മഹത്യ സംബന്ധിച്ച് അന്വേഷണം നടത്തി വരുന്നതായി ചക്കരക്കൽ സി ഐ ശ്രീജിത്ത് കോടേരി അറിയിച്ചു.കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ ഒരു അദ്ധ്യാപിക, ഒരു സഹപാഠി എന്നിവരെക്കുറിച്ച് പറയുന്നുണ്ട്.ഇവർക്ക് കുട്ടിയുടെ മരണത്തിൽ പങ്കുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം സംഭവത്തിൽ വിശദീകരണവുമായി പി.ടി. എ ഭാരവാഹികൾ രംഗത്തുവന്നിട്ടുണ്ട്. കുട്ടികൾ തമ്മിൽ ക്‌ളാസിൽ വെച്ചു ബെഞ്ചിൽ പേരെഴുതി വെച്ചതിനെ ചൊല്ലി തർക്കമുണ്ടായിരുന്നുവെന്നും ഇതുമായ് ക്കുന്നതിനായി റിയയും കൂട്ടുകാരികളും ശ്രമിച്ചപ്പോൾ ചുമരിലും ഡെസ്‌കിലും മഷി പുരണ്ടിരുന്നുവെന്നുമാണ് പി.ടി.എ ഭാരവാഹികൾ പറയുന്നത്. ഇതു ടീച്ചറുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ റിയയുൾപ്പെടെ നാലു കുട്ടികളോട് രക്ഷാകർതൃക്കാളെ കൊണ്ടുവന്നിട്ട് ക്‌ളാസിൽ കയറിയാൽ മതിയെന്നു പറഞ്ഞതായാണ് വിവരം.

എന്നാൽ 25000 രൂപ പിഴയടക്കാൻ പറഞ്ഞില്ലെന്നാണ് പി.ടി.എ മുൻ പ്രസിഡന്റ് പറയുന്നത്. സ്‌കൂൾ പ്രിൻസിപ്പാൾ ഈ കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നാണ് പറഞ്ഞത്. പ്രവീണിന്റെ ഏക മകളാണ് റിയ.എട്ടു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് മകളുണ്ടായത്. റിയ സ്‌കൂളിൽ നിന്നും വരുന്ന സമയത്ത് പ്രവീണും ലാബ് ടെക്‌നീഷ്യനായ ഭാര്യയും ജോലിക്ക് പോയിരുന്നു. സ്‌കൂളിൽ നിന്നും മടങ്ങുമ്പോൾ താൻ ചാവുമെന്ന് റിയ പറഞ്ഞതായി സഹപാഠികൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കുട്ടികൾ ഈ വിവരം സ്‌കൂൾ അധികൃതരെ അറിയിക്കാത്തതാണ് ദുരന്ത കാരണമായത്.

വ്യാഴാഴ്ച വൈകുന്നേരം സ്‌കൂൾ വിട്ടു വന്ന ശേഷമാണ് വീട്ടിലെ കിടപ്പുമുറിയിൽ റിയ ആത്മഹത്യ ചെയ്തത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് വച്ചു. പിന്നീട് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ സംസ്‌കരിച്ചു. നുറുകണക്കിനാളുകൾ അനുശോചനമറിയിച്ചു വീട്ടിലെത്തി.