- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ പിണങ്ങി മാറിത്താമസിച്ചത് പ്രദീപിന്റെ നിയന്ത്രണത്തിൽ; പ്രദീപിനെ കൈയിൽ കിട്ടിയപ്പോൾ തുരുതുരാ കുത്തി; മരണം ഉറപ്പിച്ചത് പുഞ്ചയിലെ ചെളിയിൽ ചവിട്ടിത്താഴ്‌ത്തി; പുല്ലാട്ടെ കൊലയ്ക്ക് പ്രേരണ ഭാര്യയുമായുള്ള അവിഹിതമെന്ന് പ്രതി വിനോദ്
പത്തനംതിട്ട: കോയിപ്രം പുല്ലാട് ഐരക്കാവ് പാറക്കൽ പ്രദീപ് കുമാറിനെ(40) കുത്തി വീഴ്‌ത്തിയ ശേഷം ചെളിയിൽ ചവിട്ടിത്താഴ്‌ത്തി കൊല്ലുകയായിരുന്നുവെന്ന് അറസ്റ്റിലായ പ്രതി കോയിപ്രം വരയന്നൂർ കല്ലുങ്കൽ മോൻസി എന്ന് വിളിക്കുന്ന വിനോദിന്റെ(46) കുറ്റസമ്മതം. തന്റെ ഭാര്യയുമായി പ്രദീപിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലയ്ക്ക് കാരണം. ഭാര്യയെയും കൊല്ലാൻ പദ്ധതിയുണ്ടായിരുന്നുവെന്നും പൊലീസിന് വിനോദ് മൊഴി നൽകി. കൊലയ്ക്ക് ഉപയോഗിച്ച കത്തി പ്രദീപിന്റെ വീടിന് പിന്നിലെ കുറ്റിക്കാട്ടിൽ നിന്നും ആ സമയം വിനോദ് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.
18 ന് രാത്രി 8.30 നാണ് കൊലപാതകമെന്ന് വിനോദ് പറയുന്നു. പ്രദീപിന്റെ കുമ്പനാട് ഐരക്കാവിലുള്ള പ്രദീപിന്റെ വീടിന് സമീപം വിനോദ് എത്തി മറഞ്ഞു നിന്നു. ഈ സമയം പ്രദീപ് വിനോദിന്റെ ഭാര്യയുമായി ഫോണിൽ സ്പീക്കറിൽ സംസാരിക്കുകയാണ്. ഇത് കേട്ട് കുറേനേരം നിന്ന വിനോദ് വീടിനു സമീപത്തുള്ള മുളങ്കാട്ടിൽ നേരത്തേ ഒളിപ്പിച്ചു വച്ചിരുന്ന കത്തിയുമെടുത്ത് വീടിന്റെ ഭിത്തിക്ക് മറഞ്ഞു ചെന്ന് പ്രദീപിന്റെ പുറത്ത് ആഞ്ഞു കുത്തുകയായിരുന്നു. ഭയന്നു പോയ പ്രദീപ് പ്രാണരക്ഷാർത്ഥം വീടിനു മുന്നിലെ ചതുപ്പുനിലത്തേക്ക് ഓടി. പിന്നാലെ ചെന്ന വിനോദ് ചതുപ്പിൽ കമിഴ്ന്നു വീണ പ്രദീപിന്റെ പുറത്തും വയറ്റിലും ആഴത്തിൽ പലതവണ കുത്തി മുറിവേൽപ്പിച്ചു. പത്ത് മിനിറ്റോളം തോളിൽ വലതുകാൽ കൊണ്ട് ചവുട്ടിപ്പിടിച്ച് മരണമുറപ്പിച്ചുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
കൊലയ്ക്ക് ഉപയോഗിച്ച കത്തി പ്രദീപിന്റെ വീടിനുപിന്നിലെ ആൾത്താമസമില്ലാത്ത പുരയിടത്തിലെ കുറ്റിക്കാട്ടിൽ നിന്നാണ് കണ്ടെടുത്തത്. കത്തിയുടെ പിടി കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു. പുല്ലാട് ജങ്ഷനിൽ മത്സ്യക്കച്ചവടം നടത്തുന്ന വിനോദ് മുൻപ് പ്രദീപുമായി അടുത്ത സൗഹൃദത്തിലായിരുന്നു. വിനോദിന്റെ ഭാര്യയും പ്രദീപുമായി അവിഹിത ബന്ധമുണ്ടായിരുന്നതും തന്നിൽ നിന്നുമകന്നു പ്രദീപിന്റെ നിയന്ത്രണത്തിൽ മാറിത്താമസിച്ചു കൊണ്ട് ഭാര്യ ബന്ധം തുടർന്നതും കൊലപാതകത്തിനുള്ള വിരോധ കാരണമായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വീടിനു സമീപത്തെ ശ്മശാനത്തിൽ പതുങ്ങിയിരിക്കുമ്പോഴാണ് വിനോദിനെ കസ്റ്റഡിയിലെടുത്തത്. തന്റെ കുടുംബം നശിപ്പിച്ച പ്രദീപിനെ കൊന്നശേഷം ഭാര്യയേയും കൊല്ലാനായിരുന്നു ഉദ്ദേശിച്ചതെന്ന് പ്രതി വെളിപ്പെടുത്തി.
മദ്യപിച്ചാൽ അപകടകാരിയായി മാറുന്ന വിനോദ് ഭാര്യയെയും കുട്ടികളെയും ഉപദ്രവിക്കുകയും അയൽവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നത് പതിവാണ്. ഇത് സംബന്ധിച്ച് ഭാര്യയുടെയും പരിസരവാസികളുടെയും പരാതികൾ നിലവിലുണ്ട്. അയൽവാസിയായ സ്ത്രീയെ അപമാനിച്ചതിനും മർദ്ദിച്ചതിനും ഇയാൾക്കെതിരെ ക്രിമിനൽ കേസുമുണ്ട്. 107 സിആർപിസി പ്രകാരമുള്ള നിയമനടപടികൾക്കായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ ഇയാൾക്കെതിരെ കോയിപ്രം പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. തിരുവല്ല ഡി വൈ എസ് പി എ അഷദിന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ കൈകൊണ്ടത്. പൊലീസ് സംഘത്തിൽ എസ് ഐ ജി ഉണ്ണിക്കൃഷ്ണൻ,എ എസ് ഐമാരായ സുധീഷ്, ഷിറാസ്, ബിജു, എസ് സി പി ഓ ഷബാന അഹമ്മദ്, സി പി ഓ സുജിത് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്