- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുളിക്കീഴിൽ ചതുപ്പിൽ നിന്ന് കിട്ടിയ മൃതദേഹം ആറു മാസം പ്രായമുള്ള പെൺകുഞ്ഞിന്റേത്; അരയിൽ ജപിച്ച് കെട്ടിയ ചരട്; ധരിപ്പിച്ചിരുന്നത് ഡയപ്പറും ബനിയനും; യഥാർത്ഥ മരണകാരണം ഉറപ്പിക്കാൻ പോസ്റ്റ്മോർട്ടവും ഫോറൻസിക് പരിശോധനയും അനിവാര്യത; സിസിടിവി ദൃശ്യങ്ങളും നിർണ്ണായകമാകും; പുളിക്കീഴിൽ അന്വേഷണം തുടരുമ്പോൾ
തിരുവല്ല: പുളിക്കിഴ് ജങ്ഷന് സമീപത്തെ ചതുപ്പിൽ നിന്നും ലഭിച്ച മൃതദേഹം ആറു മാസം പ്രായമുള്ള പെൺകുഞ്ഞിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 12 മണിയോടെ ഫോറൻസിക് സംഘം എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം സംബന്ധിച്ച് കൂടുതൽ സൂചനകൾ ലഭിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആണ് ചതുപ്പ് നിലത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് റിപ്പോർട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ മരണകാരണം അടക്കം വ്യക്തമാകു എന്ന് ഡിവൈഎസ്‌പി പറഞ്ഞു.
മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം വരുമെന്ന് പുളിക്കീഴ് പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം ഇന്ന് പുലർച്ചെ മൂന്നുമണിയോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച മൃതദേഹം ഉച്ചയോടെ പോസ്റ്റുമോർട്ടം ചെയ്യും. മൃതദേഹത്തിന്റെ അരയിൽ ജപിച്ചു കിട്ടിയ കറുത്ത ചരട് ഉണ്ട്. ഡയപ്പറും ബനിയനും ധരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
കമിഴ്ന്നു കിടന്നിരുന്ന നിലയിൽ ഉള്ള മൃതദേഹത്തിന്റെ മുഖമടക്കം അഴുകിയിരുന്നു. ഇരു കാൽപാദങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ചതുപ്പിൽ നിന്നും ദുർഗന്ധം വമിച്ചതോടെ സമീപത്ത് പ്രവർത്തിക്കുന്ന സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും പ്ലാസ്റ്റിക് ചാക്കും കണ്ടെടുത്തിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെ തിരുവല്ല ഡിവൈഎസ്‌പി എസ് ആഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്ത് വീണ്ടും എത്തി വിശദ പരിശോധനകൾ നടത്തിയിരുന്നു.
മൃതദേഹം കിടന്നിരുന്ന സ്ഥലത്തിന് സമീപ മേഖലകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചുവരുന്നു. ജനത്തിരക്കേറിയ റോഡിന് സമീപത്തുള്ള ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നു മുതൽ അഞ്ചു ദിവസം വരെയെങ്കിലും പഴക്കമുള്ള മൃതദേഹത്തിലെ ഒരു കൈപ്പത്തിയും രണ്ട് കാൽപ്പത്തികളും നഷ്ടപ്പെട്ടനിലയിലാണ്. നായകൾ കടിച്ചെടുത്തതാണെന്നാണ് പൊലീസിന്റെ സംശയം.
സമീപത്തുതന്നെ ഒരു സിമന്റ് ചാക്കും ഉണ്ടായിരുന്നു. ഇതിനുള്ളിലാക്കി കൊണ്ടുവന്നിട്ടതാണെന്ന് കരുതുന്നു. പിന്നീട് നായ വലിച്ച് പുറത്തിട്ടു. കടപ്ര പഞ്ചായത്തിലെ ഒന്നാംവാർഡിൽ പുളിക്കീഴ് ജങ്ഷന് സമീപത്തെ വെയിറ്റിങ് ഷെഡിന്റെ പുറകിൽക്കൂടി ബോട്ടു ജെട്ടിയിലേക്കുള്ള വഴിയരികിലാണ് മൃതദേഹം കിടന്നത്. ഇതിനു സമീപത്തുള്ള ഗ്ലാസ് കടയിലെ ജീവനക്കാരൻ ദീപുവാണ് ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ കണ്ടത്.
ദുർഗന്ധം വന്നതിനെ തുടർന്ന് ഇയാൾ ചതുപ്പിലേക്ക് നോക്കുമ്പോൾ മാലിന്യത്തിനിടയിൽ കൈപ്പത്തി പൊങ്ങിനിൽക്കുന്നതായി കണ്ടു. പുളിക്കീഴ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്