- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പൂണെ മോഡൽ അപകടം അഹമ്മദാബാദിലും!
അഹമ്മദാബാദ്: പുനെയിൽ പോർഷെ അപകടത്തിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല. രണ്ട് പേരുടെ ജീവനെടുത്ത അപകടം ഉണ്ടാക്കിയ കാർ ഓടിച്ച വ്യവസായിയുടെ മകനെ രക്ഷിക്കാൻ അന്ന് അധികാര കേന്ദ്രങ്ങളിൽ നിന്നും ഇടപെടൽ ഉണ്ടായി. ഇതെല്ലാം കടുത്ത വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതിന്റെ നടക്കും മാറും മുമ്പേ സമാനമായ രീതിയിൽ മറ്റൊരു അപകടവും ഉണ്ടായിരിക്കയാണ്.
ഗുജറാത്തിലെ അഹമ്മദാബാദിലാണ് 17-കാരൻ ഓടിച്ച ആഡംബര കാർ അപകടത്തിൽപ്പെട്ടത്. കാറിടിച്ച് പത്താംക്ലാസ് വിദ്യാർത്ഥിനിയായ 16-കാരിക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഹെബാത്പുർ സ്വദേശിയായ 17-കാരൻ ഓടിച്ച ഫോർച്യൂണർ കാറാണ് കാൽനടയാത്രക്കാരിയായ 16-കാരിയെ ഇടിച്ചുതെറിപ്പിച്ചത്. പെൺകുട്ടിയുടെ വീടിന് സമീപത്തായിരുന്നു അപകടം.
പരിക്കേറ്റ പെൺകുട്ടിയ നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. അതിനിടെ, കാറോടിച്ച 17-കാരൻ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇയാളെ തടഞ്ഞുവെയ്ക്കുകയായിരുന്നു. പിതാവിന്റെ പേരിലുള്ള കാറാണ് ലൈസൻസില്ലാതെ 17-കാരൻ ഓടിച്ചതെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. ഈ വർഷം പത്താം ക്ലാസ് പാസായ വിദ്യാർത്ഥിയാണ് പ്രതി. അതേസമയം, 17-കാരനെ കസ്റ്റഡിയിലെടുത്തെങ്കിലും സംഭവദിവസം രാത്രി വൈകുംവരെ പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകളിലുണ്ട്.
അപകടത്തിന് പിന്നാലെ 17-കാരന്റെ മാതാപിതാക്കളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ, 17-കാരന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയതായും പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ സിറ്റി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരോ ട്രാഫിക് ഡി.സി.പി.യോ തയ്യാറായില്ലെന്നും റിപ്പോർട്ടുകളിലുണ്ട്.
മെയ് 19-ന് മഹാരാഷ്ട്രയിലെ പുണെയിലുണ്ടായ വാഹനാപകടം ഏറെ ചർച്ചയായിരുന്നു. പിതാവ് സമ്മാനിച്ച പോർഷെ കാർ അതിവേഗത്തിലോടിച്ച 17-കാരനാണ് പുണെയിലും അപകടമുണ്ടാക്കിയത്. അപകടത്തിൽ യുവ എൻജിനിയർമാരായ രണ്ടുപേരാണ് മരിച്ചത്. അപകടത്തിന് പിന്നാലെ 17-കാരന് വിചിത്ര ഉപാധികളോടെ ജാമ്യം അനുവദിച്ചതും പ്രതിയെ രക്ഷിക്കാൻ ഡോക്ടർമാർ ഉൾപ്പെടെ കൂട്ടുനിന്നതും വാർത്തയായിരുന്നു. ഇതോടെ 17-കാരന്റെ ജാമ്യം റദ്ദാക്കി. കേസിൽ 17-കാരന്റെ പിതാവും മുത്തച്ഛനും അമ്മയും ഉൾപ്പെടെ അറസ്റ്റിലാവുകയുംചെയ്തു.