- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പുല്ലാട് ജി ആൻഡ് ജി തട്ടിപ്പ്: അന്വേഷണ അട്ടിമറി ആരോപിച്ച് നിക്ഷേപകരും രംഗത്ത്
പത്തനംതിട്ട: ആയിരക്കണക്കിന് നിക്ഷേപകരിൽ നിന്നായി 300 കോടിയോളം രുപ നിക്ഷേപത്തട്ടിപ്പു നടത്തിയ കേസിൽ രണ്ടു പ്രതികളെ രക്ഷിക്കാൻ പൊലീസിന്റെ ഉന്നത തലത്തിൽ നിന്ന് ഇടപെടലെന്ന് ആക്ഷേപം. പൊലീസിന്റെ അട്ടിമറി ശ്രമം മനസിലാക്കിയ നിക്ഷേപകർ ഇന്നലെ കോയിപ്രം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. വിരമിച്ചവരും സർവീസിലുള്ളവരുമായ ചില ഐപിഎസുകാരുടെ സമ്പാദ്യവും ജി ആൻഡ് ജി ഫിനാൻസിലുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇവരുടെ നിക്ഷേപം തിരിച്ചു നൽകാൻ ഉടമകളുമായി ധാരണ ഉണ്ടായിട്ടുണ്ടത്രേ. ഇതിന് ഉടമകൾ വച്ച നിബന്ധനയാണ് മൂന്നാം പ്രതി സിന്ധു ജി. നായർ, നാലാം പ്രതി ലക്ഷ്മിരേഖ എന്നിവരെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കുകയെന്നത്. സിന്ധു ജി. നായർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ഹർജി നൽകിയിട്ടുണ്ട്. നാലാം പ്രതി ലക്ഷ്മിരേഖ വിദേശത്താണ്. ഇവരെ രണ്ടു പേരെയും പിടികൂടാൻ നിലവിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കവുമില്ല.
ഒന്നാം പ്രതി തെള്ളിയൂർ ശ്രീരാമസദനത്തിൽ ഗോപാലകൃഷ്ണൻ നായർ, മൂന്നാം പ്രതിയും മകനുമായ ഗോവിന്ദ് ജി. നായർ എന്നിവർ മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമായി ഫെബ്രുവരി 22 ന് പൊലീസിൽ കീഴടങ്ങിയിരുന്നു. ഈ കീഴടങ്ങലും ദുരൂഹമാണ്. ഇവർ ഉള്ള സ്ഥലത്ത് ചെന്ന് തിരുവല്ല ഡിവൈ.എസ്‌പി കൂട്ടിക്കൊണ്ടു വരികയും ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത കോയിപ്രം സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. ഇതിന് മുൻപ് ഉന്നത പൊലീസ് അധികാരികളുമായി ഉടമകൾ ചർച്ച ചെയ്ത് ധാരണയിൽ എത്തുകയും അച്ഛനെയും മകനെയും മാത്രം പ്രതികളാക്കി മറ്റു രണ്ടു സ്ത്രീകളെ ഒഴിവാക്കാനുമുള്ള ശ്രമങ്ങൾ നടന്നു വരികയുമായിരുന്നു.
പരാതിയുമായി നിക്ഷേപകർ ചെന്നപ്പോൾ ജില്ലാ പൊലീസ് മേധാവിയുടെ ഭാഗത്ത് നിന്നുമുണ്ടായ ചില പരാമർശങ്ങളാണ് സംശയത്തിന് ഇടനൽകിയത്്. ഇതോടെ നിക്ഷേപർക്കിടയിൽ സംശയമായി. അവർ നടത്തിയ അന്വേഷണത്തിലാണ് ചില ഐപിഎസുകാർക്ക് ഇവിടെ നിക്ഷേപമുണ്ടായിരുന്നുവെന്ന സംശയത്തിലേക്ക് എത്തിച്ചത്. നാടകത്തിന്റെ ഭാഗമായി പുരുഷന്മാരായ രണ്ടു പ്രതികൾ കീഴടങ്ങുകയും മറ്റ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യാനുള്ള നടപടി വൈകിപ്പിക്കുകയും ചെയ്തതോടെ നിക്ഷേപകർക്ക് അപകടം മണത്തു. അങ്ങനെയാണ് ഇന്നലെ നിക്ഷേപകർ കോയിപ്രം സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.
പുല്ലാട് ജി ആൻഡ് ജി ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ ഒളിവിലുള്ള രണ്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ ജനകീയ സൗഹൃദ സമിതിയുടെ നേതൃത്വത്തിൽ കോയിപ്രം പൊലീസ് സ്റ്റേഷൻ പടിക്കൽ പ്രതിഷേധ സമരം നടത്തി. സമരസമിതി പ്രസിഡന്റ് ജോൺ വർഗീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അശോക് കുറിയന്നൂർ, സജി കുഴവോംമണ്ണിൽ, ജോൺസൺ തോമസ് എന്നിവർ പ്രസംഗിച്ചു. ഡെയ്സി കോളഭാഗം, ലീലാമ്മ കുറിയന്നൂർ, സജി കോളഭാഗം എന്നിവർ നേതൃത്വം നൽകി.
പ്രതികളെ പിടികൂടുന്നതിൽ പൊലീസ് കാലതാമസം വരുത്തുന്നുവെന്നാരോപിച്ചായിരുന്നു മാർച്ച്. 300 കോടിയിലേറെ രൂപയുടെ നിക്ഷേപം സ്വീകരിച്ച ശേഷം പലിശയോ മുതലോ തിരിച്ചു കൊടുക്കാതെ ഉടമകൾ മുങ്ങുകയായിരുന്നു. ഇതിനിടെ മുൻകൂട്ടിയുള്ള തിരക്കഥ പ്രകാരം ഒന്നും മൂന്നും പ്രതികളായ തെള്ളിയൂർ ശ്രീരാമ സദനത്തിൽ ഗോപാലകൃഷ്ണൻ നായർ, മകൻ ഗോവിന്ദ് ജി. നായർ എന്നിവർ പൊലീസിൽ കീഴടങ്ങി. രണ്ടും നാലും പ്രതികളായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സിന്ധു ജി. നായർ, മരുമകൾ ലക്ഷ്മി രേഖ എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് സമരസമിതി പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ലക്ഷ്മിരേഖ വിദേശത്താണ്. സിന്ധു ജി. നായർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.
പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ഗോപാലകൃഷ്ണൻ നായരെയും മകൻ ഗോവിന്ദ് ജി നായരെയും കാലാവധി അവസാനിച്ചതിനെ തുടർന്ന് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. ഗോപാലകൃഷ്ണൻ നായരും മകൻ ഗോവിന്ദും ഫെബ്രുവരി 22 നാണ് പൊലീസിൽ കീഴടങ്ങിയത്.